ആവേശം കുറഞ്ഞ് കോവിഡ് കാലത്തെ രണ്ടാമത്തെ റമദാനും വിഷുവും
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ മാസത്തിെൻറ തുടക്കവും സമൃദ്ധിയുടെ ആഘോഷമായ വിഷുവും ഇത്തവണ ഒരുമിച്ചു വിരുന്നെത്തുന്നത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക-സാമൂഹിക അന്തരീക്ഷത്തിൽ. കഴിഞ്ഞ വർഷവും കോവിഡ് ഭീതിയുടെയും സമ്പൂർണ ലോക്ഡൗണിെൻറയും അന്തരീക്ഷത്തിലായിരുന്നു വിഷുവും നോമ്പും. ഇക്കുറിയും സാഹചര്യങ്ങൾ ഏറക്കുറെ മാറ്റങ്ങളില്ലാതെ തുടരുന്നു എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷം സാമ്പത്തിക-സാമൂഹിക മേഖലയിലുണ്ടായ മാറ്റങ്ങൾ മലയാളികൾ അടക്കമുള്ള എല്ലാ പ്രവാസികളെയും ഏറെ ഉലച്ചുകളഞ്ഞതാണ്.
കഴിഞ്ഞ തവണ നോമ്പുകാലം എല്ലാവരും വീടുകളിൽ അടച്ചിട്ട അവസ്ഥയിലായിരുന്നുവെങ്കിൽ ഈ വർഷം കോവിഡിെൻറ രണ്ടാം തരംഗത്തിലാണ് റമദാൻ കടന്നുവന്നിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടും കോവിഡ് ഭീതിയിലും കഴിച്ചുകൂട്ടിയ നാളുകളിൽ സന്നദ്ധ സംഘടനകൾ ഭക്ഷണവുമായും നിത്യോപയോഗ വസ്തുക്കളുടെ കിറ്റുകളുമായി എത്തിയത് എല്ലാവർക്കും ആശ്വാസമായി. ഇത്തവണയും ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് സാധാരണക്കാരായ പ്രവാസികൾ. റമദാൻ മാസത്തിൽ പള്ളികളിൽ പ്രാർഥന നിരതമായിരുന്ന രാപ്പകലുകൾ രണ്ടുവർഷമായി ഓർമകളിൽ മാത്രമാണ്. പള്ളികൾ കേന്ദ്രീകരിച്ചും മറ്റുമുള്ള ടെൻറുകളിലെ നോമ്പുതുറക്കൽ, സന്നദ്ധ സംഘടനകളുടെ സാമൂഹിക ഇഫ്താറുകൾ എന്നിവയും ഇത്തവണ ഇല്ല. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായിരുന്ന ഒന്നായിരുന്നു സമൂഹ നോമ്പുതുറകൾ. കഴിഞ്ഞ വർഷം പള്ളിവാതിലുകൾ പൂർണമായി അടഞ്ഞു കിടന്നെങ്കിൽ ഈ വർഷം നമസ്കാരത്തിന് അൽപസമയം തുറക്കും. എന്നാൽ, തറാവീഹ് നമസ്കാരത്തിന് പള്ളികളിൽ ഈ വർഷവും അനുമതിയില്ല. കോവിഡ് മൂലം അടച്ചിട്ട പള്ളികൾ നവംബർ ഒന്ന് മുതൽ തുറന്നുവെങ്കിലും വെളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതി ഇതേവരെ നൽകിയിട്ടില്ല. വെള്ളിയാഴ്ചകളിൽ ളുഹർ നമസ്കാരത്തിന് അതിനാൽ വിശ്വാസികളുടെ തിരക്കായിരിക്കും.
ഒട്ടേറെ ആളുകളാണ് കഴിഞ്ഞ വർഷം വിവിധ കാരണങ്ങളാൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയത്. റമദാനിൽ രാത്രി ഒമ്പതു മുതൽ പുലർച്ച നാലുവരെ സഞ്ചാര വിലക്ക് നിലവിൽ വരും. വ്യാപാര-വാണിജ്യ പ്രവർത്തനങ്ങളും ഈ സമയത്ത് അനുവദനീയമല്ല. എന്നാൽ, എട്ടുമണിക്ക് കടകൾ അടക്കണം എന്നത് ഒമ്പതുവരെ ദീർഘിപ്പിച്ചത് വ്യാപാരികൾക്ക് അൽപം ആശ്വാസം നൽകും. മുൻകാലങ്ങളിൽ ലഭിച്ച കച്ചവടം ഈ വർഷം ലഭിച്ചിട്ടില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതമാണ് ഇതിെൻറ കാരണം. റമദാൻ പകുതി പിന്നിടുമ്പോഴെങ്കിലും പെരുന്നാളിന് മുമ്പായി കുറച്ച് ഇളവുകൾ ലഭിക്കും എന്നുള്ള പ്രതീക്ഷയാണ് ഇവർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.