ശമ്പളമില്ലാതെ വലഞ്ഞ ആലപ്പുഴ സ്വദേശികൾ മടങ്ങി: ദുരിത ജീവിതത്തിൽനിന്ന് ഇവർ ജന്മനാടിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്...
text_fieldsമസ്കത്ത്: വിസയും ശമ്പളവും ഭക്ഷണവുമൊന്നുമില്ലാതെ ഒമാനിൽ കുടുങ്ങിയ മലയാളികൾ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന ജന്മനാടിന്‍റെ തണലിലേക്ക്. ഗാലയിൽ വിസയും ശമ്പളവുമില്ലാതെ വലഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ ജിതിനും ബിച്ചുവും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. വിസത്തതട്ടിപ്പിൽ കുരുങ്ങി ബിദായയിൽ കഴിഞ്ഞിരുന്ന തൃശൂർ, എറണാകുളം ജില്ലകളിലെ 21 യുവാക്കളിൽ 12 പേർ ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും. സ്വാതന്ത്ര്യദിനത്തിൽ അവർ വീടുകളിലെത്തും.
സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകരുടെ ഇടപെടലാണ് ജിതിൻ, ബിച്ചു എന്നിവരുടെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി വിസിറ്റ് വിസയിൽ നാട്ടിൽനിന്നുവന്ന ഇവർ കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമോ വിസയോ ലഭിക്കാതെ ദുരിത ജീവിതത്തിലായിരുന്നു. കടുത്ത ചൂടുകാലത്തുപോലും വാഹന സൗകര്യമോ ഭക്ഷണ അലവൻസോ കമ്പനി നൽകിയിരുന്നില്ല.
അൽ ഖുവൈറിൽനിന്ന് ദിവസവും പത്ത് കിലോമീറ്റർ നടന്നാണ് ഇവർ ജോലിക്ക് പോയിരുന്നത്. ഇവർ നടന്ന് ജോലിക്കുപോകുന്നത് ഒരു മലയാളി വിഡിയോയിൽ പകർത്തുകയും ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ ദുരവസ്ഥ സോഷ്യൽ ഫോറം ഒമാന്‍ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും ഇരുവരുടെയും ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുകയുമായിരുന്നു.
21 ദിവസത്തെ വിസയിൽ ഫെബ്രുവരി പത്തിന് ഒമാനിലെത്തിയ ഇവർക്ക് ഒരുമാസം മാത്രമാണ് കമ്പനി ശമ്പളം നൽകിയിരുന്നത്. കമ്പനി ഉടമകളുമായി നിരന്തരം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അഞ്ചുമാസത്തെ മുഴുവൻ ശമ്പളവും ടിക്കറ്റും എമിഗ്രേഷൻ പിഴയും അടക്കാൻ അവർ തയാറായി.
തുടർന്ന് ഇരുവരെയും സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകൻ റാമിസ് അലിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ച നാട്ടിലേക്ക് യാത്രയാക്കി.
അതിനിടെ, കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് വിസ തട്ടിപ്പിനിരയായ 21 മലയാളികളിൽ 12 പേർ ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും.
എറണാകുളം, തൃശൂർ സ്വദേശികളായ 21 പേരാണ് വിസിറ്റ് വിസയിലെത്തി ജോലിയും ഭക്ഷണവുമില്ലാതെ ബിദായയിൽ കഴിഞ്ഞിരുന്നത്. ഇതിൽ വിസ കാലാവധി കഴിഞ്ഞ 12 പേരുടെ വിസ പുതുക്കിക്കിട്ടിയിട്ടുണ്ട്.
ഇവർ ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും. അഞ്ചുപേരുടെ പാസ്പോർട്ട് ഇപ്പോഴും ട്രാവത്സിലാണ്. 350 റിയാൽ (72,000ത്തോളം രൂപ) വീതം അടച്ചാലേ പാസ്പോർട്ട് നൽകാനാകൂയെന്നാണ് ട്രാവത്സുകാർ പറയുന്നത്. ഇന്ത്യൻ എംബസി അണ്ടർ സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമായാൽ ഈ അഞ്ചുപേരും മറ്റ് 12 പേർക്കൊപ്പം തിരുവനന്തപുരത്തേക്ക് വിമാനം കയറും. ബാക്കി നാലുപേർക്ക് വേറെ ജോലി ലഭിച്ചതിനാൽ പുതിയ വിസയിലേക്ക് മാറും.
വൈപ്പിൻ സ്വദേശിയായ മജീഷിന് 27,500 രൂപ നൽകിയാണ് ഇവർ ഒമാനിലേക്ക് എത്തിയത്. ഷംസുദ്ദീൻ എന്നയാളുടെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മജീഷ് തുക വാങ്ങിയത്. 450 വില്ലകളുടെ പ്രോജക്ട് ഉണ്ടെന്നുപറഞ്ഞ് ഒമാനിലെത്തിച്ചെങ്കിലും ഇവിടെ എത്തിയപ്പോൾ കമ്പനി പോലുമില്ലായിരുന്നു. ഇവരുടെ ദുരിതകഥ 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ഇവരുടെ പ്രയാസങ്ങളറിഞ്ഞ് ബിദായ കൈരളി പ്രവർത്തകരായ ആന്‍റണി കാബൂറ, ഷിബു ആൻറണി എന്നിവരുടെ നേതൃത്വത്തിൽ താമസവും ഭക്ഷണവും ഏർപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ വിഷയം എംബസിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ബിദായ കൈരളി യൂനിറ്റ് പ്രവർത്തകരാണ് സുമനസ്സുകളുടെ സഹായത്തോടെ എല്ലാവർക്കും ടിക്കറ്റുകൾ ഏർപ്പാടാക്കിയത്. 250ഓളം പേരിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് മജീഷ് തുക വാങ്ങിയിരുന്നു. തട്ടിപ്പിനിരയായവർ ഞാറക്കൽ പൊലീസിൽ പരാതി നൽകിയതനുസരിച്ച് മജീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇവരെ സഹായിച്ച രാഹുൽ ഹനീഫ റാവുത്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.