ചൂട് കനക്കുന്നു; ആരോഗ്യ സുരക്ഷ ഉറപ്പാക്കണം
text_fieldsമസ്കത്ത്: ഒമാനിൽ പല ഭാഗങ്ങളിലും ചൂട് കനത്തു തുടങ്ങി. വിവിധയിടങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിവങ്ങളിൽ ചൂട് ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. പൊതുവെ മേയ് അവസാനത്തോടെ ചൂട് വർധിക്കാറുണ്ട്. ജൂൺ മാസത്തിൽ കൊടും ചൂടാണ് അനുഭവപ്പെടുക. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ബർക്കയിൽ 42.6 സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. റുസ്താഖിൽ 42.5 ഡിഗ്രിയും സുവൈഖിൽ 42.3 ഡിഗ്രിയും വാദി മഹാവിലിൽ 42.3 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച സീബിൽ 40 ഡിഗ്രി സെൽഷ്യസും അമീറാത്തിൽ 41 ഡിഗ്രിയും, ഇബ്രിയിലും സൂറിലും 43 ഡിഗ്രിയും സലാലയിൽ 33 ഡിഗ്രി ചൂടും അനുഭവപ്പെട്ടു. ഇപ്പോൾ ജബൽ ശംസിലാണ് തണുത്ത കാലാവസ്ഥ . ഇവിടെ 17 ഡിഗ്രി സെൽഷ്യസും സൈഖിൽ 26 ഡിഗ്രിയുമാണ് നിലവിലെ താപനില.
ആഗോള തലത്തിൽ അന്തരീക്ഷ താപം വർധിക്കുകയാണെന്നും ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പിലുണ്ട്. മനുഷ്യനിൽ നിരവധി മാനസിക പ്രശ്നങ്ങൾക്ക് കടും ചൂട് കാരണമാക്കും.
മരണം, ഹൃദയാഘാതം അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ വഴിയൊരുക്കും. ചൂട് കൂടുന്ന സഹചര്യത്തിൽ ഏറെ ജാഗ്രതപാലിക്കണമെന്നും മുൻ കരുതലുകൾ എടുക്കണമെന്നും റൂവി ബദർസമാ ഹോസ്പിറ്റൽ ഇൻന്റേണൽ മെഡിസിൻ വിഭാഗം തലവൻ ഡോ. ബഷീർ ആവശ്യപ്പെട്ടു. ചൂട് കാലം സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണക്കാര്യത്തിൽ ഏറെ ശുചിത്വം പാലിക്കണം.
ഷവർമ അടക്കമുള്ളവ കഴിക്കുമ്പോൾ ശ്രദ്ധപുലർത്തണം. വെള്ളം ധാരാളം കുടിക്കണം. വൃക്ക രോഗമുള്ളവർ, കല്ലിന്റെ അസുഖമുള്ളവർ എന്നിവർ നല്ല അളവിൽ വെള്ളം കുടിക്കണമെന്ന് ഡോ. ബഷീർ നിർദേശിച്ചു. ചൂടുകാലത്ത് പുറം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വെള്ളം ധാരാളം കുടിക്കുകയും രക്തസമ്മർദം അടക്കമുള്ള അസുഖമില്ലാത്തവാരാണെങ്കിൽ ഉപ്പും നാരങ്ങയും ചേർത്ത വെള്ളം ധാരാളം കുടിക്കുകയും വേണം.
പെപ്സി, കൊക്കകോള തുടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ ദാഹം വർധിപ്പിക്കുകയാണ് ചെയ്യുക. ചൂട് കാലത്ത് സാധാരണ വെള്ളമാണ് ഉത്തമം. അന്തരീക്ഷ ഊഷ്മാവിലുള്ള വെള്ളമാണ് കുടിക്കേണ്ടതെന്നും തണുത്ത വെള്ളം കുടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൂടിന് ശക്തി കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അതി രാവിലെയോ സൂര്യസ്തമയത്തിന് ശേഷമോ മാത്രം പുറത്തിറങ്ങുന്നത് ശീലമാക്കുക. വാഹനമില്ലാത്തവർ പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. പച്ചക്കറികളും പഴ വർഗങ്ങളും ദിനേന വാങ്ങുന്നതിന് പകരം മൂന്നോ നാലോ ദിവസത്തേക്കുള്ള ഒന്നിച്ച് വാങ്ങി ഫ്രഡ്ജിലും മറ്റും സൂക്ഷിക്കുക. അധികം പുറത്തിറങ്ങുന്നത് കുറക്കണമെന്നും ഡോ. ബഷീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.