സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു; സലാലയിൽ പൊതുഗതാഗതം ശക്തിപ്പെടുത്താൻ ആവശ്യം
text_fieldsമസ്കത്ത്: മധ്യ പൗരസ്ത്യ ദേശം മുഴുവൻ കടും വേനലിൽ കത്തിയെരിമ്പോൾ ദൈവത്തിന്റെ വരദാനമായി സലാലയിൽ അനുഭവപ്പെടുന്ന തണുപ്പും ഈറൻ കാലാവസ്ഥയും വിനോദ സഞ്ചാരികൾക്ക് വൻ ആകർഷണമാവുന്നു. സാലാലയിലെ മഴയും മൂടൽ മഞ്ഞും ആസ്വദിക്കാൻ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണെത്തുന്നത്.
വർഷം കഴിയും തോറും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം ഒരു ദശലക്ഷം വിനോദ സഞ്ചാരികൾ സലാലയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഖരീഫ് സീസണിൽ സലാലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്.
അധികൃതർ സന്ദർശകർക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സലാലയിലെ പൊതു ഗതാഗത സംവിധാനം പര്യാപ്തമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പല വിനോദസഞ്ചാര കേന്ദ്രങ്ങളും ഏറെ ദൂരത്തായി കിടക്കുന്നതിനാൽ സ്വന്താമയി വാഹനങ്ങൾ ഉള്ളവർക്ക് മാത്രമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ കഴിയുക.
ഇത് വിദേശ രാജ്യങ്ങളിൽനിന്ന് വിമാനങ്ങളിലും മറ്റും എത്തുന്ന സ്വന്തമായി വാഹനമില്ലാത്തവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഖരീഫ് സീസണിലെങ്കിലും പൊതു ഗതാഗത സംവിധാനം ഒരുക്കണമെന്നാണ് വിനോദസഞ്ചാരികൾ പറയുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതോടെ റോഡിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ കഴിയും.
നിലവിൽ ഓരോ കുടുംബവും ഒരു വാഹനം ഉപയോഗിക്കുന്നുണ്ട്. ബസ് സർവിസ് ആരംഭിക്കുന്നതോടെ അഞ്ചും എട്ടും കുടുംബങ്ങൾക്ക് ഒരു വാഹനം മതിയാവും. ഇത് ഗതാഗത ക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനും സഹായിക്കും. അതോടൊപ്പം റോഡുകളുടെ നിലവാരം ഉയർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത് റോഡുകളിൽ വാഹനം കുറക്കാൻ സഹായിക്കും. ഇത് വാഹനങ്ങൾ പുറത്തുവിടുന്ന പുക മാലിന്യം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹായിക്കും. ബസുകൾ പെട്രോൾ അല്ലാത്ത ഇന്ധനം കൊണ്ടാണ് ഓടിക്കുന്നതെങ്കിൽ അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് തീരെ കുറക്കാൻ കഴിയും. ഇത് സലാലയുടെ സ്വച്ഛമായ പ്രകൃതിക്കും ഹരിത ഭൃഗജയുടെ നിലനിൽപ്പിനും സഹായകമാവും.
സലാലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നത് സലാലയുടെ സാമ്പത്തിക പുരോഗതിക്കും കാരണമാക്കും. ബസുകളും പൊതു ഗതാഗത സംവിധാനങ്ങളും വഴി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമ്പോൾ ഇത്തരം മേഖലകളിൽ കൂടുതൽ വിനോദ സഞ്ചാരികൾ തങ്ങുകയും ഇത് ഇത്തരം മേഖലകളുടെ സാമ്പത്തിക വളർച്ചക്ക് കാരണമാക്കുകയും ചെയ്യും.
ബസുകളും മറ്റും എത്തിപ്പെടുകയും നിർത്തുകയും ചെയ്യുന്ന മേഖലകളിൽ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളും ഭക്ഷ്യ ശാലകളും ഉണ്ടാവുകയും അതുവഴി സാമ്പത്തിക വികസനം ഉണ്ടാവുകയും ചെയ്യും.
പൊതു ഗതാഗതം ശക്തിപ്പെടുകയും ചുരുങ്ങിയ ചെലവിൽ എളുപ്പത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നതും സലാലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. അതിനാൽ അടുത്ത ഖരീഫ് കാലം മുതലെങ്കിലും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.