പൊന്നോണ പുലരിയിൽ...
text_fieldsമസ്കത്ത്: നല്ല നാളേകളുടെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പൊന്നോണത്തെ വരവേൽക്കും. തിരുവോണത്തെ സ്വീകരിക്കാൻ എല്ലാവരെയും പോലെ മസ്‌കത്തിലെ പ്രവാസി സമൂഹവും എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മഹാമാരിയുടെ ഭീതിയിൽ അടച്ചിട്ട മുറികളിലും ഫ്ലാറ്റുകളിലും ഒതുങ്ങിപ്പോയ മലയാളിയുടെ ആഘോഷം ഇത്തവണ കൂടുതൽ കളറണിയും. ഓണം പ്രവൃത്തി ദിവസമാണെങ്കിലും ഇന്ത്യൻ സ്‌കൂളുകൾക്കു അവധിയായതും തൊട്ടടുത്ത ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങൾ ആണെന്നുള്ളത് കൂടി ആകുമ്പോൾ പ്രവാസികൾക്ക് ആഹ്ലാദപൂർവം ഓണം ആഘോഷിക്കുവാനുള്ള അവസരമാകും. ഇത്തവണ ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം താരതമേന്യ കുറവാണ്. വേനൽ അവധി കഴിഞ്ഞ് കുടുംബങ്ങൾ നാട്ടിൽനിന്നും മടങ്ങി എത്തിയിട്ട് ആഴ്ചകളെ ആയിട്ടുള്ളു എന്നുള്ളതും നാട്ടിലെ പ്രതികൂല കാലാവസ്ഥയുമാണ് പ്രധാന കാരണം. മസ്കത്ത് നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകൾ, തുണിക്കടകൾ എന്നിവടങ്ങളിൽ അഭൂതപ്പൂർവമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഹൈപ്പർ മാർക്കറ്റുകളിൽ നാട്ടിലേതിന് സമാനമായ ഓണച്ചന്തകൾ ക്രമീകരിച്ചിട്ടുണ്ട് . എന്നാൽ ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു വരുന്നു എന്നതിന്റെ തെളിവാണ് ഓണസദ്യകൾ നൽകുന്ന ഹോട്ടലുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് . ചെറിയ ഹോട്ടലുകൾ മുതൽ സ്റ്റാർ ഹോട്ടലുകൾ വരെ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ബാച്ചിലേഴ്‌സിന് പുറമെ കുടുംബങ്ങളും സദ്യക്കായി ഹോട്ടലുകളെ തന്നെ ആശ്രയിക്കുക ആണ്. ഇതിനു പുറമെ ഹൈപ്പർ മാർക്കറ്റുകളും ഓണസദ്യ പാർസലായി നൽകുന്നുണ്ട്.
ആഘോഷം നിലക്കുന്നില്ല...
തിരുവോണം കഴിഞ്ഞാൽ, തൊട്ടടുത്ത ദിവസം മുതൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിന് തുടക്കമാകും. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന ഓണാഘോഷ പരിപാടികൾ പൂർവാധികം ഭംഗിയായി കൊണ്ടാടാനുള്ള തിരക്കിൽ ആണ് വിവിധ സാമൂഹിക - സാംസ്കാരിക സംഘടനകൾ. നവംബർവരെ നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിനായി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് പുറമെ വിവിധ പ്രാദേശിക, കുടുംബ, പൂർവ വിദ്യാർഥി കൂട്ടായ്മകളും തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മലബാർ വിങ്ങിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് വാദികബീർ ഗോൾഡൻ ഒയാസീസിൽ നടക്കും. കോവിഡ് മഹാമാരി മൂലം സാമൂഹിക സേവനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മലബാർ വിങ്ങിന്റെ ആദ്യത്തെ പൊതുപരിപാടി കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം. രാവിലെ 11 മണിക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്‌ഘാടനം ചെയ്യും.
ഒമാനിലെ ഏറ്റവും വലിയ പ്രവാസി ഓണാഘോഷ കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഇത്തവണത്തെ ഓണാഘോഷം സെപ്റ്റംബർ 23 , 24 തീയതികളിൽ അൽ ഫലാജ് ഹോട്ടലിൽ നടക്കും. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര മുഖ്യാതിഥിയാകുന്ന ആഘോഷ പരിപാടി 24ന് വൈകുന്നേരം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്‌ഘാടനം ചെയ്യും.
നായർ സർവിസ് സൊസൈറ്റി ഒമാൻ ഘടകത്തിന്റെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ ഏഴ്,എട്ട് തീയതിതികളിൽ അൽ ഫലാജ് ഹോട്ടലിൽ നടക്കുക. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മുഖ്യാതിഥിയാകും. മന്നത്തു പത്മനാഭന്റെ പേരിൽ നൽകിവരുന്ന ഭാരത് കേസരി പുരസ്കാരം എം. ജയചന്ദ്രന് സമ്മാനിക്കും. ഇതിനു പുറമെ നിരവധി സാമൂഹിക - സാംസ്കാരിക കൂട്ടായ്മകൾ നടത്തുന്ന ഓണാഘോഷ പരിപാടികൾ വരുന്ന ആഴ്ചകളിൽ അരങ്ങേറും.
പ്രതീക്ഷയോടെ ഇവർ
ഡിസംബർ മാസം വരെ നീണ്ടുനിൽക്കുന്ന ഓണാഘോഷത്തോട് അനുബന്ധിച്ചു വിവിധ വ്യാപാര വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും കലാകാരന്മാരും, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ , മേക്കപ്പ് ആർട്ടിസ്റ്റുകൾ , സ്റ്റേജ് അലങ്കാര പരിപാടികൾ നടത്തുന്നവർ എല്ലാവരും പ്രതീക്ഷയിലും ആഹ്ലാദത്തിലും ആണ്. വിപുലമായ രീതിയിൽ ഓണസദ്യ ഒരുക്കുന്ന സംഘടനകൾ പേരുകേട്ട പാചകക്കാരെ നാട്ടിൽനിന്നും കൊണ്ടുവരുന്നുണ്ട്. എന്നാൽ, ചെറിയ തോതിൽ ആഘോഷ പരിപാടികൾ നടത്തുന്നവർ ഹോട്ടലുകളെ ആശ്രയിക്കുക ആണ് പതിവ്. അതിനാൽ, പല ഹോട്ടലുകളൂം ഇനിയുള്ള നാളുകളിൽ ഓണസദ്യ ഒരുക്കുന്ന തിരക്കിൽ ആയിരിക്കും. എന്തായാലും കഴിഞ്ഞ രണ്ടു വർഷത്തെ കോവിഡ് മൂലമുള്ള ക്ഷീണം ഇത്തവണത്തെ ഓണം പരിഹരിക്കും എന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.