റമദാൻ അടുക്കുന്നു; ഈത്തപ്പഴ വിപണി സജീവം
text_fieldsസുഹാർ: റമദാൻ അടുക്കാനിരിക്കെ രാജ്യത്ത് ഈത്തപ്പഴ വിപണി സജീവമായി. കോവിഡ് ഭീതിയിൽനിന്ന് മുക്തമായി പഴയതുപോലെ റമദാനെ വരവേൽക്കാൻ ഒരുങ്ങിയതോടെ മുമ്പത്തേക്കാൾ ഈത്തപ്പഴം മാർക്കറ്റിൽ എത്തിത്തുടങ്ങി. സ്വദേശി ഇനങ്ങൾക്കുപുറമെ സൗദി അറേബ്യ, ഇറാൻ, തുനീഷ്യ, യു.എ.ഇ എന്നിവിടങ്ങളിലെ ഈത്തപ്പഴങ്ങളാണ് മാർക്കറ്റിൽ വന്നുകൊണ്ടിരിക്കുന്നത്.
വിളവെടുപ്പ് കാലത്ത് ഒമാനിലുണ്ടായ മഴമൂലം ഇവിടങ്ങളിലെ ഈത്തപ്പഴം സുലഭമായി മാർക്കറ്റിൽ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ സൗദി ഈത്തപ്പഴം എത്തുന്നതുവരെ സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ മാർക്കറ്റ് സജീവമായിരുന്നില്ല. ഈ റമദാനിൽ സമൂഹ ഇഫ്താറുകളും ടെൻറുകളും ഉയരുമെന്ന വിശ്വാസത്തിൽ കച്ചവടക്കാരും നല്ല നിലയിൽ ഈത്തപ്പഴം സംഭരിക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള ഖലാസ് എന്ന് വിളിപ്പേരുള്ള ഒരിനത്തിനാണ് സ്വദേശികൾക്ക് പ്രിയം ഏറെയുള്ളത്. വിദേശികൾക്ക് ഇഷ്ടപ്പെടുന്നത് കറുത്ത ഈത്തപ്പഴമാണ്. സഫാവി, അജുവ, കുദരി എന്നിങ്ങനെയുള്ള സൗദി പഴത്തിനാണ്
മാർക്കറ്റ്. റമദാൻ ആഗതമാകുന്നതിനു മുമ്പുതന്നെ വിദേശികൾ നാട്ടിലേക്ക് കാർഗോ വഴി ഈത്തപ്പഴ അയച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇത്രയും വിപുലമായി നാട്ടിലേക്ക് ഈത്തപ്പഴം അയക്കുന്ന പ്രവണത ഉണ്ടായിരുന്നില്ലെന്ന് മസ്കത്ത് റുസൈയിൽ പഴം-പച്ചക്കറി മാർക്കറ്റിൽ ഈത്തപ്പഴം മൊത്തക്കച്ചവടം ചെയ്യുന്ന കൊയിലാണ്ടി സ്വദേശി കെ.സി. റഷീദ് പറഞ്ഞു. എയർ സീ കാർഗോ കമ്പനികൾ റമദാൻ കാലയളവിൽ ഏർപ്പെടുത്തുന്ന നിരക്കിളവ് ഉപയോഗപ്പെടുത്തിയാണ് കാർഗോയിൽ ഡ്രൈഫ്രൂട്ട് അടക്കം വിദേശികൾ നാട്ടിലേക്ക് പാർസൽ അയക്കുന്നത്.
ഷുഗർ രോഗികൾക്ക് മധുരം കുറവുള്ള സഫാവി, സഖായി എന്നീ ഇനങ്ങൾക്ക് സ്വദേശികൾക്കിടയിൽ നല്ല ഡിമാൻഡാണ്. കുദരി, സുക്കരി, അജുവ, അമ്പർ, ശലബി റബിയ എന്നിങ്ങനെ രുചിയിലും ആകൃതിയിലും വ്യത്യസ്തതയുള്ള നിരവധി സൗദി ഇനങ്ങളുണ്ട്. തുനീഷ്യൻ ഈത്തപ്പഴമായ ജസ്സായിരിയും മാർക്കറ്റിൽ വിറ്റുപോകുന്നുണ്ട്.
ഇറാനിൽനിന്ന് വരുന്ന കാരക്കപോലുള്ള കട്ടിയും വലുപ്പവുമുള്ള സഹദി ഈത്തപ്പഴം, മുസാഫാത്തി, മറിയം എന്നിവക്കും റമദാൻ കാലങ്ങളിൽ ആവശ്യക്കാറുണ്ടാകാറുണ്ടെന്ന് കച്ച വടക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.