രോഗികളുടെ എണ്ണം ഉയരുന്നു; ആശുപത്രി കിടക്കകൾ നിറഞ്ഞു
text_fieldsമസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ ഒമാനിൽ ആശുപത്രി കിടക്കകളും നിറയുന്നു. ആളുകൾക്ക് ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ബുദ്ധിമുേട്ടറിയ അവസ്ഥയാണ് നിലവിലുള്ളതെന്നും കോവിഡ് ഫീൽഡ് ആശുപത്രി ഡയറക്ടർ ഡോ.നബീൽ അൽ ലവാത്തി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫീൽഡ് ആശുപത്രിയുടെ ശേഷി വർധിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവിൽ അമ്പത് കിടക്കകൾ കൂടി കൂട്ടി. ഇതോടെ മൊത്തം കിടക്കകൾ 150 ആയി. 200 കിടക്കകൾ വരെയാക്കി ശേഷി വർധിപ്പിക്കാൻ സാധിക്കുമെങ്കിലും ആരോഗ്യപ്രവർത്തകരുടെ അഭാവം വിലങ്ങുതടിയാണ്. മെഡിക്കൽ ഉപകരണങ്ങൾ ആവശ്യത്തിനുണ്ട്. ആരോഗ്യപ്രവർത്തകരെ കൂടി ലഭിക്കുന്നപക്ഷം ഫീൽഡ് ആശുപത്രിയുടെ ശേഷി വർധിപ്പിക്കുമെന്ന് ഡോ.നബീൽ പറഞ്ഞു.
ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ ബഹുഭൂരിപക്ഷവും 60 വയസ്സിൽ താഴെയുള്ളവരാണെന്ന് ഡോ.നബീൽ പറഞ്ഞു. ഇതിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ വളരെ ചെറിയ ശതമാനം മാത്രമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ വാക്സിനെടുക്കാത്തവരെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയിലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ഡയറക്ടർ പറഞ്ഞു.
ഫീൽഡ് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ എണ്ണം 124 എത്തി. മൊത്തം കിടക്കകളുടെ 90 ശതമാനത്തിന് മുകളിലാണിത്. ഹൈ അക്രഡിറ്റേഷൻ വിഭാഗത്തിൽ മൊത്തം ശേഷിയുടെ മുഴുവനും രോഗികളെ പ്രവേശിപ്പിച്ചതായി ഡോ.നബീൽ പറഞ്ഞു.
ഞായറാഴ്ച 31 രോഗികളെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 24 രോഗികളെ വീതം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഡോ.നബീൽ പറഞ്ഞു. ആശുപത്രികളിൽ രോഗികൾ കൂടുതൽ സമയം കഴിയേണ്ടിവരുന്നതും വെല്ലുവിളിയാണ്.
നിലവിലെ കേസുകൾ കൂടുതൽ ഗുരുതരവും തീവ്രവുമാണ്. ശരീരത്തിലെ ഓക്സിജൻ അളവ് ഗുരുതരമായി കുറഞ്ഞും ശ്വസനപ്രശ്നങ്ങളാലുമാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. മുൻതരംഗത്തിൽ ലക്ഷണങ്ങളുണ്ടായി രണ്ടാമത്തെ ആഴ്ചയിലാണ് ഈ ലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ആദ്യ ആഴ്ചയിൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നതായും ഡോ.നബീൽ പറഞ്ഞു.
കോവിഡ്: ഒമാനിൽ 19 പേർകൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 19 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2532 ആയി. 1806 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,36,440 ആയി. 542 പേർക്കുകൂടി രോഗം ഭേദമായി. 2,11,494 പേരാണ് ഇതുവരെ രോഗമുക്തരായത്. 173 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1196 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 373 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,000ത്തിന് മുകളിലായി. കഴിഞ്ഞ വർഷം ജൂലൈ 23ന് ശേഷം ആദ്യമായാണ് ആക്ടീവ് രോഗികളുടെ എണ്ണം ഇത്ര ഉയരത്തിലെത്തുന്നത്. കോവിഡിെൻറ ഇന്ത്യൻ വകഭേദത്തിന് പുറമെ ദക്ഷിണാഫ്രിക്കൻ, ബ്രിട്ടീഷ് വകഭേദങ്ങളും രാജ്യത്ത് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.