വാഹന മോഷണം തടയാൻ പട്രോളിങ് വർധിപ്പിക്കണമെന്ന് ആവശ്യം
text_fieldsകുവൈത്ത് സിറ്റി: വാഹനമോഷണം തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ പട്രോളിങ് വർധിപ്പിക്കണമെന്ന് ആവശ്യം. കൂടുതൽ കളവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണം ആവശ്യമാണ്. രണ്ടോ മൂന്നോ മിനിറ്റ് ആവശ്യത്തിന് വാഹനം ഒാഫ് ചെയ്യാതെ പുറത്തുപോവുന്നതാണ് അധിക കേസുകളിലും കളവിന് തുണയാവുന്നത്. ഇങ്ങനെ നിർത്തിയിടാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് കവർച്ചക്കാർ പതുങ്ങിനിൽക്കുന്നത്.
ഒന്നോ രണ്ടോ മിനിറ്റ് കണ്ണുതെറ്റിയാൽ വാഹനം നഷ്ടമായിട്ടുണ്ടാവും എന്നതാണ് സ്ഥിതി. പ്രധാന ജങ്ഷനുകളിലും സ്ക്രാപ് കടകളുടെ മുന്നിലും മോഷണം കൂടുതലായി നടക്കുന്ന ഭാഗങ്ങളിലും മൊബൈൽ ചെക്ക് പോയൻറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.മോഷ്ടിക്കുന്ന വാഹനങ്ങൾ പൊളിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പിന്നീടുള്ള അന്വേഷണങ്ങൾ ഫലം കാണുന്നില്ല.
വിലപ്പെട്ട സാധനങ്ങൾ എടുത്ത് വാഹനം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്നുമുണ്ട്. സാധനങ്ങൾ എടുക്കുന്നതിന് പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്. പൊളിച്ചുവിൽക്കുന്ന വാഹന ഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വാഹനത്തിെൻറ വാതിൽ അടക്കാതെയും ഒാഫ് ചെയ്യാതെയും ഒരു മിനിറ്റ് പോലും പുറത്തുപോവരുതെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. മിക്ക കേസുകളിലെയും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. അജ്ഞാത പ്രതിയുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുവെങ്കിലും വാഹനം പോയാൽ പോയതുതന്നെ.
വാഹന മോഷണത്തിന് പ്രത്യേക റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി അധികൃതർ സംശയിക്കുന്നു. വിലപ്പെട്ട സാധനങ്ങൾ വാഹനത്തിൽ വെച്ചുപോവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.