ചൂട് കനക്കുന്നു; ഈത്തപ്പന പുഷ്പിച്ചു തുടങ്ങി
text_fieldsമത്ര: രാജ്യത്ത് ഉഷ്ണക്കാറ്റ് വീശാന്‍ തുടങ്ങിയതോടെ സീസണിലെ ഈത്തപ്പഴം പുഷ്പിച്ചു തുടങ്ങി. ഈത്തപ്പഴ കൃഷി, പരിചരണം, വിളവെടുപ്പ് ശേഷം വിപണനം തുടങ്ങിയ കാര്യങ്ങള്‍ സജീവമാകുന്നത് ചൂട് കാലാവസ്ഥയിലാണ്.
ഈത്തപ്പഴം പാകമാകാനും പഴുക്കാനും ചൂട് കാലാവസ്ഥയാണ് വേണ്ടത്. ഈ സമയങ്ങളിലാണ് തോട്ടങ്ങളിലും പാതയോരത്തുമെല്ലാമുള്ള ഈത്തപ്പഴ തൈകള്‍ പുഷ്പിക്കാറും കായ്ക്കാറുമുള്ളത്.
കര്‍ഷകര്‍ അതിനായുള്ള മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഈത്തപ്പഴവും അറബി സമൂഹവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പാതയോരങ്ങളില്‍ സ്വര്ണക്കളറുകളില് കുലച്ചുനിൽക്കുന്ന ഈത്തപ്പഴ മരങ്ങളുടെ കാഴ്ച മനോഹരമാണ്.
പാര്‍ക്കുകളിലും പാതയോരങ്ങളിലുമുള്ള ഇത്തരം ഈത്തപ്പഴങ്ങള്‍ പറിച്ച് ഭക്ഷിക്കുന്നതില്‍ വിലക്കുകളില്ല. പച്ച, ചുവപ്പ്, മഞ്ഞ ബ്രൗണ്‍ നിറങ്ങളിലുള്ള വിവിധ ഇനം ഈത്തപ്പഴങ്ങളാണുള്ളത്. സുക്കരി, അല്‍ ഖലാസ്, അല്ബിര്ണി, അല്സാഖ തുടങ്ങിയവയാണ് പ്രശസ്തമായ ഇനങ്ങൾ.
ഗള്‍ഫ് നാടുകളിലെ പ്രധാന നാണ്യവിളയാണ് ഈത്തപ്പഴം. ധാരാളം കാര്‍ബോ ഹൈഡ്രേറ്റ്, കാത്സ്യം, സോഡിയം, ഇരുമ്പ് സത്ത് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ ധാരാളം ലവണങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഔഷധഗുണമുള്ളവകൂടിയാണ്. പ്രവാസികള്‍ നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാന്‍ മറക്കാത്ത ഇനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈത്തപ്പഴം.
റമദാന് കാലങ്ങളില്‍ ഇഫ്താറിനും അത്താഴത്തിനും ഈത്തപ്പഴം കഴിക്കുന്നത് പ്രവാചക ചര്യകളില്പെടുന്നു. കഠിനമായ ചൂടില്‍ അറബികള്‍ ജീവിച്ചിരുന്ന കാലത്ത് ഈത്തപ്പഴവും ഒട്ടകപ്പാലും മാത്രമായിരുന്നു അവരുടെ ഭക്ഷണം.പുതിയ കാലത്തും പ്രധാന വരുമാനമാർഗവും ഈത്തപ്പഴ കൃഷിയിലൂടെ സാധ്യമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.