ഒമാന്‍-സൗദി ഹൈവേ നാടിന് സമർപ്പിച്ചു
text_fieldsമസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചൊവ്വാഴ്ച സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും റോഡ് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് റോഡിെൻറ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച നടന്നത്.
ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾക്ക് അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും അനുവാദം.
റോഡ് തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗമുള്ള യാത്ര സമയം 16 മണിക്കൂറായി കുറയുമെന്നാണ് കരുതുന്നത്. 2014ൽ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാമൂഹിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് റോഡ് സഹായിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി. സയീദ് ബിൻ ഹമൂദ് അൽ മവാലി പ്രസ്താവനയിൽ പറഞ്ഞു. വിവിധ വാണിജ്യ, സാമ്പത്തിക, ടൂറിസം, നിക്ഷേപ മേഖലകൾക്ക് ഇത് അനുഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ ഭാഗത്ത്, തുറമുഖങ്ങൾ, ഫ്രീ സോണുകൾ, വിമാനത്താവളങ്ങൾ എന്നിവയെ റോഡ് ബന്ധിപ്പിക്കും. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണ് തുറന്നത്. എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്നതാണ് ഒമാന്‍- സൗദി ഹൈവേ. ലോകത്തെ ഏറ്റവും വലിയ മണല്ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം. നിലവില്‍ യു.എ.ഇ വഴിയാണ് ഒമാനില്‍നിന്നുള്ളവര്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്.
കാറ്റില്‍ ഇടക്കിടെ രൂപംമാറുന്ന ജനവാസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ ഖാലി. 130 ദശലക്ഷം ഘന അടി മണല്‍ നീക്കംചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍നിന്ന് റുബുഉല്‍ ഖാലി വഴി ഒമാന്‍ അതിര്‍ത്തിയിലെത്തുന്ന റോഡിെൻറ നിര്‍മാണത്തിന് സൗദി അറേബ്യ 1.6 ശതകോടി റിയാലാണ് ചെലവഴിച്ചിരിക്കുന്നത്.
ഒമാന്‍ ഭാഗത്തെ റോഡ് ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് റുബുഉല്‍ ഖാലിയിലെ സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് പോകുന്നത്. 200 ദശലക്ഷം റിയാലാണ് ഒമാന്‍ ഭാഗത്തെ റോഡിന് ചെലവായത്. ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് അല്‍ ശിബ വരെ 247 കിലോമീറ്റര്‍ റോഡും ഇവിടെനിന്ന് ഹറദ് ബത്താ റോഡ് വരെയുള്ള 319 കിലോമീറ്ററുമാണ് സൗദി അറേബ്യയിലൂടെ കടന്നുപോകുന്നത്. ഇവിടെനിന്ന് അല്‍ ഖര്‍ജ് വഴി റിയാദിലേക്ക് പോകാം. റോഡ് സൗദി-ഒമാന്‍ വാണിജ്യരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിർത്തി ചെക്ക്പോസ്റ്റിൽ ആർ.ഒ.പി പ്രവർത്തനം തുടങ്ങി
മസ്കത്ത്: സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ സുരക്ഷയുടെ ഭാഗമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അതിർത്തി ചെക്ക്പോസ്റ്റിൽ പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട്, റസിഡൻസ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളും അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
പാസ്പോര്‍ട്ട്-റെഡിസന്‍സി, വിസ, എന്‍ട്രി, എക്സിറ്റ്, കസറ്റംസ് ക്ലിയറന്‍സ് സേവനങ്ങള്‍ അതിവേഗം ചെക്ക്പോയൻറില് ലഭ്യമാകുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇറക്കുമതി-കയറ്റുമതി ഉൽപന്നങ്ങളുടെ പരിശോധനക്ക് ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരെ സേവനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ഇവിടെ നിയമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.