റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 216 കടന്നു
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് റിയാലിന് 216.30 രൂപ എന്ന നിരക്കിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ താഴ്ന്നിരുന്നു. ഡോളർ ശക്തി കുറഞ്ഞതായിരുന്നു അന്ന് രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. എന്നാൽ, ഏതാനും ദിവസമായി ഇന്ത്യൻ രൂപ തകർച്ച നേരിടുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞ് ഒരു ഡോളറിന് 83 രൂപയിലെത്തി. ഫെബ്രുവരി 20 ശേഷമുള്ള ഏറ്റവും മോശമായ ഇന്ത്യൻ രൂപയുടെ മൂല്യമാണിത്.
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ നിരവധി കാരണങ്ങളുണ്ട്. അസംസ്കൃത എണ്ണ വില വർധിച്ചതാണ് ഇതിൽ പ്രധാനം. കഴിഞ്ഞ രണ്ടുദിവസമായി അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഉയരുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച എണ്ണ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ 85.65 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില.
അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുകാരണം എല്ലാ ഏഷ്യൻ കറൻസികളും തകർച്ച നേരിടുന്നുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ച് ഡോളർ ഇൻഡക്സ് 104.4ൽ എത്തിയിരുന്നു. അടുത്തിടെ 34 പോയന്റ് വർധനയാണ് ഡോളർ ഇൻഡക്സിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം റിയാലിന്റെ വിനിമയ നിരക്ക് കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ 217.40 രൂപയാണ് റിയാലിന്റെ വിനിമയ നിരക്ക് കാണിക്കുന്നത്. എന്നാൽ, ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 216.30 രൂപ എന്ന നിരക്കാണ് നൽകുന്നത്. ആയിരം രൂപക്ക് 4.600 റിയാലാണ് നൽകേണ്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് റിയാലിന്റെ വിനിമയ നിരക്ക് 214.40 രൂപ വരെ താഴ്ന്നിരുന്നു.
പിന്നീട് ഉയർന്ന് നവംബർ 28ന് 216.40 രൂപവരെ എത്തി. എന്നാൽ, പിന്നീട് വിനിമയ നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞമാസം 15ന് വിനിമയ നിരക്ക് കുറഞ്ഞ് റിയാലിന് 215.10ൽ എത്തി. പിന്നീട് നിരക്ക് വർധിച്ച് കഴിഞ്ഞ മാസം 22ന് 215.80 രൂപ വരെ ആയിരുന്നു.
വിനിമയ നിരക്ക് റിയാലിന് 216 രൂപ കടന്നതോടെ നാട്ടിലയക്കാൻ വലിയ സംഖ്യയുമായി കാത്തിരുന്നവർ വിനിമയ സ്ഥാപനങ്ങൾ വഴിയും ഓൺലൈൻ പോർട്ടലുകൾ വഴിയും പണം അയക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ പണം ഒഴുകാൻ തുടങ്ങി. എന്നാൽ, വിനിമയ പോർട്ടലുകളിൽ വിനിമയ നിരക്ക് ഉയരുന്ന പ്രവണത കാണിക്കുന്നതുകാരണം ഇനിയും നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും. അതിനാൽ കൂടുതൽ നല്ല നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.