ചൂട് ഉയരുന്നു: ആളൊഴിഞ്ഞ് സൂഖുകൾ
text_fieldsമത്ര: തലസ്ഥാന ഗവര്‍ണറേറ്റിലടക്കം ഒമാന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കനത്തു. അസ്ഥിര കാലവാസ്ഥ മൂലം ഈ വര്‍ഷം ചൂട് പതുക്കെയാണ് കടന്നു വന്നത്. ഇടക്കിടെ പെയ്ത മഴയും കാറ്റുമൊക്കെ കാരണം ഒമാനില്‍ താരതമ്യേന നല്ല സുഖമുള്ള കാലാവസ്ഥയായിരുന്നു കഴിഞ്ഞ ഏതാനും നാളുവരെ അനുഭവപ്പെട്ടിരുന്നത്. നാട്ടില്‍ ഗള്‍ഫിലെ ചൂടും ഗള്‍ഫില്‍ നാട്ടിലെ കാലാവസ്ഥയും എന്ന് കളിയായും കാര്യമായും പറഞ്ഞ് ട്രോളുകള്‍ വരെ ഇറങ്ങിയിരുന്നു. പകല്‍ നേരങ്ങളില്‍ നല്ല ചൂട് തന്നെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.അതേസമയം, മുന്‍ കാലങ്ങളിലെ ചൂട് കാലാവസ്ഥപോലെ അതിരാവിലെ ചൂട് കാറ്റ് വീശുന്നില്ല എന്നത് ആശ്വാസമാണ്.അതി രാവിലെ തണുപ്പും തണുത്ത കാറ്റും ഉണ്ടാകുന്നുണ്ട്. ഹ്യുമിഡിറ്റി വല്ലാതെ അനുഭവപ്പെടുന്നില്ല. ചൂട് കനത്തതോടെ വ്യാപാര മേഖലയും തളര്‍ച്ചയിലാണ്.മാസം പകുതി പിന്നിട്ടതിനാലും പകല്‍ നേരങ്ങളിലെ ചൂടിന്റെ കാഠിന്യം കാരണവും വിപണിയിൽ മാന്ദ്യം വല്ലാതെ അനുഭവപ്പെടുന്നുണ്ട്. സൂഖുകളും കച്ചവട സ്ഥാപനങ്ങളും ആളൊഴിഞ്ഞ് കിടക്കുകയാണ്.ചൂട് അധികരിച്ചതോടെ വിദേശ ടൂറിസ്റ്റുകളുടെ വരവും ഏതാണ്ട് നിലച്ച മട്ടാണ്.
അതുകൊണ്ടുതന്നെ ടൂറിസം സീസണെ ആശ്രയിച്ചു കഴിയുന്ന മേഖലകളിലും മാന്ദ്യം കടന്നുകയറിയിട്ടുണ്ട്. മേയ് മാസത്തെ ശമ്പളം വരുന്നതുവരെ ഈയവസ്ഥ തുടരുമെന്നാണ് കരുതുന്നത്.വാരാന്ത്യ അവധി ദിനങ്ങളിലും രാത്രിയിലും മത്ര സൂഖിലേക്ക് ആളുകളെത്തുന്നുണ്ട്.പ്രധാനമായും പെരുന്നാളിന് ആവശ്യമായ തുണിത്തരങ്ങള്‍ വാങ്ങി തയ്പ്പിക്കാന്‍ നല്‍കാനായി വരുന്നവരുടെ തിരക്കാണ്. മറ്റ് വ്യാപാര മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ആളൊഴിഞ്ഞ നിലയില്‍ തുടരുകയാണ്.ബലി പെരുന്നാള്‍ സീസണെയാണ് വ്യാപാരികള്‍ പ്രതീക്ഷയോടെ നോക്കിയിരിക്കുന്നത്.അതിനിടയില്‍ സ്വദേശി സ്കൂളുകള്‍ അടക്കുന്നതോടെ നടക്കാറുള്ള ഒമാനി വിവാഹങ്ങൾ കച്ചവട രംഗത്തെ ഒന്നുകൂടി ഉഷാറാക്കാന്‍ സാധ്യത കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.