പൈതൃക–സാംസ്കാരിക പദ്ധതികൾക്കായി സർക്കാർ 237 ദശലക്ഷം റിയാൽ ചെലവിട്ടു
text_fieldsമസ്കത്ത്: ഒമാനിലെ സാംസ്കാരിക പൈതൃക പദ്ധതികൾക്കായി 2019ൽ 237.1 ദശലക്ഷം റിയാൽ ചെലവിട്ടതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട്. 2019ൽ ഒാരോ കുടുംബവും സാംസ്കാരിക-വിനോദപരിപാടികൾക്കായി ശരാശരി 10.5 റിയാൽ ചെലവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. അറബ്, വിദേശ സംസ്കാരങ്ങൾ സമന്വയിപ്പിക്കുന്നതിലും ജനങ്ങൾക്കിടയിൽ സാംസ്കാരിക കൈമാറ്റം നടത്തുന്നതിനും ഒമാൻ മുന്തിയ പരിഗണനയാണ് നൽകുന്നത്.
സാംസ്കാരിക പൈതൃക മേഖലയിൽ 2015ൽ പത്ത് മ്യൂസിയങ്ങളുണ്ടായിരുന്നത് 2019ൽ 12 ആയി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. മ്യൂസിയങ്ങളിലെ സന്ദർശകരുടെ എണ്ണം 68.5 ശതമാനം ഉയർന്ന് 4.08 ലക്ഷമായി. 78 ശതമാനം സന്ദർശകരും നാഷനൽ മ്യൂസിയം, സുബൈർ മ്യൂസിയം, കുന്തിരിക്ക മ്യൂസിയം എന്നിവിടങ്ങളിലാണ് എത്തിയത്. മ്യൂസിയം ജോലിക്കാരുടെ എണ്ണം ഇതേ കാലയളവിൽ 25.6 ശതമാനം വർധിച്ച് 186ലെത്തി.
ഒമാനിലെ കോട്ടകളിലെ സന്ദർശകരുടെ എണ്ണത്തിൽ 2015-19 കാലയളവിൽ 71.2 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം 4.26 ലക്ഷമാണ് കോട്ടകൾ സന്ദർശിച്ചവരുടെ എണ്ണം. സംഗീത-നാടക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള തിയറ്ററുകൾ 13 എണ്ണമാണുള്ളത്. ഇതിലെ പരിപാടികൾ 132 ആയി ഉയർന്നു.
പരമ്പരാഗത കരകൗശല ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ 94 ശതമാനം വർധിച്ച് 348 ആയി. എന്നാൽ, കരകൗശല ഉൽപന്നങ്ങളുടെ വർക്ക്ഷോപ്പുകളുടെ എണ്ണം 21.6 ശതമാനം കുറഞ്ഞു. ഇൗ രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ എണ്ണം 34 ശതമാനം വർധിച്ച് 23,591 ആയതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.