ചൂട് കൂടുന്നു; പാമ്പുകളെ സൂക്ഷിക്കാം
text_fieldsമസ്കത്ത്: ഒമാനിൽ ചൂട് വർധിച്ചതോടെ പാമ്പുകൾ മാളങ്ങളും താവളങ്ങളും വിട്ട് പുറത്തേക്കിറങ്ങുന്നു. ഇത്തരം പാമ്പുകൾ തണലുകളും പച്ചപ്പുകൾ ഈർപ്പമുള്ള സ്ഥലങ്ങളിലുമാണ് ചൂടിൽനിന്ന് അഭയം തേടുന്നത്. ചിലപ്പോൾ ഇവ വീടുകളിലും വീടുകൾക്ക് പുറത്തിരിക്കുന്ന ഷൂ അടക്കമുള്ളവയിലും കയറിക്കൂടാം. ഫാമുകൾ, കൃഷിയിടങ്ങളടക്കമുള്ള തണൽ മേഖലകളിലും ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കും. അതിനാൽ ചൂടുകാലത്ത് പാമ്പുകളെ സൂക്ഷിക്കുകയും കടുത്ത ജാഗ്രത പാലിക്കുകയും വേണം. ഉഷ്ണമേഖല പ്രദേശമായതിനാൽ പാമ്പുകളുടെ വിഷത്തിനു മാരകത കൂടുതലാണ്. അതിനാൽ കടിയേറ്റാൽ ജീവഹാനിക്കുള്ള സാധ്യതയും ഏറെയാണ്.
ഒമാനിൽ പാമ്പുകടി കേസുകൾ വർധിക്കുന്നതായി പഠനങ്ങളിൽനിന്ന് വ്യക്തമാവുന്നു. സുൽത്താൻ ഖാബുസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൽ വിഭാഗം നടത്തിയ പഠനത്തിൽ കഴിഞ്ഞ വർഷം റുസ്താഖ് ഹോസ്പിറ്റലിലും യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലുമായി 236 പാമ്പ് കടി കേസുകൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇവയിൽ വലിയ കൂറും മുതിർന്നപുരുഷന്മാരാണ്. ആഗസ്റ്റ് മാസത്തിലാണ് പാമ്പുകടി കൂടുതൽ റിപ്പോർട്ടു ചെയ്തത്. പാമ്പുകടിയേൽക്കുന്നവർക്ക് സാധാരണയായി രക്തം കട്ടപിടിക്കൽ, കിഡ്നി തകരാറിലാവൽ, ആന്തരിക രക്ത സ്രാവം തുടങ്ങിയ സങ്കിർണതകളാണ് സാധാരണയായി കണ്ടു വരാറുള്ളത്.
കടും ചൂട് കാരണം ഇര ലഭിക്കാത്ത സാഹചര്യത്തിൽ താമസ ഇടങ്ങളിലും പരിസരത്തും പാമ്പുകളെത്താറുണ്ട്. വീടുകൾക്കും താമസ ഇടങ്ങൾക്കും സമീപമുള്ള പച്ചപ്പുകളിലും ചെടികൾക്കുമിടയിലും യഥേഷ്ടം കറങ്ങിനടക്കുന്ന പ്രാണികളും ചെറു ജന്തുക്കളും പാമ്പുകളെ ആകർഷിക്കുന്നതാണ്. ചൂടുകാലത്ത് അവധിക്കാലം ചെലവിടാൻ കുടുംബങ്ങൾ കാര്യമായും ഫാമുകളിലേക്കും റസ്റ്റ് ഹൗസുകളിലേക്കുമാണ് പോവുന്നത്. ഇത്തരം ഫാമുകളിലും മറ്റും പാമ്പുകളുടെ സാന്നിധ്യം കൂടുതലായിരിക്കും.
പാമ്പുകടി തടയാൻ ചൂടുകാലത്ത് വീടുകളിൽ മുൻകരുതലുകളെടുക്കണം. വീടുകളിലെ ചുമരുകളിലും ഇതിനോടു ചേർന്നുള്ള ചെടികളും മരങ്ങളും വെട്ടി മാറ്റണം. ഇവയുടെ ഉയരം ജനലിനേക്കാൾ കുറവായിരിക്കണം. വീടുകളിലേക്ക് ജനൽ വഴി കടക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. മാളങ്ങളും മറ്റും അടക്കണം. ദീർഘകാലമായി വെച്ചിരിക്കുന്ന വസ്തുക്കളും സ്ഥലം മാറ്റുകയും പാമ്പുകൾക്ക് തങ്ങാൻ ഇടം നൽകാതിരിക്കുകയും വേണം. മുനിസിപ്പാലിറ്റികളും ചൂടുകാലത്ത് മുൻകരുതലുകളെടുക്കാറുണ്ട്. പാർക്കുകളിലെ തണുപ്പുകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ മാറ്റുകയും പശിമയുള്ള വസ്തുക്കൾ വെച്ചു പാമ്പുകളെ തടയുകയും ചെയ്യുന്ന നിരവധി പരിപാടികൾ മുനിസിപ്പാലിറ്റികൾ നടപ്പാക്കാറുണ്ട്
വീടുകളിലും മറ്റും ഉണങ്ങിയ പരിസ്ഥിതിയുണ്ടാക്കണം. ഇരുണ്ട, ഭക്ഷണം ലഭിക്കാൻ സാധ്യതയുള്ള പച്ചപിടിച്ച സ്ഥലങ്ങളിൽ പാമ്പുകളെത്താൻ സാധ്യത കൂടുതലാണ്. പുല്ലുകൾ വെട്ടിമാറ്റുകയും പ്രാണികളും എലികളും വന്നു കൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കുകയും ചെയ്താൽ പാമ്പുകളെ അകറ്റാൻ പറ്റും.
ഒമാനിലെ പാമ്പുകൾ; പുതുക്കിയ ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി
മസ്കത്ത്: ഒമാനിലെ പാമ്പുകളെകുറിച്ച് വിവരം നൽകുന്ന ഗൈഡായ ‘സുൽത്താനേറ്റിലെ പാമ്പുകളിലേക്കുള്ള വഴികാട്ടി’ യുടെ പുതുക്കിയ രണ്ടാം പതിപ്പ് പുറത്തിറക്കി. പൈതൃക വിനോദസഞ്ചാര മന്ത്രാലയം നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ കളക്ഷൻസ് മാനേജ്മെന്റ് വിഭാഗം മേധാവി ഹനാൻ ബിൻത് മൻസൂർ അൽ നബ്ഹാനിയുടെ മേൽനോട്ടത്തിലാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്. വിഷം, നേരിയ വിഷം, നിരുപദ്രവകരമായ ഇനങ്ങൾ എന്നിവയുൾപ്പെടെ സുൽത്താനേറ്റിലെ പാമ്പുകളെക്കുറിച്ച് സചിത്ര വിവരണം ഈ ഗൈഡ് നൽകുന്നുണ്ട്. എല്ലാ ഒമാനി പാമ്പുകളുടെയും പ്രത്യേകതകളും ഇതിൽ വിശദീകരിക്കുന്നുണ്ട്.
വിദഗ്ധ ഹെർപെറ്റോളജിസ്റ്റുകൾ (ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി പഠിക്കുന്ന ജന്തുശാസ്ത്രജ്ഞർ) കൃത്യതക്കായി ഗൈഡിന്റെ അവലോകനവും നടത്തിയിട്ടുണ്ട്. കടൽ പാമ്പുകളും ഒമ്പത് കര പാമ്പുകളുമാണ് ഏറ്റവും വലിയ അപകടസാധ്യതയെന്ന് ഗൈഡ് പറയുന്നു. പല പാമ്പുകളെയും ഒമാന്റെ എല്ലായിടത്തും കാണുന്നില്ല, ഉദാഹരണത്തിന്, കറുത്ത മരുഭൂമി മൂർഖൻ വടക്കൻ ഒമാനിലില്ല. അതേസമയം കൊമ്പുള്ള അണലി മണൽ പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. മിക്ക പാമ്പുകളും ശല്യപ്പെടുത്തുമ്പോൾ മാത്രമേ കടിക്കുകയുള്ളൂവെന്ന് അൽ നബ്ഹാനി പറഞ്ഞു.
പാമ്പുകളും അണലികളും തമ്മിലുള്ള വ്യത്യാസം ഗൈഡ് വിശദീകരിച്ചിട്ടുണ്ട്. ഒമാനിലെ പാമ്പുകളുടെ ഇനത്തിന് അറബിക് പേരുകളും ഗൈഡഡിൽ നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ പ്രഥമശുശ്രൂഷാ നടപടിക്രമങ്ങളും വിശദീകരിക്കുന്നു. മനുഷ്യ-പാമ്പ് ഏറ്റുമുട്ടൽ കുറക്കന്നതിനുള്ള പ്രതിരോധവും രീതികളും ഇതിലു ൾപ്പെടുത്തിയിട്ടുണ്ട്. അറബി, ഇംഗീഷ് ഭാഷയിലുള്ള ഗൈഡ് പൈതൃക ടൂറിസം മന്ത്രാലയത്തിൽ നിന്ന് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.