ചൂട് കൂടുന്നു; വിപണിയിൽ മാന്ദ്യം
text_fieldsമത്ര: ചൂട് വർധിച്ചതോടെ രാജ്യത്ത് വ്യാപാര മേഖലയിൽ മാന്ദ്യം. സൂഖുകളിൽ ആളൊഴിഞ്ഞു. പെരുന്നാൾ സീസണ്‍ കഴിഞ്ഞതും കച്ചവടം കുറയാൻ ഇടയാക്കി. ആളുകള്‍ പകല്‍സമയം പുറത്തിറങ്ങാന്‍ മടിക്കുകയാണ്. പ്രായമായവരും കുട്ടികളുമായി പകല്‍ പുറത്തിറങ്ങുന്നതിനും ആളുകൾ മടിക്കുന്നു. സന്ധ്യക്ക് ശേഷമാണ് ചിലരെങ്കിലും പുറത്തിറങ്ങുന്നത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് ജനങ്ങളുടെ പോക്കറ്റ് കാലിയായതും കച്ചവട മാന്ദ്യത്തിന് കാരണമായി. വരുംമാസ ശമ്പള സമയത്താണ് ഇനി വ്യാപാരികളുടെ പ്രതീക്ഷ. സീസണല്ലാത്ത സാധാരണ സമയമായതിനാല്‍ സൂഖുകള്‍ രാത്രി കൂടുതൽനേരം തുറന്ന് പ്രവര്‍ത്തിക്കാറുമില്ല. പത്തരയോടെ മാർക്കറ്റുകള്‍ അടക്കുന്നതിനാലാണ് ചുരുങ്ങിയ സമയംകൊണ്ട് കാര്യമായ കച്ചവടം നടക്കാത്തത്.
ബലിപ്പെരുന്നാളിന് തൈക്കാനുള്ള വസ്ത്രശേഖരണത്തിനായി ആളുകള്‍ ചെറിയതോതില്‍ എത്തുന്നതിനാല്‍ വസ്ത്രവിപണി ചെറുതായി അനങ്ങുന്നുണ്ടെന്ന് മാത്രം. ചൂട് അധികരിച്ചതോടെ വിദേശ ടൂറിസ്റ്റുകളുടെ വരവും നിലച്ച മട്ടാണ്. ടൂറിസം മേഖലക്ക് ഇനിയുള്ള ആറുമാസം ഒഴിവാണ്.
ഒക്ടോബറില്‍ കാലവസ്ഥ അനുകൂലമാകുന്നതോടെ വീണ്ടും സഞ്ചാരികൾ എത്തും. മത്സ്യക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചുടുകാറ്റ് വീശിയടിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കുറഞ്ഞതും ഓളപ്പരപ്പിലെ ചൂടുമൂലം മത്സ്യങ്ങള്‍ ആഴക്കടലുകളിലേക്ക് ഉള്‍വലിഞ്ഞതുമാണ് മത്സ്യക്ഷാമത്തിന് കാരണമാകുന്നത്. ചൂട് കൂടിയതിനാൽ കുറഞ്ഞ മത്സ്യമാണ് കിട്ടുന്നതെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉള്ള മീനുകള്‍ക്ക് തൊട്ടാല്‍പൊള്ളുന്ന വിലയുമാണ്.
ചൂടേറിയതോടെ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. വയറിളക്കം, ഛർദി, തലവേദന തുടങ്ങിയ പ്രയാസങ്ങളാണ് കൂടുതൽ. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കുകയാണ് പ്രതിവിധി. തണുത്തതും ഫ്രീസ് ചെയ്തതുമായ ഭക്ഷണം വര്‍ജിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു.
കുറച്ചുദിവസങ്ങളായി തലസ്ഥാന ഗവർണറേറ്റടക്കം ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇക്കുറി വേനല്‍ നേരത്തേ എത്തിയ മട്ടാണ്.
മുന്‍വര്‍ഷങ്ങളില്‍ ജൂൺ മുതലാണ് ഇത്തരത്തിൽ ചൂട് അനുഭവപ്പെടാറുള്ളതെന്ന് പഴമക്കാർ പറയുന്നു. അതിരാവിലെ മുതല്‍ ചൂടുകാറ്റ് വീശുന്നതിനാല്‍ ജനജീവിതം ഏറക്കുറെ ദുസ്സഹമായ അവസ്ഥയിലാണ്. ജൂണ്‍ പിറക്കുംമുമ്പേ ചൂടിന്‍റെ കാഠിന്യം ഇതാണെങ്കില്‍ വരുംമാസങ്ങളില്‍ അന്തരീക്ഷം ചുട്ടുപൊള്ളിക്കുമെന്ന ആശങ്ക നിഴലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.