ഒമാനിൽ കോവിഡിെൻറ മൂന്നാം തരംഗം; ജാഗ്രത അനിവാര്യം –അണ്ടർ സെക്രട്ടറി
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡിെൻറ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി. രോഗവ്യാപനം ഉയരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അണ്ടർ സെക്രട്ടറി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 500നു മുകളിലാണ് രോഗികളുടെ എണ്ണം. ജൂൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകും. ഇൗ വർഷം അവസാനത്തോടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകലാണ് ലക്ഷ്യമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ഇൗ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്സിൻ രാജ്യത്ത് എത്തിക്കുന്നതിനാണ് ഒമാൻ ശ്രമിക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തിയ വാക്സിനുകളാണ് ഒമാൻ തെരഞ്ഞെടുക്കുന്നത്.
വാക്സിനുകൾ കാര്യക്ഷമമാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറക്കാൻ അത് സഹായകരമാകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ചില രാജ്യങ്ങളിൽ വാക്സിനെടുത്ത ചിലർക്ക് രക്തം കട്ടപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ രക്തം കട്ട പിടിക്കുന്നതിന് ആസ്ട്രസെനക വാക്സിനുമായി നേരിട്ട് ബന്ധമില്ലെന്നും അൽ ഹുസ്നി പറഞ്ഞു. വേനലാകുന്നതോടെ വാക്സിൻ വ്യാപകമായി ലഭ്യമാക്കും. വാക്സിെൻറ രണ്ടു ഡോസുകൾക്കിടയിലെ കാലാവധി 10 ആഴ്ചയായിരിക്കും.
ഇൗ വർഷം അവസാനത്തോടെ 50 ലക്ഷം ഡോസ് വാക്സിൻ രാജ്യത്ത് ഉപയോഗത്തിനായി എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ഹെൽത്ത് പാസ്പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. വാക്സിനേഷൻ വിവരങ്ങളടക്കം ഇതിൽ രേഖപ്പെടുത്തിയിരിക്കും. രാജ്യങ്ങൾക്കിടയിൽ യാത്ര സുഗമമാക്കാൻ പാസ്പോർട്ട് സഹായകരമാകും.
ജനജീവിതം ഇൗ വർഷം അവസാനത്തോടെ സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഹമ്മദ് അൽ ഹുസ്നി പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിൽ തൊണ്ണൂറായിരത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷെനതിരായ ഉൗഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് മുൻനിർത്തി വീടുകളിലെത്തി വാക്സിൻ നൽകുന്നതിന് കഴിഞ്ഞ ദിവസം മസ്കത്ത് ഗവർണറേറ്റിൽ തുടക്കമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.