മത്ര സൂഖിലെ പഴക്കമേറിയ സ്ഥാപനത്തിനുകൂടി പൂട്ടുവീണു
text_fieldsമത്ര: മത്ര സൂഖിലെ പഴക്കമേറിയ ഒരു സ്ഥാപനത്തിനുകൂടി പൂട്ടുവീണു.മത്ര സൂഖിലെ ഹൃദയഭാഗത്ത് 76 വർഷത്തോളമായി പ്രവർത്തിച്ചുവന്നിരുന്ന ഗുജറാത്ത് സ്വദേശി വിജയ്കുമാർ ദീപ്ചന്ദിെൻറ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റാണ് കഴിഞ്ഞ ദിവസം അടച്ചത്. 1929ലാണ് വിജയ്കുമാറിെൻറ പിതാവ് ഷിനാസിൽ ആദ്യ കട തുടങ്ങുന്നത്. പിന്നീട് കട 1934ൽ സുഹാറിലേക്കും 1944ൽ മത്രയിലേക്കും മാറ്റുകയായിരുന്നു.
65 വയസ്സുകാരനായ വിജയൻ ജനിച്ചതും പഠിച്ചതും വളർന്നതും ഒമാനിൽതന്നെ. പിതാവിൽ നിന്നാണ് കട ഇദ്ദേഹം ഏറ്റെടുത്തത്.മാതൃരാജ്യത്തെ പോലെ ഒമാനിനെയും ഒമാനിലെ ജനങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന വിജയ്ക്ക് ഈ രാജ്യത്തെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്. അദ്ദേഹത്തിനും കുടുംബത്തിനും കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ ഈ നാടിനോടും ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് ലോക്ഡൗണും വിദേശ ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും കച്ചവടം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതും മൂലമാണ് കട അടക്കുന്നത്. അടുത്ത് കട നടത്തുന്ന മലയാളികൾക്കും വിജയിയെകുറിച്ച് നല്ലത് മാത്രമാണ് പറയാനുള്ളത്.പ്രതിസന്ധിഘട്ടത്തിൽ ഒരു താങ്ങും തണലുമായിരുന്നു വിജയ് എന്ന് അടുത്ത് കട നടത്തുന്ന പൊന്നാനി സ്വദേശി റഫീഖ് പറയുന്നു.കട അടച്ചെങ്കിലും ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നില്ല. പ്രിൻറിങ് പ്രസ് നടത്തുന്ന മകനും കുടുംബത്തിനും കൂടെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.