മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsമസ്കത്ത്: ബുധനാഴ്ചയും രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കനത്ത മഴയാണ് ഇന്നലെയും കോരിച്ചൊരിഞ്ഞത്. നിരവധി റോഡുകളിൽ വെള്ളം കയറി. തുടർച്ചയായി പെയ്യുന്ന മഴകാരണം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വാദികൾ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം വാദികൾ മുറിച്ചുകടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസിന്‍റെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ സുരക്ഷ നടപടികളുമായി രംഗത്തുണ്ട്. അല്‍ഖാബില്‍, ആദം, സിനാവ്, മുദൈബി, ബിദിയ, ജഅലാന്‍ ബൂ അലി, നിസ്‌വ, ഇബ്ര, യാങ്കൂല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ബുധനാഴ്ച മഴ ലഭിച്ചത്.
കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. ജഅലാന്‍ ബൂ അലി, ആദം എന്നിവിടങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. അതേസമയം, പെരുന്നാളിനോടനുബന്ധിച്ചുണ്ടായ മഴ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. മഴ ലഭിച്ച മിക്കയിടത്തും ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
അതുകൊണ്ടുതന്നെ മാർക്കറ്റിലും വിപണിയിലും ആളനക്കമില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. മഴ തുടരുമെന്ന് തന്നെയാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്നാണ് രാജ്യത്ത് മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനില കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.