സീസണ് മഴയെടുത്തു; മത്ര സൂഖിൽ വ്യാപാരികളില്‍ നിരാശ
text_fieldsമത്ര: കാലാവസ്ഥ പ്രതികൂലമായതോടെ വിലപ്പെട്ട സീസണ് നഷ്ടപ്പെട്ടുപോയ നിരാശയിൽ മത്രസൂഖിലെ വ്യാപാരികള്‍. കഴിഞ്ഞ വാരം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പുവരെ കനത്ത ചൂട് അനുഭവപ്പെട്ടതിനാല്‍ പകല്‍ നേരങ്ങളില്‍ വ്യാപാരം തീരെ നടന്നിരുന്നുമില്ല. പെരുന്നാളിനോടനുബന്ധിച്ച് നല്ല രീതിയിൽ കച്ചവടം നടക്കേണ്ടതും തിരക്ക് അനുഭവപ്പെടേണ്ടതുമായ ദിവസങ്ങളാണ് വാരാന്ത്യ ദിനങ്ങളായ ബുധന്‍, വ്യാഴം, വെള്ളി പോലുള്ള ദിവസങ്ങള്‍. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള ഈ ദിവസങ്ങളിലാണ് അപ്രതീക്ഷിതമായി മഴ വന്നത്. മഴ അന്തരീക്ഷത്തെ തണുപ്പിച്ചെങ്കിലും കച്ചവടക്കാരുടെ മനസ്സില്‍ തീ കോരിയിടുകയായിരുന്നു. കോവിഡ് മൂലമുണ്ടായ രണ്ടുവര്‍ഷത്തെ കച്ചവട നഷ്ടങ്ങളെ ഒരു വിധം നികത്തിക്കൊണ്ടുവരുന്നതിനിടയിലാണ് മഴ സീസണെ ബാധിക്കുന്ന തരത്തിലേക്ക് മാറിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നഷ്ടം ഈ ബലിപെരുന്നാളിൽ നികത്താമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ.
എന്നാൽ, ഈ കണക്കുകൂട്ടലുകൾ അപ്പാടേ തെറ്റിച്ചാണ് മഴ പെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളില്‍ മോശമില്ലാത്ത തിരക്ക് സൂഖുകളില്‍ അനുഭവപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലേക്ക് പെരുന്നാളിനെ വരവേല്‍ക്കാനായി ആവശ്യമായ സാധനങ്ങള്‍ കച്ചവടക്കാർ ശേഖരിച്ചിരുന്നു. വെളുപ്പിന് പെയ്ത മഴയില്‍ അങ്ങിങ്ങായി രൂപപ്പെട്ട വെള്ളക്കെട്ടുകണ്ടാണ് വ്യാപാരികൾ വ്യാഴാഴ്ച സൂഖ് തുറക്കാനെത്തിയത്. കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പകല്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
കുറെ ദിവസമായി മഴ ഭീഷണി നില നില്ക്കുന്നതിനാല് വെള്ളം കയറുന്നതിനെ പ്രതിരോധിക്കാനാവശ്യമായ മുന്‍കരുതലുകള്‍ നടത്തിത്തന്നെയാണ് കടകള്‍ പൂട്ടിയിരുന്നത്.
ഇനി കച്ചവടക്കാരുടെ മുന്നില്‍ അവശേഷിക്കുന്നത് വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണ്. പൊതുവേ പെരുന്നാള്‍ തലേന്ന് കസ്റ്റമേഴ്സ് കാര്യമായി സൂഖുകളില്‍ എത്താറില്ലാത്തതിനാല്‍ വലിയ പ്രതീക്ഷയൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.