അവധി കഴിഞ്ഞു; രാജ്യം സാധാരണ നിലയിലേക്ക്
text_fieldsമസ്കത്ത്: പെരുന്നാൾ അവധി കഴിഞ്ഞ് ഞായറാഴ്ച മുതൽ രാജ്യം സാധാരണ നിലയിലേക്ക് തിരിക്കും. റമദാൻ കാലത്തെ കുറഞ്ഞ സമയക്രമം ഓഫിസ് രീതികളിലും മറ്റും കാര്യമായ മാറ്റമുണ്ടാക്കിയിരുന്നു. ഓഫിസ് സമയം കുറഞ്ഞതും ജീവനക്കാരുടെ അവധിയും സേവനങ്ങൾക്ക് വേഗത കുറക്കാൻ കാരണമാക്കിയിരുന്നു. ഇതുകാരണം വിസ റസിഡന്റ് കാർഡടക്കമുള്ള എല്ലാ സേവനങ്ങൾക്കും സമയം എടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ പൊതു അവധിയും ഔദ്യോഗിക മേഖലയെ നിശ്ചലമാക്കിയിരുന്നു. പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞ് കിടന്നത് രാജ്യം നിശ്ചലമാകാൻ കാരണമായി.
ഞയറാഴ്ച മുതൽ രാജ്യത്തിന്റെ എല്ലാ മേഖലകളും സജീവമാവും. പല സേവനങ്ങളും ഇന്ന് മുതൽ വേഗത്തിലാവും. അതിനാൽ വിസ റസിഡൻറ് കാർഡ്, ചേംമ്പർ ഓഫ് കൊമേഴ്സ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. പലരും വിവിധ സേവനങ്ങൾക്ക് റമദാനും പെരുന്നാൾ അവധിയും കഴിയാൻ കാത്തിരിക്കുകയിരുന്നു. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ വീണ്ടും സജീവമാവുകയാണ്. മസ്കത്ത് ഇന്ത്യൻ സ്കൂൾ വാർഷിക പരീക്ഷക്ക് ശേഷം ഞായറാഴ്ചയാണ് തുറന്ന് പ്രവർത്തിക്കുന്നത്. മറ്റ് സ്കൂളുകൾ നേരത്തെ തുറന്നിരുന്നെങ്കിലും പെരുന്നാൾ അവധിക്ക് ഇന്ന് തുറക്കുകയാണ്. റോഡുകളിൽ തിരക്ക് വർധിക്കാനും ഗതാഗത സ്തംഭനത്തിനും ഇത് കാരണമാകും.
അവധി ദിവസങ്ങളിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. യു.എ.ഇയിലേക്കും മറ്റും നിരവധിപേർ പോയതിനാൽ അതിർത്തി ചെക് പോസ്റ്റിൽ നല്ല തിരക്കായിരുന്നു. എന്നാൽ, മേഖലയിൽ ഇറാൻ ഇസ്രായേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാൻ പോകുന്നത് പൊതുവെ കുറവായിരുന്നു. കുറഞ്ഞ അവധി ദിനങ്ങളും ഇത്തരം യാത്രകൾ കുറയാൻ കാരണമാക്കി. ഇത് ഒമാനിലെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമാക്കി. ഒമാനിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ജബൽ അഖ്ദർ, ജബൽ ശംസ്, വാദീ ബനീ ഖാലിദ്, നിസ്വ, ത്വിവി, നിസ്വ, റുസ്താഖ്, മസീറ, സൂർ, ഇബ്രയിൽ പുതുതായി തുറന്ന മൃഗശാല തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
ഖുറം, അസൈബ തുടങ്ങിയ ബീച്ചുകളിൽ ആയിരങ്ങളാണ് അവധി ആഘോഷിക്കാനെത്തിയത്. കുടുബങ്ങളുള്ളവരും അല്ലാത്തവരും കൂട്ടമായി ബീച്ചുകളിൽ എത്തിയിരുന്നു. മത്ര കോർണീഷിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല. സാധാരണക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റിയ സ്ഥലമായതിനാലാണ് മത്ര കോർണീഷിൽ തിരക്ക് വർധിക്കുന്നത്. റൂവി മേഖലയിലെ സാധാരണക്കാർക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും എളുപ്പം എത്തിപ്പെടാൻ കഴിയുന്നതാണ് മത്ര കോർണീഷ്. ടാക്സിയിലും ബസുകളിലും ഇവിടെ എത്തുന്നവരും നിരവധിയാണ്. അതിനാൽ മത്ര കോർണീഷിൽ നല്ല തിരക്കാണ്. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും വിനോദ സഞ്ചാര മേഖലക്ക് അനുഗ്രഹമാണ്. പെരുന്നാൾ അവധി കഴിയുന്നതോടെ വീണ്ടും വിരസമായ ഓഫിസ് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ജീവനക്കാർ. തിരിച്ചെത്തുന്നവരിൽ പലരും അടുത്ത ബലി പെരുന്നാൾ അവധിയിലേക്ക് കലണ്ടർ മറിക്കുന്നുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.