ഉള്ളിവില കുതിച്ചുയരുന്നു; കണ്ണുനീറി കുടുംബങ്ങൾ
text_fieldsമസ്കത്ത്: ഇന്ത്യൻ ഉള്ളിക്ക് കയറ്റുമതി നിയന്ത്രണം തുടരുന്നതോടെ ഒമാനിൽ ഉള്ളി വില കുതിച്ചുയരുന്നു. പാകിസ്താനിൽ നിന്നുള്ള ഉള്ളി വരവുകൂടി കുറഞ്ഞതോടെയാണ് വില ഉയരാൻ തുടങ്ങിയത്. കഴിഞദിവസം ഉള്ളിയുടെ മൊത്ത വില 600 ബൈസയായി ഉയർന്നിരുന്നു. ഇത് ചില്ലറ വ്യാപാരത്തിനെത്തുമ്പോൾ ഒരു കിലോ ഉള്ളി വില 700 ബൈസക്ക് അടുത്തെത്തും. ഇന്ത്യയുടെ കയറ്റുമതി നിരോധത്തിനുമുമ്പ് കിലോക്ക് 300 ബൈസയിൽ താഴെയായിരുന്നു വില.
വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതി മേഖലയിലുള്ളവർ പറയുന്നത്. ഇന്ത്യയിൽ കയറ്റുമതി നിരോധനം നീളാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അടുക്കളയിൽ ഏറ്റവും ഉപയോഗമുള്ളതാണ് ഉള്ളി. വില കുത്തനെ ഉയരുന്നത് കുടുംബമായി കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം കുറച്ചിട്ടുണ്ട്. സലാഡുകളിലും മറ്റും ഉള്ളി കഷ്ണങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ ആദ്യം മുതലാണ് ഇന്ത്യ പൂർണമായ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ മാർക്കറ്റിൽ ഉള്ളി വില കുതിച്ചുയർന്നതോടെയാണ് ഇന്ത്യൻ സർക്കാർ കയറ്റുമതി നിരോധനത്തിനു ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉള്ളി ഉൽപാദന മേഖലയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് വിളവ് കഴിഞ്ഞ് സൂക്ഷിച്ചുവെച്ചവ വൻ തോതിൽ നശിച്ചിരുന്നു. ഇതോടെ പ്രാദേശിക മാർക്കറ്റിൽ ഉള്ളിയുടെ ലഭ്യത കുറയുകയും വില വർധിക്കുകയും ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ ഉള്ളിക്ക് കയറ്റുമതി നികുതി ഏർപ്പെടുത്തി കയറ്റു മതി പിടിച്ച് നിർത്താൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ വില പിടിച്ചു നിൽക്കാൻ കഴിയാത്തതോടെയാണ് മാർച്ച് 31വരെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്.
ഇതോടെയാണ് ഒമാനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഉള്ളി വില ഉയരാൻ തുടങ്ങിയത്. എന്നാൽ ഇന്ത്യൻ ഉള്ളിയുടെ വരവു നിലച്ചതോടെ പാകിസ്താൻ ഉള്ളിയാണ് വിപണിയിലുണ്ടായിരുന്നത്. ഗുണ നിലവരാത്തിൽ പാകിസ്താൻ ഉള്ളി ഇന്ത്യൻ ഉള്ളിക്ക് ഒപ്പമെത്തുന്നവയല്ല. ചൈന, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ ഉള്ളി വിപണിയിലുണ്ടെങ്കിലും പാകിസ്താൻ ഉള്ളിയായിരുന്നു ഉപഭോക്താക്കൾ വാങ്ങിയിരുന്നത്.
എന്നാൽ പാകിസ്താൻ ഉള്ളിക്ക് മാർക്കറ്റിൽ ദൗർലഭ്യം അനുഭവപ്പെട്ടതോടെ അവിടെയും കയറ്റുമതി നിയന്ത്രം ആരംഭിച്ചതാണ് ഇപ്പോൾ ഉള്ളി വില വീണ്ടും ഉയരാൻ കാരണം. ഇതോടെ പാകിസ്താനിൽ നിന്നുള്ള ഉള്ളി വരവു കുറഞ്ഞിട്ടുണ്ട്. തുർക്കിയയിൽ നിന്നുള്ള ഉള്ളിയും മാർക്കറ്റിൽ ഇല്ല. ചൈന, ഇറാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉള്ളിയാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്.
ഇന്ത്യ, പാകിസ്താൻ ഒഴികെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഉള്ളിയിൽ ജലാംശം കൂടുതലായതിനാൽ പൊതുവെ ഇവ പാചകക്കാർ ഇഷ്ടപ്പെടുന്നില്ല. ഉള്ളിയിലെ അധികജലാംശം പാചകത്തിനു പ്രയാസമാണെന്നും ചില പാചകക്കാർ പറയുന്നു. ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിരോധനം ഇനിയും നീളാൻ സാധ്യതയുണ്ടെന്ന് കയറ്റുമതി മേഖലയിലുളളവർ ചൂണ്ടിക്കാണിക്കുന്നു.
ചിലപ്പോൾ തെരഞ്ഞെടുപ്പ് വരെ നീളാമെന്നാണ് ഇവർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഉള്ളി വില ഇനിയും വർധിക്കുമെന്നും ഇവർ പറയുന്നു. അതിനിടെ ഇന്ത്യയിലെ ഉള്ളിയുടെ കയറ്റുമതി നിരോധനം ഉള്ളി കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരോധനം നീളുന്നത് കർഷകർക്ക് വൻ സാമ്പത്തിക നഷ്ടവുമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.