സീസൺ അവസാനിച്ചു; കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ
text_fieldsമസ്കത്ത്: സീസൺ കഴിഞ്ഞതോടെ കേരള സെക്ടറിൽ മികച്ച നിരക്കുമായി വിമാനകമ്പനികൾ. തിരക്ക് കുറഞ്ഞതോടെ ഒമാൻ എയർ അടക്കം എല്ലാ വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവുകളുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 38 റിയാലാണ് ഇപ്പോൾ ഒമാൻ എയർ ഈടാക്കുന്നത്. ഈ നിരക്ക് എപ്പോൾ വരെ ഉണ്ടാവുമെന്ന് വ്യക്തമല്ല. മസ്കത്തിൽനിന്ന് 34 റിയാലുമായി എയർ ഇന്ത്യ എക്സ്പ്രസും രംഗത്തുണ്ട്. കണ്ണൂർ ഒഴികെ മറ്റു സെക്ടറിലേക്കും കുറഞ്ഞ നിരക്കുകളാണ് ഈടാക്കുന്നത്. ഇതോടെ നിരവധിപേരാണ് കുറഞ്ഞ അവധിക്ക് നാട്ടിൽ പോവാനൊരുങ്ങുന്നത്.
അതിനിടെ ഞെട്ടിക്കുന്ന നിരക്കുമായി എയർ അറേബ്യയും രംഗത്തെത്തി. കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്കാണ് എയർ അറേബ്യ സർവിസ് നടത്തുന്നത്. മസ്കത്തിൽനിന്ന് ഷാർജ വഴിയാണ് വിമാന സർവിസ് നടത്തുന്നത്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് 27റിയാലും മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് 34 റിയാലുമാണ് എയർ അറേബ്യ ഈടാക്കുന്നത്.
കാലത്ത് പത്ത് മണിക്ക് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്കൂറോളം ഷാർജയിൽ തങ്ങിയാണ് കൊച്ചിയിലെത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള കണക്ഷൻ വിമാനവും കാലത്ത് പത്തിന് തന്നെയാണ് മസ്കത്തിൽനിന്ന് പുറപ്പെടുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും ഈ സർവിസുകൾ ലഭ്യമാണ്. യാത്രക്കാർക്ക് 30 കിലോ ബാഗേജും 10 കിലോ ഹാന്റ്ബാഗുമാണ് അനുവദിക്കുന്നത്. ബോർഡിങ് പാസുകൾ മസ്കത്തിൽനിന്ന് തന്നെയാണ് ഇഷ്യൂ ചെയ്യുക.
നിരക്കുകൾ കുറഞ്ഞതോടെ നിരവധി പേരാണ് ടിക്കറ്റെടുക്കുന്നതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതിൽ എയർ അറേബ്യ സർവിസിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരക്ക് കുറയുന്നതോടൊപ്പം ബാഗേജ് സംവിധാനവും പലർക്കും ആകർഷകമാവുന്നുണ്ട്. എയർ അറേബ്യ പുലർത്തുന്ന കൃത്യതയും യാത്രക്കാരെ ആകർഷിക്കുന്നതാണ്.
നിരക്ക് കുറഞ്ഞതോടെ നിരവധി പേർ ഹൃസ്വ അവധിക്ക് നാട്ടിൽ പോവാനും ഒരുങ്ങുന്നുണ്ട്. എന്നാൽ എയർ ഇന്ത്യ എക്പ്രസ് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെങ്കിൽ വിമാനം റദ്ദാക്കൽ അടക്കമുള്ള ഊരാക്കുടുക്കുകൾ ഭയന്ന് പലരും എക്സ്പ്രസ് യാത്ര ഒഴിവാക്കുകയാണ്. ഇത് എയർ ഇന്ത്യ എക്സ്പ്രസിന് വൻ തിരിച്ചടിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.