ഇന്ത്യയിൽനിന്ന് കപ്പൽ ഒമാനിലെത്തും; പുരാതന വഴികളിലൂടെ
text_fieldsമസ്കത്ത്: സമുദ്ര പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനായി ഇന്ത്യയും ഒമാനും പരമ്പരാഗത കപ്പൽ നിർമിക്കുന്നു. ഗോവയിൽ നടക്കുന്ന കപ്പലിന്റെ നിർമാണം നിരീക്ഷിക്കാനായി ഒമാൻ സെയിലിന്റെ ക്യാപ്റ്റൻ സാലിഹ് ബിൻ സഇൗദ് അൽ ജാബ്രി ഇന്ത്യയിലെത്തി.
മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ ക്ഷണം സ്വീകരിച്ചാണ് ഒമാൻ സെയിൽ ക്യാപ്റ്റനെ ഇന്ത്യയിലേക്ക് അയച്ചത്. 2010ൽ ഒമാനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള ‘ജുവൽ ഓഫ് മസ്കത്ത്’ കപ്പൽ നടത്തിയ യാത്രയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം. അടുത്ത വർഷം ഇന്ത്യയിൽനിന്ന് മസ്കത്തിലേക്ക് കപ്പൽ യാത്രതിരിക്കും.
പുരാതനകാലത്ത് നാവികർ നടത്തിയ വഴികളിലൂടെയായിരിക്കും മസ്കത്തിൽ കപ്പൽ എത്തുക. ഒരുകാലത്ത് ഒമാനെയും ഇന്ത്യയെയും ബന്ധിപ്പിച്ചിരുന്ന ചരിത്രപരമായ വ്യാപാര പാതകളെ ഉയർത്തിക്കാട്ടുന്നതായിരിക്കും ഈ യാത്ര. ജുവൽ ഓഫ് മസ്കത്തിന്റെ യാത്രയിൽനിന്നുള്ള ഉൾക്കാഴ്ചകൾ ഇന്ത്യ സന്ദർശന വേളയിൽ ക്യാപ്റ്റൻ ജാബ്രി പങ്കിട്ടു.
പരമ്പരാഗത കപ്പൽനിർമാണ സങ്കേതങ്ങളുടെ സാംസ്കാരിക പ്രാധാന്യത്തെ ഊന്നിപ്പറയുന്നതിനിടെ പുരാതന വ്യാപാര പാതകളിൽ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. ഈ രീതികൾക്ക് ആഴത്തിലുള്ള ചരിത്രപരമായ മൂല്യമുണ്ടെന്നും ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ, നമ്മൾ സമ്പന്നമായ ഒരു സമുദ്ര പൈതൃകം സംരക്ഷിക്കുകയണെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ ദിവാർ ദ്വീപിലാണ് തുന്നിച്ചേർത്ത കപ്പൽ നിർമിക്കുന്നത്. അജന്ത ഗുഹകളിലെ മൂന്ന് മാസ്റ്റ് കപ്പലിന്റെ പെയിന്റിങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കപ്പൽ ഒരുക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലാണ് ഈ കപ്പൽ പദ്ധതിക്ക് തുടക്കമിടുന്നത്.
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം, ഇന്ത്യൻ നേവി, ഗോവയിലെ ഹോഡി ഇന്നവേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ഒരുക്കുന്നത്. 19.6 മീറ്റർ നീളമുള്ള ഈ കപ്പൽ പൂർണമായും മരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറിൽ നിർമാണമാരംഭിച്ചു. 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആദ്യ യാത്രക്ക് തയാറാകുമെന്നാണ് കരുതുന്നത്.
തുന്നിക്കൂട്ടിയുള്ള കപ്പൽ നിർമാണം പുരാതന ഇന്ത്യയിൽ ഒരു കാലത്ത് സാധാരണമായിരുന്നു. മുഗൾ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നു. ചെറിയ മത്സ്യബന്ധന ബോട്ടുകളിൽ ഇത് നിലനിൽക്കുന്നുണ്ടെങ്കിലും വലിയ കപ്പലുകൾക്ക് ഈ സാങ്കേതികത ഏറക്കുറെ അപ്രത്യക്ഷമായതായി സന്യാൽ പറഞ്ഞു.
ഗുജറാത്തിലെ മാണ്ഡവിയിൽനിന്ന് മസ്കത്തിലേക്കുള്ള ചരിത്രപ്രധാനമായ പാതയിലൂടെയാണ് കന്നിയാത്ര നടക്കുകയെന്ന് സന്യാൽ പറഞ്ഞു. ഇത് വിജയിക്കുകയാണെങ്കിൽ ഒഡിഷയിൽനിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്കും മറ്റൊരു യാത്രയും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.