മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഓപൺ ഫോറം വിളിക്കണമെന്ന ആവശ്യം ശക്തം
text_fieldsമസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളായ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഓപൺ ഫോറം വിളിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. മുൻകാലങ്ങളിൽ മികച്ച രീതിയിൽ നടന്നിരുന്ന ഓപൺ ഫോറം കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ട് നിർത്തിവെച്ചിരിക്കുകയാണ്.
ഓപൺ ഫോറം പുനഃസ്ഥാപിക്കണമെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത്. ഓപൺ ഫോറം സ്കൂളിന്റെ അനുദിന പ്രവർത്തനത്തിന് വളരെ ഗുണംചെയ്യുമെന്നാണ് രക്ഷിതാക്കളുടെ ഇടയിൽ നടത്തിയ ഓൺലൈൻ സർവേയുടെ ഫലം പറയുന്നത്. സർവേയിൽ പ്രധാനമായും ആറു ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
ഓപൺ ഫോറം കമ്യൂണിറ്റി സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിന് സഹായിക്കും എന്നാണ് സർവേയിൽ പങ്കെടുത്ത 89.7 ശതമാനം രക്ഷിതാക്കളും പറഞ്ഞത്. കുട്ടികളുടെയും അധ്യാപകരുടെയും പൊതുനന്മക്കും ഓപൺ ഫോറം വളരെ വലിയ പങ്കുവഹിക്കുമെന്നും ഭൂരിഭാഗം രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കു സമയാസമയങ്ങളിൽ അഭിപ്രായങ്ങൾ സ്വരൂപിക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, അധ്യാപകരുടെയും കുട്ടികളുടെയും സമ്മർദം കുറക്കുന്നതിനും പൊതുനന്മക്കുവേണ്ടി പ്രവർത്തിക്കുന്ന സ്കൂൾ എന്ന സന്ദേശം സമൂഹത്തിനു നൽകുന്നതിനും കൂടുതൽ മെച്ചപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുന്നതിന് ഉതകുംവിധം സ്കൂളിന്റെ പ്രവർത്തനം നടത്താനും സാധിക്കുമെന്നും സർവേയുടെ പഠനം തെളിയിക്കുന്നു.
സർവേയുടെ റിപ്പോർട്ട് ഏകീകരിച്ച് സ്കൂളിലെ അക്കാദമിക് രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള നിർദേശങ്ങളും വിവിധ ആവശ്യങ്ങളും ഉന്നയിച്ച് സ്കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കത്തിനും എംബസി സെക്കൻഡ് സെക്രട്ടറി ജയ്പാൽ ഡെത്തേക്കും രക്ഷിതാക്കളായ സജി ഉതുപ്പാന്റെ നേതൃത്വത്തിൽ മനോജ് കണ്ണൂർ, റോയി ജോസഫ് എന്നിവർ ചേർന്ന് നിവേദനം നൽകി.
അക്കാദമിക് രംഗത്ത് പരീക്ഷസംബന്ധമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഒരു കമ്മിറ്റിക്കു രൂപംകൊടുത്തിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ അറിയിച്ചതായി സജി ഉതുപ്പാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.