ഒമാൻ ബൊട്ടാണിക് ഗാർഡൻ 2023ൽ പൂർത്തിയാവും
text_fieldsമസ്കത്ത്: ഒമാെൻറ അഭിമാന പദ്ധതിയായ ബൊട്ടാണിക് ഗാർഡൻ പദ്ധതി 2023ൽ പൂർത്തിയാകും. അൽ ഖൂദിൽ നിർമാണം തുടരുന്ന ഇൗ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൊട്ടാണിക് ഗാർഡനായിരിക്കും. നിരവധി ആകർഷണങ്ങളുമായി നിർമാണം പുരോഗമിക്കുന്ന പദ്ധതി 2023ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൈതൃക ടൂറിസം കാര്യ മന്ത്രി സാലെം അൽ മഹ്റൂഖി പ്രസ്താവനയിൽ അറിയിച്ചു.
സന്ദർശകരെ ആകർഷിക്കാൻ കേബിൾ കാർ അടക്കം നിരവധി സംവിധാനങ്ങളും ഗാർഡനിൽ ഒരുക്കും. ചെടികളുടെയും സസ്യങ്ങളുടെയും നഴ്സറി, സന്ദർശക കേന്ദ്രം, ഗവേഷണ േകന്ദ്രം, ഫീൽഡ് പഠനകേന്ദ്രം, പർവത ജീവജാല സംരക്ഷണ മേഖല, സംരക്ഷിത പ്രകൃതി മേഖല എന്നിവ പദ്ധതിയിലുണ്ടാവും. പദ്ധതിയുടെ ഭാഗമായി ഗ്ലാസുകൊണ്ടുള്ള വൻ താഴികക്കുടവും നിർമിക്കുന്നുണ്ട്. നിരവധി ആഗമന നിഗമന കവാടങ്ങളോടെയുള്ള ഇൗ താഴികക്കുടം സന്ദർശകർക്ക് ആകർഷകമാവും. മസ്കത്ത് എക്സ്പ്രസ് വേയുമായി ചേർന്നുനിൽക്കുന്നതിനാൽ സന്ദർശകർക്ക് എത്തിച്ചേരാനും സൗകര്യമായിരിക്കും.
423 ഹെക്ടറിൽ പരന്നുകിടക്കുന്ന ഇൗ ബൃഹത്തായ പദ്ധതി ഒമാനിലെ സസ്യ ജന്തുജാലങ്ങളെപ്പറ്റി പഠിക്കാനും അടുത്തറിയാനും അവസരം ഒരുക്കുന്നതാകും. ഒമാെൻറ കാർഷിക പാരമ്പര്യം, കാർഷിക രീതികൾ, സമ്പൽസമൃദ്ധമായ കാർഷിക പാരമ്പര്യം, ഒമാെൻറ ആതിഥേയ പാരമ്പര്യം എന്നിവ അടുത്തറിയാനും ബൊട്ടാണിക് ഗാർഡൻ സന്ദർശകർക്ക് അവസരം ഒരുക്കും. ഒമാനിലെ ജനങ്ങൾ പരമ്പരാഗതമായി നടത്തുന്ന വിളവുകളും കാർഷിക രീതികളും ഗാർഡനിൽ പ്രദർശിപ്പിക്കും. ഗാർഡനോടനുബന്ധിച്ച് നിരവധി വിനോദകേന്ദ്രങ്ങളും ഉണ്ടാവും.
കളി മേഖല, കുടുംബ മേഖല, തമാശ-വിനോദ മേഖല എന്നിവ ഇതിൽ ഉൾപ്പെടും. 14,000 ചതുരശ്ര മീറ്റർ മേഖല പ്രത്യേക കാലാവസ്ഥ സംവിധാനത്തോടെ സജ്ജമാക്കുന്ന ഗാർഹിക അന്തരീക്ഷത്തിലുള്ള സസ്യ സംരക്ഷണ മേഖലയായിരിക്കും. 70,000 ചതുരശ്ര മീറ്റർ സ്ഥലം പ്രകൃതിദത്തമായ തുറന്ന രീതിയിലുള്ള സസ്യജന്തുജാലങ്ങൾക്കുള്ള വാസസ്ഥലവും കൃഷിമേഖലയുമായിരിക്കും.
പദ്ധതിയുടെ ഭാഗമായി നിരവധി കടകളും റസ്റ്റാറന്റുകളും കഫേകളുമുണ്ടായിരിക്കും. ഗവേഷണ മേഖലയിൽ ലാബുകളും ലൈബ്രറികളും തരം തിരിച്ചുള്ള സസ്യ മേഖലയും ഒാഡിറ്റോറിയവും സെമിനാർ മുറികളും ജീവനക്കാരുടെ കാൻറീനും ഉണ്ടാവും. പഠന ആവശ്യങ്ങൾക്കായി ക്ലാസ്മുറികളും താമസ സൗകര്യവും അടക്കം നിരവധി സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാവുക. സന്ദർശകർക്ക് പാർക്കിങ് സൗകര്യമടക്കവും ഇവിടെ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.