ചൂട് കനത്തു; മത്സ്യക്ഷാമം രൂക്ഷം
text_fieldsമത്ര: വേനല്‍ ചൂട് കനത്തതോടെ മത്സ്യക്ഷാമം രൂക്ഷം. അസ്ഥിര കാലാവസ്ഥയും ചൂടിന്റെ കാഠിന്യവും കാരണം മത്സ്യബന്ധനത്തിന് പോകുന്നവര്‍ കുറഞ്ഞതാണ് മത്സ്യം കിട്ടാക്കനിയായി മാറാന്‍ കാരണം. കൂടാതെ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും ലഭ്യതക്കുറവിന് കാരണമായി.ചൂട് അധികരിച്ചതോടെ ദിവസങ്ങളായി മീന്‍ നന്നേ കുറവാണ്. മത്ര അടക്കമുള്ള മത്സ്യ മാർക്കറ്റുകളിൽ കാലിയായി കിടക്കുന്ന തട്ടുകള്‍ കണ്ട് നിരാശയോടെയാണ് ഉപഭോക്താക്കള്‍ മടങ്ങുന്നത്. ഊണിന് മത്സ്യം നിര്‍ബന്ധ ശീലമുള്ള മലയാളികളെയാണ് മത്സ്യങ്ങളുടെ ലഭ്യതക്കുറവ് ഏറെ വലക്കുന്നത്.
മലയാളികളുടെ ഇഷ്ട വിഭവമായ അയല, മത്തി പോലുള്ളവപോലും ലഭ്യമല്ല. വാള, പുതിയാപ്പിള കെറ്റില മീന്‍ എന്ന് മലയാളികളും സുല്‍ത്താന്‍ ഇബ്രാഹീം എന്ന് അറബികളും വിളിക്കുന്ന മീനും തീരെ കിട്ടാനില്ല. മസ്കത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും പിടിച്ച പിടക്കുന്ന മീനുകളുമായി വള്ളങ്ങളില്‍ വരാറുള്ള മത്സ്യബന്ധനക്കാരെ ഇപ്പോള്‍ കാണാനില്ല. ഓളപ്പരപ്പില്‍ ചൂട് കനത്ത് തിളക്കുന്നതിനാല് മത്സ്യങ്ങൾ ആഴക്കടലിലേക്ക് വലിഞ്ഞതിനാല്‍ മീന്‍ തീരെ ലഭിക്കുന്നില്ലെന്നാണ് മീന്‍ പിടിത്തക്കാർ പറയുന്നത്. അയക്കൂറ, ആവോലി പോലുള്ള നക്ഷത്ര ഇന മീനുകള്‍ പേരിന് പോലും കാണാനില്ല. ഇന്ത്യക്കാരാണ് പ്രധാന മത്സ്യ ഉപഭോക്താക്കള്‍.
അവരില്‍ മലയാളികളാണ് മത്സ്യപ്രേമികളില് മുമ്പന്‍. ബംഗ്ലാദേശികള്‍ അധികവും ബംഗ്ലാദേശില്‍നിന്നും വരുന്ന ഫ്രോസണ്‍ മത്സ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ മത്സ്യക്ഷാമം അവരെ ബാധിക്കുന്നില്ല. പാകിസ്താൻ സ്വദേശികളില്‍ മത്സ്യ ഉപഭോഗം നന്നേ കുറവായാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.