ചൂട് കടുത്തു; പാനപാത്രങ്ങൾ തേടി പറവകൾ
text_fieldsമസ്കത്ത്: ചൂട് കടുത്തതോടെ ദാഹജലം തേടി പക്ഷികളും മൃഗങ്ങളും. കടുംചൂട് പക്ഷികളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. നട്ടുച്ച നേരത്ത് ചൂട് സഹിക്കാൻ കഴിയാതെ കെട്ടിടങ്ങളുടെയും മറ്റും ഓരം ചേർന്ന് തങ്ങുകയാണ് പക്ഷികൾ. കെട്ടിടങ്ങളുടെ ജനലുകൾക്കും മറ്റും സമീപമുള്ള എ.സിയുടെ തണുപ്പ് ലഭിക്കുന്ന ഇടങ്ങളിലാണ് ഇവ കൂടുതലായും തങ്ങുന്നത്. ചൂട് കടുത്താൽ പക്ഷികൾക്ക് ജീവഹാനിക്കും സാധ്യതയുണ്ട്.
കടുത്ത ചൂടിൽ ഇത്തരം പക്ഷികൾ ദാഹമടക്കാൻ ബുദ്ധിമുട്ടുകയാണ്. ജല ഉറവകളും വെള്ളക്കെട്ടുകളും വറ്റിയതോടെ പുതിയ സ്രോതസ്സുകൾ കണ്ടെത്താനുള്ള തിരക്കിലാണ് ഇവ. ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള ഫൗണ്ടനുകൾ ദാഹശമനത്തിന് ഉപയോഗിക്കുന്ന പക്ഷികളും നിരവധിയാണ്. റൂവിയുടെ വിവിധ ഭാഗങ്ങളിൽ ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പുകളിൽനിന്ന് വെള്ളം കുടിക്കുന്ന കാക്കക്കൂട്ടങ്ങളെ കാണാവുന്നതാണ്. ചൂട് കൂടിയതോടെ പക്ഷികൾക്കായി വീടുകളിലും മറ്റും പാത്രങ്ങളിൽ വെള്ളം വെച്ചുകൊടുക്കുന്നവരും നിരവധിയാണ്.
വീടിന്റെ ജനലുകളിലും ടെറസിലും വെള്ളം വെച്ച് നൽകുന്നവരുമുണ്ട്. ചൂട് കൂടിയതോടെ നഗരത്തിൽ അലഞ്ഞുതിരിയുന്ന പൂച്ചകളും പട്ടികളും അപ്രത്യക്ഷമായിട്ടുണ്ട്. കനത്ത ചൂട് ഇവക്കും താങ്ങാൻ കഴിയുന്നതല്ല. ഇവയിൽ പലതും കെട്ടിടങ്ങൾക്കുള്ളിൽ കയറിപ്പറ്റുകയും എ.സിയുടെ തണുത്ത കാറ്റ് ലഭിക്കുന്ന ഇടങ്ങളിൽ സ്ഥലംപിടിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.