ദുബൈ എക്സ്പോ ഒമാൻ ടൂറിസം മേഖലക്ക് ഉണർവാകും
text_fieldsമസ്കത്ത്: അറബ് മേഖലയിൽ ആദ്യമായി വിരുന്നെത്തുന്ന എക്സ്പോ 2020 ദുബൈയിൽ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഒമാൻ ടൂറിസം മേഖലയും പ്രതീക്ഷയിൽ. ഇരുനൂറോളം രാജ്യങ്ങളിൽ നിന്ന് സന്ദർശകരും പ്രതിനിധികളും എത്തിച്ചേരുന്ന എക്സ്പോ സെപ്റ്റംബർ 30ന് രാത്രിയാണ് ഉദ്ഘാടനം ചെയ്യപ്പെടുക.
യു.എ.ഇയുടെ അയൽ രാജ്യവും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള സ്ഥലവുമെന്ന നിലയിൽ ദുബൈയിലെത്തുന്ന സഞ്ചാരികളിൽ ചെറിയ ശതമാനമെങ്കിലും ഒമാനിലുമെത്തും.
ഇതിനു പുറമെ ഒക്ടോബറിൽ തുടക്കം കുറിക്കുന്ന ട്വൻറി20 ക്രിക്കറ്റ് വേൾഡ് കപ്പിെൻറ വേദി യു.എ.ഇയും ഒമാനുമാണെന്നതും ടൂറിസം മേഖലക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
നിലവിൽ ആയിരക്കണക്കിനാളുകൾ മാസന്തോറും യു.എ.ഇ അതിർത്തി കടന്ന് ഒമാനിലേക്ക് ടൂറിസ്റ്റുകളായി എത്തുന്നുണ്ട്. തിരക്കിട്ട ദുൈബെ അടക്കമുള്ള നഗരങ്ങളിൽ നിന്ന് ശാന്തമായ അന്തരീക്ഷം തേടുന്നവർ ഒമാനിലെ വിവിധ കേന്ദ്രങ്ങളാണ് സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത്. ദോഫാർ മേഖലയിലെ ഹരിതഭംഗി ആസ്വദിക്കാനും പൈതൃക പ്രദേശങ്ങൾ സന്ദർശിക്കാനും എത്തുന്നവരും ഏറെയാണ്. അയൽ രാജ്യത്ത് സാമ്പത്തിക മേഖലയിലുണ്ടാവുന്ന ഉണർവും പ്രതീക്ഷ നൽകുന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നിലവിൽ യു.എ.ഇയും ഒമാനും കോവിഡ് പ്രതിരോധത്തിൽ വളരെ മുന്നിട്ടുനിൽക്കുന്ന സാഹചര്യമായതിനാൽ വിദേശികൾക്ക് യാത്ര ചെയ്യാൻ മടിയുമില്ല.
എക്സ്പോ 2020 ദുബൈയിലെ ഒമാൻ പവലിയനും സന്ദർശകരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായിരിക്കും. 'അവസരങ്ങളുടെ തലമുറകൾ' എന്ന തീമിൽ രാജ്യം വിവിധ മേഖലകളിൽ തുറന്നുവെക്കുന്ന പുതുസാധ്യതകളെ പവലിയൻ പരിചയപ്പെടുത്തും. ടൂറിസത്തിനും വ്യാവസായിക മേഖലക്കും സവിശേഷതകളേറെയുള്ള ലക്ഷ്യസ്ഥാനമായി രാജ്യത്തെ ഉയർത്തിക്കാട്ടുക, അങ്ങനെ വിവിധ മേഖലകളിലുടനീളം നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്. 192രാജ്യങ്ങളുടെ പവലിയനുകളും വിവിധ കലാ-സാംസ്കാരിക പ്രകടനങ്ങളും വൈജ്ഞാനിക-വിനോദ പ്രദർശനങ്ങളും ദുബൈയിൽ എക്സ്പോക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ദുബൈ നഗരത്തിനും അബൂദബി എമിറേറ്റിനും ഇടയിലുള്ള 1083 ഏക്കർ സ്ഥലത്താണ് എക്സ്പോ നഗരി ഒരുങ്ങിയിട്ടുള്ളത്. 'മനസ്സുകൾ ചേർത്ത് ഭാവി സൃഷ്ടിക്കാം' എന്ന മുദ്രാവാക്യമാണ് മേള മുന്നോട്ടുവെക്കുന്നത്.
ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് രണ്ടരക്കോടി സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
ഒറ്റത്തവണ പ്രവേശനത്തിന് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആറു മാസത്തെ പാസിന് 495ദിർഹമും ഒരു മാസത്തെ പാസിന് 195ദിർഹവുമാണ് നിരക്ക്. 18വയസ്സിൽ താഴെയുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60 വയസ്സ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർഥികൾ എന്നിവർക്ക് എക്സ്പോ പ്രവേശനം സൗജന്യമാണ്. എക്സ്പോ വെബ്സൈറ്റായ expo2020dubai.com വഴി ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.