ബലിപെരുന്നാൾ അടുത്തു; ജുമാസൂഖ് ആളൊഴിഞ്ഞുതന്നെ
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള നാലാമത്തെ പെരുന്നാളും രണ്ടാമത്തെ ബലിപെരുന്നാളും അരികെയെത്തിയെങ്കിലും വാദികബീറിലെ ജുമാസൂഖ് ആളൊഴിഞ്ഞുതന്നെ. സാധാരണ പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ജനനിബിഡമാകുന്ന സൂഖാണിത്.
മസ്കത്തിൽ താമസിക്കുന്നവർക്ക് ഏറെ പരിചിതമാണ് വാദി അൽ കബീറിലെ ജുമാസൂഖ്. വെള്ളിയാഴ്ചകളിൽ മാത്രം സജീവമാകുന്ന ഈ ചന്തയിൽ ലഭിക്കാത്തതായി ഒന്നുമില്ല എന്നതാണ് സത്യം. പതിറ്റാണ്ടുകൾക്കു മുമ്പ് ഉപേക്ഷിച്ചതും പുതിയ തലമുറ കണ്ടിട്ടില്ലാത്തതുമായ നിരവധി വസ്തുക്കൾ ഇവിടെ കാണാനാകും. ഒരു ചന്ത എന്നതിലുപരി ഇതൊരു മ്യൂസിയം ആണെന്ന് ഒരർഥത്തിൽ പറയാം. ജുമാസൂഖിൽ കിട്ടാത്ത സാധനങ്ങൾ പിന്നെ എവിടെയും കിട്ടില്ല എന്നതാണ് യാഥാർഥ്യം.
ആഴ്ചയിൽ ഒരു ദിവസം മാത്രം സജീവമാകുന്ന ഈ ചന്ത രണ്ട് പെരുന്നാളുകൾക്കു മാത്രം ഒരാഴ്ച സജീവമായിരിക്കും. പ്രത്യകിച്ചും ബക്രീദിനു മുമ്പുള്ള പത്തുദിവസം ഈ ചന്ത സജീവമായി പ്രവർത്തിക്കും. ഈ പത്തു ദിവസവും ആടുമാടുകളുടെ വിൽപനയാണ് ഇവിടെ പ്രധാനമായി നടക്കുക. ഈ ദിവസങ്ങൾ മാടുകളെ വിൽക്കാനും വാങ്ങാനും വരുന്ന ആളുകളുടെ പ്രേത്യകിച്ചും ഉൾപ്രദേശങ്ങളിൽനിന്നും വരുന്നവരുടെ തിരക്കിനാൽ മുഖരിതമായിരിക്കും.
അതിനുപരി ഗതാഗതക്കുരുക്കും എല്ലാംകൊണ്ടും നാട്ടിലെ ഉത്സവപ്പറമ്പ് പോലെയിരിക്കും. മാടുകളുടെ വിൽപനയാണ് പ്രധാനമെങ്കിലും കോഫി ഷോപ്പുകൾ, ലഘു ഭക്ഷണശാലകൾ, മൃഗങ്ങളെ ബലിയർപ്പിക്കാൻ ആവശ്യമായ വസ്തുക്കൾ വിൽക്കുന്നവർ, മാടുകൾക്കുള്ള പുല്ലും വൈക്കോലും വിൽക്കുന്നവർ എല്ലാവർക്കും നല്ല കച്ചവടം ലഭിക്കുന്ന സമയമാണിത്. ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് ഈ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഒഴികെയുള്ളവർ ഈ വഴിയുള്ള യാത്ര ഒഴിവാക്കാറാണ് പതിവ്. തുണിത്തരങ്ങളും സുഗന്ധദ്രവ്യങ്ങളും പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങളും പാദരക്ഷകളുമെല്ലാം ഇവിടെ വിൽപനക്കുണ്ടാകും.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ അടച്ച ജുമാസൂഖ് പിന്നീടിതുവരെ തുറന്നിട്ടില്ല. ആ സമയത്ത് എല്ലാ സൂഖുകളും അടച്ചുവെങ്കിലും പിന്നീട് ഓരോന്നും തുറക്കുകയുണ്ടായി. എന്നാൽ, ജുമാസൂഖ് മാത്രം അടഞ്ഞുകിടക്കുന്നു. വെള്ളിയാഴ്ചകളിൽ ഏറെ സജീവമായിരുന്ന സെക്കൻഡ് ഹാൻഡ് കാർ വ്യാപാരം ഇന്ന് പേരിനുമാത്രം നടക്കുന്നുണ്ട്.
ഇവിടെ ചെറിയ കോഫി ഷോപ്പുകൾ നടത്തുന്ന വ്യാപാരികൾ ഏറെ നിരാശയിലാണെങ്കിലും പ്രതീക്ഷയിൽ തന്നെയാണ്. ജുമാസൂഖ് തുറക്കുമെന്നും പഴയ കാലത്തിലേക്ക് വരുമെന്നുമാണ് ഇവരുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.