ദുകമിലേക്കുള്ള വാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായി
text_fieldsമസ്കത്ത്: ദുകമിലേക്കുള്ള പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായി. 221 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ 98 ദശലക്ഷം റിയാൽ ചെലവിലാണ് പൂർത്തീകരിച്ചത്. സൈഹ് നിഹായ്ദ വാതക പാടത്തുനിന്നാണ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള പൈപ്പ്ലൈൻ നിർമിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ വിവിധ കമ്പനികൾക്ക് ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കാൻ ഇതുവഴി സാധിക്കുമെന്ന് പൈപ്പ്ലൈനിെൻറ പ്രവർത്തന ചുമതലയുള്ള ഒക്യു ഗ്യാസ് നെറ്റ്വർക്സ് കമ്പനി അറിയിച്ചു. പൂർണ ശേഷിയിലാണെങ്കിൽ ഒരു ദിവസം 25 ദശലക്ഷം ക്യുബിക്ക് മീറ്റർ വാതകമാണ് പൈപ്പ്ലൈൻ വഴി എത്തിക്കാൻ സാധിക്കുകയെന്ന് ഒക്യൂ ഗ്യാസ് നെറ്റ്വർക്സ് ജനറൽ മാനേജർ മൻസൂർ ബിൻ അലി അൽ ആബിദലി പറഞ്ഞു. 2016 ഒക്ടോബറിലാണ് പൈപ്പ്ലൈനിെൻറ നിർമാണ ജോലികൾ തുടങ്ങിയത്. ഇൗജിപ്ഷ്യൻ കരാറുകാരായ പെട്രോജെറ്റാണ് പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ചത്.
പൈപ്പ്ലൈൻ വഴിയുള്ള പ്രകൃതി വാതകത്തിെൻറ ആദ്യ ഉപഭോക്താക്കളിൽ ഒന്ന് ദുകം പവർ കമ്പനിയാണ്. ദുകമിലെ വൈദ്യുതി, ജല ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി സെൻട്രൽ യൂട്ടിലിറ്റീസ് കമ്പനിയുടെയും (മറാഫിക്ക്) ഗൾഫ് പസഫിക്ക് ഹോൾഡിങ് കമ്പനിയുടെയും സംയുക്ത സംരംഭമാണ്.480 ദശലക്ഷം ഡോളറാണ് ദുകം പവർ കമ്പനിയുടെ മൊത്തം നിക്ഷേപം. 326 മെഗാവാട്ടിെൻറ വൈദ്യുതി ഉൽപാദന പ്ലാൻറും 36,000 ക്യുബിക്ക് മീറ്റർ ജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറുമാണ് ഉള്ളത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ദുകം റിഫൈനറിയുടെ ആവശ്യങ്ങൾക്കായിരിക്കും പ്രാഥമികമായി ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.