കണ്ണൂരിൽനിന്ന് ഹാർമോണിയം കയറ്റി അയച്ചില്ല; സംഗീത കലാകാരന് എട്ടിന്റെ പണിയുമായി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: ഒമാനിൽ പരിപാടി അവതരിപ്പിക്കാനായെത്തിയെ കേരളത്തിൽനിന്നുള്ള സംഘത്തിന്റെ ഹാർമോണിയം കയറ്റി അയക്കാതെ കലാകാരനെ പ്രയാസത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനിലെ നിസ്വയിലെ ഇൻറർസിറ്റി ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി നടന്ന അലോഷ്യസിന്റെ സംഗീത നിശയിലെ കലാകാരനായ അനു പയ്യന്നൂരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പിടിപ്പുകേടുകൊണ്ട് ദുരിതത്തിലായത്. മേയ് 24ന് അർധരാത്രി 12ന് കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇദ്ദേഹം മസ്കത്തിലേക്ക് തിരിക്കുന്നത്. ഇവിടെ എത്തി ലഗേജ് നോക്കിയപ്പോഴാണ് ഹാർമോണിയം പാക്ക് ചെയ്ത ബോക്സ് മാത്രം വന്നിട്ടില്ലെന്ന് മനസ്സിലാകുന്നത്.
പിന്നീട് ബാഗേജ് ഓഫിസിൽ പോയി അന്വേഷിച്ചപ്പോൾ ബോക്സ് കണ്ണൂർ എർപോട്ടിൽനിന്നും കയറ്റി അയച്ചിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. ഉടൻ കണ്ണൂർ എർപോർട്ടിൽ ബന്ധപ്പെട്ടപ്പോൾ, ബോക്സ് അവിടെ ഉണ്ടെന്നും പിറ്റേദിവസം കയറ്റി അയക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്ന് അനു പറഞ്ഞു. സംഘാടകരുടെയും മറ്റും സഹായത്താൽ മറ്റൊരു ഹാർമോണിയം സംഘടിപ്പിച്ചാണ് ഇദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഒരു കലാകാരനോടും ഇത്തരത്തിലുള്ള പ്രവൃത്തി എയർ ഇന്ത്യ എക്സ്പ്രസ് ചെയ്യരുതെന്നും ഹാർമോണിയം കിട്ടാത്തതിനാൽ വെള്ളിയാഴ്ചത്തെ പരിപാടിയിൽ കലാകാരന്റെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്തുവെന്ന് അലോഷ്യസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. വിഷയം സാമൂഹമാധ്യമങ്ങളിലൂടെ അനു പയ്യന്നൂർ വിശദീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്ന് പലരും കമന്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.