വിനിമയ നിരക്ക് ഉയരുന്നു, റിയാലിന് 214.50
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് ഒരു റിയാലിന് 214.50 രൂപയിലെത്തി. ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുക. വ്യാഴാഴ്ച ഒരു റിയാലിന് 214 രൂപ എന്ന നിരക്കാണ് നൽകിയത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയിരുന്നത്. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ പണം അയക്കാൻ കൂടുതൽ പേർ എത്തിയത് തിരക്ക് വർധിക്കാൻ കാരണമായി.
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് സന്തോഷം നൽകുന്നതാണ്. കുറച്ചു ദിവസമായി വിനിമയ നിരക്ക് താഴ്ന്നുനിൽക്കുകയായിരുന്നു. ജൂൺ 16ന് വിനിമയ നിരക്ക് 212.20 വരെ താഴ്ന്നിരുന്നു. ഈ മാസാദ്യത്തോടെയാണ് ഉയരാൻ തുടങ്ങിയത്. ഈ വർഷം മേയ് 22ന് വിനിമയ നിരക്ക് 215 തൊട്ടിരുന്നു. പിന്നീട് താഴേക്ക് വന്ന് 212ലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് വിനിമയ നിരക്ക് സർവകാല റെക്കോഡിലെത്തിയത്.
റിയാലിന് 215.50നടുത്താണ് അന്ന് നിരക്ക് എത്തിയത്. അമേരിക്കൻ ഡോളർ ശക്തിയായതാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. ഫെഡറൽ റിസർവ് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കാനിടയാക്കിയത്.
വ്യാഴാഴ്ച 82.60 രൂപയായിരുന്നു ഒരു ഡോളറിന്റെ വില. വെള്ളിയാഴ്ച രൂപയുടെ മൂല്യം എട്ടു പൈസ കുറഞ്ഞ് ഡോളറിന്റെ വില 82.68 രൂപയിലെത്തി. അസംസ്കൃത എണ്ണവില ഉയരുന്നതടക്കമുള്ള നിരവധി കാരണങ്ങളും ഡോളർ ശക്തമാവാൻ കാരണമായി. അമേരിക്കൻ ഫെഡറൽ റിസർവ് നടപ്പാക്കിയ പദ്ധതികളുടെ ഫലമായി അമേരിക്കൻ കറൻസികളുടെ മൂല്യം കണക്കാക്കുന്ന ഡോളർ ഇൻഡക്സ് 0.04 ശതമാനം ഉയർന്ന് 103.12 ശതമാനത്തിലെത്തിയിരുന്നു.
ലോകത്തിലെ ആറു രാജ്യങ്ങളുടെ മൂല്യത്തെ അപേക്ഷിച്ചാണ് ഡോളർ ഇൻഡക്സ് കണക്കാക്കുന്നത്. എണ്ണവില വർധിക്കുന്നതും വിനിമയ നിരക്ക് ഉയരാൻ കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണ വില 76.74 ഡോളറിലെത്തിയിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. പല സ്ഥാപനങ്ങളുടെയും ഓഹരികൾ ഉയർന്നുതന്നെയാണ് നിൽക്കുന്നത്.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ വിപണിയിൽ സജീവമായുണ്ട്. അതാണ് ഓഹരികൾ ഉയരാൻ പ്രധാന കാരണം. വ്യാഴാഴ്ച മാത്രം 2,641.05 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങി കൂട്ടിയത്.
ഇന്ത്യയിൽ വിദേശ നിക്ഷേപകരുടെ സാന്നിധ്യം ഓഹരി വിപണിയെ ശക്തിപ്പെടുത്തുമെങ്കിലും എണ്ണവില ഇനിയും ഉയരുകയാണെങ്കിൽ വിനിമയ നിരക്കും ഉയരാൻ കാരണമാകും. എന്നാൽ, സൗദി അറേബ്യയും മറ്റ് ഒപെക് അംഗരാജ്യങ്ങളും റഷ്യയും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത് അസംസ്കൃത എണ്ണവില വർധിക്കാനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.