ക്രിസ്മസിനെ വരവേൽക്കാൻ പ്രവാസി സമൂഹം ഒരുങ്ങി
text_fieldsമസ്കത്ത്: തിരുപ്പിറവിയുടെ ഓർമ പുതുക്കി നാളെ ക്രിസ്മസ്. ക്രിസ്മസിനെ വരവേൽക്കാൻ ഒമാനിലെ പ്രവാസി സമൂഹവും ഒരുങ്ങി. കോവിഡ് പശ്ചാത്തലത്തിൽ പൊലിമകളില്ലാതെയാണ് ഇൗ വർഷത്തെ ആഘോഷം. വിശ്വാസികൾക്ക് ക്രിസ്മസ് സമ്മാനമായി കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ക്രൈസ്തവ ദേവാലയങ്ങൾ തുറക്കാൻ മതകാര്യ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
ഒന്നര മീറ്റർ സാമൂഹിക അകലമടക്കം കർശനമായ ആരോഗ്യസുരക്ഷ നടപടിക്രമങ്ങൾ പാലിച്ചുവേണം ആരാധനകൾ നടത്താനെന്നാണ് അധികൃതരുടെ നിർദേശം. ആരാധനക്കെത്തുന്നവരുടെ വിവരങ്ങൾ ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണം. പള്ളികളുടെ ചുമതലയിൽ ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. അംഗങ്ങൾ കുറവുള്ള പള്ളികളിൽ മാത്രമാകും ക്രിസ്മസ് ആരാധനകൾ നടക്കുക. കൂടുതൽ അംഗങ്ങളുള്ള പള്ളികളിൽ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന കർമങ്ങൾ ഒാൺലൈനിൽ സംപ്രേഷണം ചെയ്യാനാണ് പദ്ധതി.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക പ്രയാസമാണെന്നത് കണക്കിലെടുത്താണ് ഇത്. ആരാധനകൾക്ക് നേതൃത്വം നൽകാൻ ഇക്കുറി നാട്ടിൽനിന്ന് ബിഷപ്പുമാർ എത്തുന്നില്ല. ക്രിസ്മസ് വിപണിയും സജീവമാണ്. ഫ്ലാറ്റുകളിലും വില്ലകളിലും പലരും ക്രിസ്മസ് ട്രീയടക്കം അലങ്കാര വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ട്. ബേക്കറികളിലും ഹൈപ്പർമാർക്കറ്റുകളിലുമെല്ലാം വൈവിധ്യമാർന്ന ക്രിസ്മസ് കേക്കുകളും വിപണിയിലെത്തിയിട്ടുണ്ട്. ഹൈപ്പർമാർക്കറ്റുകളിൽ ക്രിസ്മസ് ഉൽപന്നങ്ങൾക്കായി അലങ്കാരങ്ങളോടെ പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. പ്ലം കേക്കുകൾക്ക് ഇൗ വർഷം ആവശ്യക്കാർ കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വിദേശികൾ നാടുകളിലേക്ക് മടങ്ങിയതിനൊപ്പം പല കച്ചവട സ്ഥാപനങ്ങളും അടച്ചതുമാണ് ബിസിനസിനെ ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.