അവധി ആരംഭിച്ചു; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറും
text_fieldsമസ്കത്ത്: നബിദിനത്തോടനുബന്ധിച്ച് വാരാന്ത്യ അവധിയടക്കം മൂന്നു ദിവസം അവധി ലഭിക്കുന്നത് ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികളും. നബിദിനത്തോട് അനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളും നടക്കുന്നുണ്ട്. മഹാമാരിയുടെ പേടി ഒഴിഞ്ഞതിനൊപ്പം നല്ല കാലാവസ്ഥ അനുഭവപ്പെടുന്നതും ആഘോഷങ്ങൾക്ക് അനുകൂലമാണ്. ഞായറാഴ്ച ഒമാനിൽ പൊതു അവധിയായതിനാൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടഞ്ഞുതന്നെ കിടക്കും. ഇത് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിക്കാനും കാരണമാവും.
അവധിയുടെ ഭാഗമായി പ്രവാസികൾ അടക്കമുള്ളവർ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂട്ടായ്മകളും സുഹൃദ് വലയങ്ങളും ഒരുമിച്ച് ചേർന്ന് വിവിധ പരിപാടികൾക്ക് രൂപം നൽകിക്കഴിഞ്ഞു. പല കൂട്ടായ്മകളും പിക്നിക്കുകളാണ് പ്ലാൻ ചെയ്യുന്നത്. ബീച്ചുകളിലും പാർക്കുകളിലും മറ്റും ഒത്തുചേർന്ന് വിനോദ പരിപാടികളും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി അവധി ദിവസങ്ങൾ ആനന്ദകരമാക്കാനൊരുങ്ങുകയാണ് പലരും. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ജീവൻ വെക്കും.
കഴിഞ്ഞ രണ്ടു പെരുന്നാളുകൾക്കും പൊതു അവധി ലഭിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ പലരും പുറത്തിറങ്ങിയിരുന്നില്ല. അതിനാൽതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാര്യമായ തിരക്കും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഈ അവധിദിവസങ്ങളിൽ ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിക്കും. ഇത്തി അടക്കമുള്ള പ്രധാന ബീച്ചുകളിലും നല്ല തിരക്ക് അനുഭവപ്പെടും. ഫാം ഹൗസുകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും തിരക്ക് വർധിക്കും. ഫാം ഹൗസുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പലതും നേരത്തെതന്നെ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്.
സ്വിമ്മിങ് പൂൾ, കുട്ടികൾക്കുള്ള വിനോദസൗകര്യങ്ങൾ, മുതിർന്നവർക്കും കളിക്കാനും മറ്റുമുള്ള വിശാലമായ ഗ്രൗണ്ടുകൾ, സന്ദർശകരെ ആകർഷിക്കാൻ ചെറിയ കാഴ്ച ബംഗ്ലാവ്, ചെറിയ പൂന്തോട്ടങ്ങൾ, വിശ്രമ സൗകര്യങ്ങൾ, ഭക്ഷണം പാകം ചെയ്യാനും മറ്റും സൗകര്യമുള്ള അടുക്കളകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇത്തരം ഫാം ഹൗസുകളിൽ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.