പെരുമഴയിൽ കുതിർന്ന്...
text_fieldsമസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. വാദികളിൽ കുടുങ്ങിയ നിരവധിപേരെയും വെള്ളം കയറി സൂറിലെ വീട്ടിൽ അകപ്പെട്ട കുടുംബത്തെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുടുംബത്തിലുള്ളവർ എല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സൂറിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും രക്ഷിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ സലീമിയ വാദിയിൽ വാഹനം അകപ്പെട്ട് മൂന്നുപേരാണ് കുടുങ്ങിയത്. ഇവരെ പിന്നീട് രക്ഷാസംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽമൂലം രക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വിവിധ ഗവർണറേറ്റുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗത തടസ്സം നേരിട്ടു. വൈദ്യുതി തടസ്സം ചിലയിടങ്ങളിൽ നേരിട്ടെങ്കിലും വൈകീട്ടോടെ അവ പൂർണമായും പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
ബൗഷർ, സീബ്, റൂവി, സുർ, അൽ കാമിൽ അൽ വാഫി, ജഅലാൻ ബാനി ബുഹസൻ, ജഅലാൻ ബാനി ബു അലി, മസീറ തുടങ്ങിയ സ്ഥലങ്ങളിൽ, അഷ്കറ, ഖൽഹാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലാണ്. 92 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. ജഅലാൻ ബാനി ബു അലി വിലായത്തിൽ 82 മില്ലിമീറ്റർ, മസിറയിൽ 31, മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിൽ 13, അമീറാത്തിൽ 11 മില്ലിമീറ്റർ, ഹൈമ വിലായത്തിൽ മൂന്ന് മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
ന്യൂനമർദത്തിന്റെ ആഘാതങ്ങൾ അവസാനിക്കുന്നതുവരെ കടലിൽ പോകുന്നതും സമുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കപ്പൽ ഉടമകളോടും മറൈൻ യൂനിറ്റ് ഓപറേറ്റർമാരോടും സമുദ്ര ഗതാഗത കമ്പനികളോടും ആവശ്യപ്പെട്ടു.
വാദി സാലി കവിഞ്ഞൊഴുകിയതിനെ തുടർന്ന് ജഅലാൻ ബാനി ബൂ അലി വിലായത്തിലെ അൽ-ജവാബി മുതൽ അൽ-സുവൈഹ് വരെയുള്ള റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശന്ന-മസീറ റൂട്ടിൽ ചൊവ്വാഴ്ചത്തെ ഫെറി സർവിസ് മുവാസലാത്ത് താൽക്കാലികമായി നിർത്തിവെച്ചു. അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും യാത്രക്കാർക്ക് 1551 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു.
അതേസമയം, മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അൽ വുസ്ത, തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദോഫാർ, ബുറൈമി, അൽ വുസ്ത, മസ്കത്ത്, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 31 മുതൽ 40 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. 40 മുതൽ 90 മില്ലിമീറ്റർ വരെ വ്യത്യസ്ത തീവ്രതയുള്ള മഴക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉഷ്ണമേഖല ന്യൂനമർദത്തെ നേരിടാൻ എമർജൻസി സെന്ററുകൾ സജീവമാക്കിയിട്ടുണ്ട്. മസ്കത്ത്, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ എമർജൻസി സെൻററും സെക്ടറുകളും സബ് കമ്മിറ്റികളുമാണ് പ്രവർത്തനമാരംഭിച്ചത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗാർഡനുകളും പാർക്കുകളും മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചിട്ടിരിക്കുകയാണ്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇലക്ട്രിക് പോസ്റ്റുകൾ, ഇലക്ട്രിക്കൽ കോംപ്ലക്സുകൾ, മരങ്ങൾ എന്നിവയിൽനിന്ന് മാറി നിൽക്കുക, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ബദൽ പാതകൾ ഉപയോഗിക്കുക, താഴ്ന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക, വാദികൾ, വാട്ടർ ക്രോസിങ്ങുകൾ, കുളങ്ങൾ, ബീച്ചുകൾ എന്നിവയിൽ നിന്ന് മാറി നിൽക്കുക തുടങ്ങിയ മാർഗ നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് നടത്തുന്നുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളോടും വേഗത്തിലുള്ളതും ഫലപ്രദവുമായ രീതിയിൽ പ്രതികരിക്കാനായി ആശയവിനിമയവും ഏകോപനവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.