ചൂട് ഉയരുന്നു; വാഹനങ്ങൾക്ക് സംരക്ഷണ കുടയൊരുക്കാം
text_fieldsമസ്കത്ത്: രാജ്യത്ത് ചൂട് ഉയർന്നു തുടങ്ങിയതോടെ വാഹനങ്ങൾക്കും മുൻകരുതലെടുക്കണമെന്ന് വിദഗ്ധർ. അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്താൽ വലിയ അപകടത്തിലേക്കു നയിക്കുമെന്ന് വാഹനമേഖലയിലുള്ളവർ പറയുന്നു. താപനില ഉയരുന്നതിനനുസരിച്ച്, വാഹനങ്ങളിൽ സാങ്കേതിക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും തീപിടിത്തത്തിലേക്കെത്തിക്കും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇന്ധനം, പെർഫ്യൂം, ലൈറ്ററുകൾ, വാതകങ്ങൾ, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ തുടങ്ങിയവ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കൃത്യമായ വേളയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വർധിച്ച ഘർഷണവും എൻജിൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സംവിധാനം തകരാറിലാകും.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, എൻജിൻ ഓയിൽ, , ടയറുകളുടെ പരിശോധന, ബ്രേക്ക് , വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത, മുന്നിലെയും പിറകിലെയും ലൈറ്റുകൾ പരിശോധിക്കുക, മുന്നറിയിപ്പ് സിഗ്നൽ ലൈറ്റുകൾ, സ്പെയർ ടയർ, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള പതിവ് അറ്റകുറ്റപ്പണികൾ ഡ്രൈവർമാർ നടത്തേണ്ടത് അത്യാവശ്യമാണ്. സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും തീപിടിത്തങ്ങളും അപകടങ്ങളും ഒഴിവാക്കാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചില മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകിയിട്ടുണ്ട്. വാഹനങ്ങൾ ശരിയായി പരിപാലിക്കണം.
തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ചൂട് ഗണ്യമായി കൂടുകയാണെങ്കിൽ ഡ്രൈവർമാർ റോഡിന്റെ വശത്തേക്ക് നിർത്തി ഡ്രൈവിങ് ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകൾ തുറന്ന് വാഹനത്തിന് അമിതമർദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. ഓടിക്കൊണ്ടിരിക്കുന്ന കാറിനാണ് തീപിടിക്കുന്നതെങ്കിൽ മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്നൽ നൽകണം.
കത്തുന്ന വസ്തുക്കളോ മറ്റ് വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാർ ഓടിക്കണം. ഇതിന് ശേഷം എൻജിനും ഹെഡ്ലൈറ്റുകളും ഓഫ് ചെയ്യുകയും എല്ലാ യാത്രക്കാരും പുറത്തിറങ്ങുകയും വേണം. കത്തുന്ന വാഹനത്തിന്റെ അടുത്ത് നിൽക്കരുത്. തീപിടിത്തം എമർജൻസി സർവിസുകളെ അറിയിക്കുകയും അകലം പാലിക്കാൻ മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുക. ചെറിയ തീപിടിത്തമാണെങ്കിൽ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാൽ, അഗ്നിശമന ഉപകരണം ഉപയോഗിക്കാാൻ അറിയില്ലെങ്കിൽ സ്വയം തീ അണക്കാനുള്ള ശ്രമത്തിൽനിന്ന് വിട്ടുനിൽക്കേണ്ടത്താണ്. തീ അണച്ചതിനു ശേഷം ഇലക്ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിന് ശേഷമല്ലാതെ സ്റ്റാർട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.