രാജ്യത്തിന്റെ പൊതു ബജറ്റ് ധനമന്ത്രാലയം പ്രഖ്യാപിച്ചു: വ്യക്തികള്‍ക്ക് ആദായ നികുതി; തീരുമാനമെടുത്തിട്ടില്ല -മന്ത്രി
text_fieldsമസ്കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുന്‍ഗണന നല്കി 2025 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ പൊതു ബജറ്റ് ധനമന്ത്രാലയം അവതരിപ്പിച്ചു. ബജറ്റിന്റെ വിശദാംശങ്ങൾ ധനമന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്സി വാര്‍ത്ത സമ്മേളനത്തിൽ വിശദീകരിച്ചു. സുസ്ഥിര സാമ്പത്തിക വളര്‍ച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ് ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഏകദേശം 11.18 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ൽ കണക്കാക്കിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1.5 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. പൊതു കടം തിരിച്ചടവിനായി 1.834 ശതകോടി റിയാലും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എല്ലാ വ്യവസ്ഥകളും തയ്യാറാകുന്നതുവരെ രാജ്യത്ത് വ്യക്തികള്‍ക്ക് ആദായ നികുതി ചുമത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, ആദായനികുതിക്ക് പകരം മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താനുള്ള നിർദേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാറ്റ് വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി 30,000 റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ജനസംഖ്യയില്‍ ഒരു ശതമാനത്തെ മാത്രം ബാധിക്കുന്നതാണെന്നും സാലിം അല്‍ ഹബ്സി മറുപടി പറഞ്ഞു.
സാമ്പത്തിക സുസ്ഥിരത
സാമ്പത്തിക സുസ്ഥിരതയിലും വളർച്ചയിലും സർക്കാറിന്റെ തുടർച്ചയായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ബജറ്റ്. രാജ്യത്തിന്റെ വിശാലമായ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിന് അനുസൃതമായി, സ്ഥിരമായ വിലയിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും യഥാർത്ഥ ജി.ഡി.പി വളർച്ച നിരക്ക് കൈവരിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് രാജ്യത്തെ വിവിധ പ്രവിശ്യകള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കുന്നതും പദ്ധതിയിലുണ്ട്. അങ്ങനെ വളര്‍ച്ചയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനും രാജ്യത്തെ എല്ലാ മേഖലകള്‍ക്കും അതിന്റെ പ്രയോജനം ലഭ്യമാക്കാനും സാധിക്കും. എണ്ണ വിപണിയിലുള്ള ആശ്രയം കുറച്ച് എണ്ണയിതര വരുമാന സ്രോതസ്സുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ബജറ്റ് കമ്മി വിനിയോഗം
മൊത്തം ചെലവുകൾ 1.3 ശതമാനം വർധിച്ച് 11.8 ശതകോടി റിയാൽ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ആകെ വരുമാനത്തിന്റെ 5.5 ശതമാനത്തിന് തുല്യമായ 620 ദശലക്ഷം റിയാൽ കമ്മിയാണ് ബജറ്റ് പ്രവചിക്കുന്നത്. 2024നെ അപേക്ഷിച്ച് ഇത് കമ്മിയിൽ 3.1 ശതമാനത്തിന്റെ കുറവുണ്ട്. ചെലവ് കുറക്കുന്നതിലും സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒമാന്റെ തുടർച്ചയായ ശ്രമങ്ങളെയാണ് ഇത് എടുത്ത് കാണിക്കുന്നത്.
സാമൂഹികക്ഷേമം
ബജറ്റ് സാമൂഹിക ക്ഷേമത്തിന് ശക്തമായ ഊന്നലാണ് നൽകുന്നത്. മൊത്തം ചെലവിന്റെ 42 ശതമാനം (അഞ്ച് ദശലക്ഷ റിയാല്‍) സാമൂഹിക ക്ഷേമത്തിനും അവശ്യ മേഖലകള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ വലിയ ഭാഗം, 39 ശതമാനം, വിദ്യാഭ്യാസത്തിനാണ് പോകുക. 28 ശതമാനം സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും 24 ശതമാനം ആരോഗ്യരക്ഷാ മേഖലക്കും അനുവദിച്ചു. പുറമെ, 557 മില്യന്‍ റിയാല്‍ സാമൂഹിക സുരക്ഷാ പദ്ധതിക്കും അനുവദിച്ചു. ഇന്‍ഷൂറന്‍സ് കവറേജ് ശക്തിപ്പെടുത്താനും സമൂഹത്തിലെ ആലംബഹീനര്‍ക്ക് തുല്യമായ സഹായം നല്‍കാനും ലക്ഷ്യമിട്ടാണിത്. 1.14 ബില്യന്‍ റിയാല്‍ വികസന പദ്ധതികള്‍ക്കായും നീക്കിവെച്ചു.
സഹായവും സബ്സിഡികളും
അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും പ്രാധാന്യം അംഗീകരിച്ച് 2.345 ബില്യന്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. അവ താഴെ നല്കുന്നു:
സാമൂഹിക സുരക്ഷാ പദ്ധതികള്‍ 577 ശതകോടി റിയാല്‍
വൈദ്യുതി മേഖല 520 ശതകോടി റിയാല്‍
വെള്ളം, മലിനജല സൗകര്യം 194 മില്യന്‍ റിയാല്‍
പെട്രോളിങ് ഉത്പന്നങ്ങളുടെ സബ്സിഡി 35 മില്യന്‍ റിയാല്‍
അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള സഹായം 15 മില്യന്‍ റിയാല്‍
സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന്, അധിക വരുമാനത്തിൽ നിന്ന് 468 ദശലക്ഷം വളർച്ച-ഉത്തേജക സംരംഭങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ ഫണ്ടുകൾ അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമാണം, നഗരവികസനം എന്നിവക്കുള്ള ചെലവ് വർധിപ്പിക്കാനും കൂടുതൽ പൗരന്മാരെ വീടുകൾ സ്വന്തമാക്കാനും ഭവന മേഖലയുടെ വിപുലീകരണത്തിന് സംഭാവന നൽകാനും ഉദ്ദേശിച്ചുള്ളതാണ്.
സാമ്പത്തിക വളർച്ചയും സാമൂഹിക മുൻഗണനകളും ഉപയോഗിച്ച് സാമ്പത്തിക സുസ്ഥിരത സന്തുലിതമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് 2025ലെ ബജറ്റെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ വളർച്ച നിരക്ക് മൂന്ന് ശതമാനം കൈവരിക്കുകയും എല്ലാ പ്രവിശ്യകളിലെയും വികസന പരിപാടികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിനൊപ്പം സാമ്പത്തിക സുസ്ഥിരത പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധിക സാമ്പത്തിക സ്രോതസ്സുകൾ സാമൂഹിക ചെലവുകളിലേക്കും വളർച്ച വർധിപ്പിക്കുന്ന പദ്ധതികളിലേക്കും മാറ്റുന്നതിനുള്ള സർക്കാറിന്റെ തന്ത്രപരമായ സമീപനവും മന്ത്രി എടുത്തുപറഞ്ഞു.
ഇത് ഒമാൻ വിഷൻ 2040ന്റെ സമഗ്രമായ ലക്ഷ്യങ്ങളുമായി ഒത്തുചേരുന്നതാണ്.
ഇത് ഒമാനികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം വൈവിധ്യ പൂർണവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.