ഇവിടുത്തെ കാറ്റിലുമുണ്ട് ‘ലുബാന്റെ’ ഗന്ധം...
text_fieldsട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഒമാന്‍ അറിയപ്പെട്ടിരുന്നത് ‘കുന്തിരിക്കത്തിന്റെ നാട്’എന്നാണ്. കുന്തിരിക്ക (ലുബാന്) മരങ്ങളില്‍നിന്ന് ഊര്‍ന്നുവരുന്ന കറ ഉണക്കിയെടുത്ത് ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് സുഗന്ധം കയറ്റിയയച്ചിരുന്ന നാട്. വിശേഷാവസരങ്ങളില്‍ കേരളത്തിലെ വീടുകളിലും മനം മയക്കുന്ന ഒമാന്‍ കുന്തിരിക്കത്തിന്റെ സുഗന്ധം പുകയാറുണ്ട്.
നാട്ടിൽപ്പോകുമ്പോള്‍ കൊണ്ടു പോകാറുള്ള ഇനങ്ങളില്‍ കുന്തിരിക്കവും ഇപ്പോള്‍ ഇടം പിടിക്കാറുണ്ട്. കാലമേറെ മാറിയെങ്കിലും പാരമ്പര്യവും സംസ്കാരവും മുറുകെ പിടിക്കുന്ന ഒമാനികളുടെ നിത്യജീവിതത്തില്‍ എപ്പോഴും കുന്തിരിക്കവും അനുബന്ധ സുഗന്ധ ദ്രവ്യങ്ങളുമുണ്ട്. അവരുടെ വസ്ത്രങ്ങളില്‍ മാത്രമല്ല, ശ്വാസ നിശ്വാസങ്ങളില്പോലും ‘ലുബാന്’എന്ന് അറബികള്‍ വിളിക്കാറുള്ള കുന്തിരിക്കത്തിന്റെ ഗന്ധമുണ്ടാകും.
മരണവീടുകളിലും മറ്റും കുന്തിരിക്കം പുകച്ച് മാത്രമാണ് മലയാളികള്‍ക്ക് പരിചയമുള്ളതെങ്കില്‍ പ്രത്യേകം വേര്‍തിരിച്ചെടുക്കുന്ന വെള്ളയും പച്ചയും കലര്‍ന്ന കുന്തിരിക്കം ച്യൂയിങ്ഗം കണക്കെ ചവക്കുന്ന ശീലവും അറബികളില്‍ കാണാം.
ഗുണമേന്മക്ക് അനുസരിച്ച് തരംതിരിച്ചു വെച്ചിരിക്കുന്ന വിവിധതരം കുന്തിരിക്കം കാണണമെങ്കില്‍ മത്രയിലേക്ക് വരണം. വിവിധ രാജ്യക്കാര്‍ മത്രയില്വന്ന് വന്‍തോതില്‍ വാങ്ങിപ്പോകുന്ന ഇനമാണ് കുന്തിരിക്കം. അവയില്‍ സലാലയില്‍നിന്നു വരുന്ന ലുബാനാണ് ആവശ്യക്കാർ ഏറെയുള്ളത്. വിദേശത്തേക്ക് വന്‍തോതില്‍ കയറ്റിയയക്കാറുള്ളതും സലാല കുന്തിരിക്കമാണ്.
കുന്തിരിക്കം ജീവിത സംസ്കാരത്തിന്റെ ഭാഗമായതിനാല്‍ കുന്തിരിക്കവുമായി ബന്ധപ്പെട്ട വിവിധ ഉല്പന്നങ്ങള് മത്രയില്‍ വിപണിയിലുണ്ട്. മത്ര സൂഖ് കവാടത്തില്‍ അതിനായി ‘സൂഖ് അല്‍ അത്തര്‍’എന്നൊരു സ്വദേശി മാര്‍ക്കറ്റുമുണ്ട്. ഇവിടത്തെ കച്ചവടക്കാര്‍ സലാലയില്‍ നിന്നുമുള്ള ജബലികളാണ്.
കുന്തിരിക്കത്തിന്റെ വിവിധ വകഭേദങ്ങള്‍ ഇവിടെ വന്നാല്‍ കാണാം. അക്കൂട്ടത്തില്‍ ഒന്നാണ് ‘മുബഹര്’. സ്വദേശികള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങുന്നതിനു മുമ്പ് വസ്ത്രത്തില്‍ അല്പനേരം കുന്തിരിക്കത്തിന്റെ പുക കൊള്ളിക്കാന്‍ ഉപയോഗിക്കുന്ന മരം കൊണ്ടും ലോഹം കൊണ്ടും തീര്‍ത്ത തട്ടാണ് മുബഹര് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് തറയില്‍ വെച്ചശേഷം താഴെ മജ്മറില് കുന്തിരിക്കവും ബഹൂറും പുകച്ചുവെച്ച് വസ്ത്രങ്ങള്‍ മുബഹറിന്റെ മേലെ വെക്കും. അല്പം കഴിഞ്ഞ് വസ്ത്രങ്ങള്‍ എടുത്തണിഞ്ഞാല്‍ കുന്തിരിക്ക മിശ്രിതത്തിന്റെ വാസനയുണ്ടാകുമത്രെ. ഇതൊരു പരമ്പരാഗത രീതിയാണ്.
മത്രയില്‍ ഏറ്റവും കൂടുതൽ മലയാളികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് അത്തര്‍ വിപണി. നിക്ഷേപകരായും ജോലിക്കാരായും നൂറുക്കണക്കിന് മലയാളികള്‍ ഈ മേഖലയിലുണ്ട്. ഒമാന്റെ സുഗന്ധ നഗരിയാണ് മത്ര എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. ചെറുതും വലുതുമായ നിരവധി അത്തര്‍ വിപണന കേന്ദ്രങ്ങള്‍ മത്രയില്‍ വന്നാല്‍ കാണാം. സ്ത്രീകള്‍ അടങ്ങുന്ന തദ്ദേശീയരായ കച്ചവടക്കാരും അത്തര്‍ വിപണന മേഖലകളിലുണ്ട്.
കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന സ്പ്രേ ഇനങ്ങള്‍ വിപണി കൈയടക്കിയെങ്കിലും പരമ്പരാഗത അത്തര്‍ നിർമിത രീതികള്‍ ഉപയോഗിച്ചുള്ള സുഗന്ധദ്രവ്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ ധാരാളമായിട്ടുണ്ട്. കാലാവസ്ഥക്കനുസരിച്ച് പ്രത്യേകം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നവരാണ് അറബികള്‍. വേനല്‍ക്കാലത്ത് പൂശുന്ന സുഗന്ധദ്രവ്യങ്ങളായിരിക്കില്ല തണുപ്പ് കാലത്ത് ഉപയോഗിക്കുക. മസ്ക്, കസ്തൂരി എന്നിവ അധികമായുള്ള അത്തറുകളാണ് ശരീരത്തിന് തണുപ്പ് പകരുക എന്ന ധാരണയില്‍ അവ കണ്ടന്റായി ഉള്ളവയാണ് ചൂടുകാലത്ത് തിരഞ്ഞെടുക്കാറുള്ളത്. അതേസമയം റോസ്, മുല്ല, രാമച്ചം, ഊദ് തുടങ്ങിയവ ചേരുവയായുള്ള ഇനങ്ങള്‍ തണുപ്പ് പകരുമെന്നതിനാല്‍ ആ സമയത്ത് അവ തിരഞ്ഞെടുക്കും.
പെരുന്നാള്‍ കല്യാണങ്ങള്പോലുള്ള പ്രധാന വിശേഷാവസരങ്ങളില്‍ ഊദിനാണ് പ്രധാന്യം നല്‍കാറുള്ളത്. ഊദും ഊദിന്റെ അത്തറും സ്വദേശികളില്‍ വലിയ വിപണിയാണ്. ഇന്ത്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വരുന്ന ഊദുകള്ക്ക് വിപണിയില്‍ ഡിമാന്റുണ്ട്. വില കൂടിയ ഊദുകള്‍ പെരുന്നാളിന് വാങ്ങി ഉപയോഗിക്കുക എന്നത് അറബികളുടെ പെരുമ നിറഞ്ഞ ജീവിതശൈലി കൂടിയാണ്. പെരുന്നാളുകള്‍ വന്നാല്‍ ഹദിയ (സമ്മാനം) നല്‍കാനും അത്തറുകളാണ് സ്വദേശികൾ പ്രധാനമായും തിരഞ്ഞെടുക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.