പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ പൊതുഗതാഗത ശൃംഖല പൂർണമായി വിലയിരുത്താൻ ഗതാഗത വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഇതിനായി കൺസൾട്ടൻസിയെ നിയമിക്കും.
ബിഡിങ്ങിലൂടെയായിരിക്കും കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുക. പ്രധാന നഗരങ്ങൾക്കകത്തും അതിനിടയിലും അയൽ രാജ്യങ്ങൾക്കിടയിലും സുൽത്താനേറ്റിലെ നിലവിലെ പൊതുഗതാഗത സേവനങ്ങൾ വിലയിരുത്തലായിരിക്കും കൺസൾട്ടന്റിന് ഉത്തരവാദിത്തം.
അർബൻ എൻജിനീയറിങ് കൺസൾട്ടൻസി, മാസ്റ്റർ പ്ലാനിങ്, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരിൽനിന്നാണ് ബിഡുകൾ ക്ഷണിച്ചിട്ടുള്ളത്. ടെൻഡർ രേഖകൾ നവംബർ 14 വരെ ലഭ്യമാണ്. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ എട്ട്.
ബസ് റൂട്ട് വിശകലനം, ഷെഡ്യൂളിങ്, സേവന കവറേജ്, ഇന്റർസിറ്റി നെറ്റ്വർക്ക് കവറേജും എന്നിവയിൽ പഠനം ശ്രദ്ധ കേന്ദ്രീകരിക്കും. വളർച്ചയുടെ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഗ്രേറ്റർ മസ്കത്തിനും മറ്റു നഗരങ്ങൾക്കുമുള്ളതുൾപ്പെടെയുള്ള ഘടനാ പദ്ധതികളുമായി യോജിപ്പിക്കുന്നതിന് അധിക സേവനത്തിന്റെ ആവശ്യകതയും ജനസംഖ്യാശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഡാറ്റ വിശകലനം ചെയ്യലും കൺസൽട്ടൻസിയുടെ ഉത്തരവാദിത്ത്വത്തിൽ വരും.
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ, സ്റ്റോപ്പുകൾ, സേവനങ്ങളുടെ ആവൃത്തി, സ്വദേശിവത്കരണം തുടങ്ങിയവ ഉൾപ്പെടെ സാധ്യതയുള്ള റൂട്ടുകളുടെ സമഗ്രമായ വിശകലനം ഉൾപ്പെടും. 2014ൽ, അന്താരാഷ്ട്ര എൻജിനീയറിങ്, കൺസൾട്ടൻസി സ്ഥാപനം
ഒമാൻ നാഷനൽ ട്രാൻസ്പോർട്ട് കമ്പനിക്ക് (ഒ.എൻ.ടി.സി) ഒരു പൊതുഗതാഗത മാസ്റ്റർ പ്ലാൻ (പി.ടി.എം.പി) തയാറാക്കിയിരുന്നു. ഇന്റർ സിറ്റി, സിറ്റി ബസ് സർവിസുകൾ വികസിപ്പിക്കുന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
2015 നവംബറിൽ, ഒ.എൻ.ടി.സിയെ മുവാസലാത്ത് എന്ന് പുനർനാമകരണം ചെയ്യുകയും ബസ് സർവിസുകൾ സലാലയിലേക്കും സുഹാറിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. നിലവിൽ അബൂദബിയിലേക്കും യു.എ.ഇയിലേക്കും അന്താരാഷ്ട്ര ബസ് സർവിസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.