കനത്ത മഴ തുടരുന്നു
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായുള്ള കനത്ത മഴ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഉൾപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ബുറൈമി, ദോഫാർ എന്നീ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച അതിരാവിലെ മഴ ലഭിച്ചിരുന്നു. മറ്റ് ഗവർണറേറ്റുകളിൽ ഉച്ചയോടെയാണ് കരുത്താർജിച്ചത്. കനത്ത മഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ അൽവുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കൂളുകളിൽ ഓൺലൈനിലൂടെയായിരുന്നു അധ്യയനം. മുവാസലാത്ത് ഇന്റർ സിറ്റി ബസ് സർവിസ് ചില റൂട്ടുകളിൽ റദ്ദാക്കി. റൂട്ട് 36: മസ്കത്ത്-ജഅലാൻ ബാനി ബു അലി, റൂട്ട് 55: മസ്കത്ത്-സൂർ, റൂട്ട് 203: മസ്കത്ത് -ഷാർജ എന്നീ റൂട്ടുകളിലേക്കുള്ള ഇൻറർസിറ്റി ബസ് സർവിസാണ് താൽകാലികമായി നിർത്തിവെച്ചത്. ഇത് പുനരാരംഭിക്കുന്നത് കമ്പനിയുടെ സമൂഹ മാധ്യമ പേജുകളിലൂടെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മസ്കത്ത് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താൽകാലികമായി അടച്ചു.
സീബ്, മാബില,സുവൈഖ്, മുസന്ന, ബുറൈമി, റുസ്താഖ്, ശിനാസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മസ്കത്ത് ഗവർണറേറ്റിലെ നഗരപ്രദേശങ്ങളിൽ രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ മഴ പെയ്യാൻ തുടങ്ങി. സലാലയുടെ നഗരപ്രദേശങ്ങളിൽ മഴ രാവിലെ മുതലാണ് ആരംഭിച്ചത്.സദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചു. സമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. അതേസമയം, മഴ ശനിയാഴ്ചവരെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയോടെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ന്യൂനമർദത്തിന്റെ ആഘാതം തുടരും.
കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പനുസരിച്ച് രാവില 10 മുതൽ രാത്രി 10 വരെ 30 മുതൽ 80 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും വാദികൾ മുറിച്ച് കടക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക്രൈസിസ് മാനേജ്മെൻറും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. റോയൽ ഒമാൻ പൊലീസും, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥിതിഗതികൾ നിരീക്ഷിച്ച് രംഗത്തുണ്ട്.
പ്രവാസി സംഘടനകളുടെ വിവിധ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. മലർവാടി ബാലോത്സവം മേയ് 10 ന് സാദ പാർക്കിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.
ഭക്ഷ്യവസ്തുക്കുടെ വില വർധിപ്പിക്കരുത്
മസ്കത്ത്: പ്രതികൂല കാലാവസ്ഥ മുതലെടുത്ത് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). വിലയിൽ കൃത്രിമം കാണിക്കുന്നതോ ഉൽപന്നങ്ങൾ പൂഴ്ത്തിവെക്കുന്നതോ അംഗീകരിക്കാനാവില്ലെന്ന് സി.പി.എ അറിയിച്ചു. ഇത്തരം ലംഘനങ്ങൾ കണ്ടാൽ ഉപഭോക്താക്കൾ 8007 7997, 8007 9009 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.