രാജ്യത്തിന്‍റെ ജി.ഡി.പി 4.3 ശതമാനമായി വർധിക്കും -ഐ.എം.എഫ്
text_fieldsമസ്കത്ത്: രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ഈവർഷം 4.3 ശതമാനമായി ഉയരുമെന്ന് ഐ.എം.എഫ് വിലയിരുത്തൽ. പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപാദനം വർധിച്ചതും എണ്ണയിതര വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതുമാണ് ജി.ഡി.പി വർധിക്കാൻ പ്രധാന കാരണം. ഐ.എം.എഫ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് ഒമാനിൽ 2020ലെ ജി.ഡി.പി താഴോട്ടായിരുന്നു. -3.2 ശതമാനമായിരുന്നു 2020ലെ ജി.ഡി.പി. 2021ൽ മുന്ന് ശതമാനമായി വർധിച്ചു. ഒമാൻ നടപ്പാക്കിയ ശക്തമായ വാക്സിനേഷൻ ശ്രമങ്ങൾ, സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക മേഖലയിൽ പുത്തനുണർവാണ് നൽകിയത്.
ഇത് രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതായും ഐ.എം.എഫ് വിലയിരുത്തി. എണ്ണ വില വർധന ഒമാന്‍റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. എണ്ണയിൽനിന്നുള്ള വരുമാനം ഉയർന്നതോടൊപ്പം ചെലവുകൾ കുറച്ചതും വാറ്റ് നടപ്പാക്കിയതും രാജ്യത്തിന്റെ സാമ്പത്തികമേഖലക്ക് അനുഗ്രഹമായിട്ടുണ്ട്. ബാങ്കിങ് മേഖലയും ആരോഗ്യകരമായ രീതിയിലാണ് മുന്നോട്ടുപോവുന്നത്. ഒമാൻ സെൻട്രൽ ബാങ്കിന്റെ നിരീക്ഷണവും ഉയർന്ന കരുതൽ നിക്ഷേപവും ബാങ്കിങ് മേഖലക്ക് അനുഗ്രഹമാണ്.
2022ലെ ആഗോള പണപ്പെരുപ്പം മൂന്നു ശതമാനമായി ഉയർന്നെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധം ഒമാന്‍റെ സാമ്പത്തികമേഖലയെ ചെറിയ തോതിൽ മാത്രമാണ് പ്രതികൂലമായി ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു നിശ്ചിത പ്രദേശത്ത് നിർണിത കാലയളവിൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജി.ഡി.പി. ഒരു രാജ്യത്തിന്റെ സാമ്പത്തികശേഷി അളക്കുന്നതിനുള്ള സൂചികയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.