ട്വൻറി20 ലോകകപ്പ് ആവേശത്തിന് ഒരു മാസം
text_fieldsമസ്കത്ത്: ക്രിക്കറ്റ് ആരാധകരുടെ ആവേശമായ ട്വൻറി20 ലോകകപ്പിന് ഇനി ഒരു മാസം. അടുത്ത മാസം 17ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾക്കും സാക്ഷ്യം വഹിക്കുക അമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടാണ്.
ആദ്യ മത്സരം ഉച്ചക്ക് രണ്ടിന് ഒമാനും പാപ്വ ന്യൂഗിനിയയും തമ്മിലാണ്. സ്വന്തം രാജ്യത്തെ ടീം സ്വന്തം മണ്ണിൽ ലോകോത്തര മത്സരത്തിന് കളത്തിലിറങ്ങുേമ്പാൾ ഒമാനിലെ ക്രിക്കറ്റ് ആരാധകർ ആവേശത്തിലാണ്. ആദ്യ ദിവസത്തെ രണ്ടാമത്തെ മത്സരം അതേ മൈതാനിയിൽ വൈകുന്നേരം ആറിന് ബംഗ്ലാദേശും സ്കോട്ട്ലൻഡും തമ്മിലാണ്. ഒമാനിൽ നടക്കുന്ന മത്സരങ്ങളിൽ കാണികളെ അനുവദിക്കുന്നത് അധികൃതർ പരിഗണിക്കുന്നുണ്ട്. മൂവായിരം കാണികൾക്ക് പ്രവേശനാനുമതി നൽകാനാണ് ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ ആലോചന.
കോവിഡ് വാക്സിൻ രണ്ടുഡോസ് സ്വീകരിച്ചവർക്കായിരിക്കും അനുമതി. അമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നവീകരണം പുരോഗമിക്കുകയാണ്.
ഇത്തവണ ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായാണ് നടക്കുന്നത്. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടൂർണമെൻറ്. ഒമാന് പുറമെ ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. ആദ്യമായാണ് ഗൾഫിൽ ക്രിക്കറ്റ് ലോകകപ്പ് വിരുന്നെത്തുന്നത്.
യു.എ.ഇയിൽ സെപ്റ്റംബർ 19ന് തുടങ്ങുന്ന ഐ.പി.എൽ പൂർത്തിയാകുന്നതിന് പിന്നാലെയാണ് ലോകകപ്പ് നടക്കുക. ഒക്ടോബർ 10നും 15നും ഇടയിലായിരിക്കും ഐ.പി.എൽ ഫൈനൽ.
16 ടീമുകളാണ് ടൂർണമെൻറിലുള്ളത്. ലോകറാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനത്തുള്ള ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ രണ്ടാം ഘട്ടത്തിലാണ് പങ്കെടുക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാപ്വ ന്യൂ ഗിനിയ എന്നീ ടീമുകൾ തമ്മിൽ നടക്കുന്ന പ്രാഥമിക ഘട്ടത്തിൽ നിന്ന് നാല് ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. യു.എ.ഇയിലും ഒമാനിലും നടക്കുന്ന പ്രാഥമിക ഘട്ടത്തിനു ശേഷമായിരിക്കും 12 ടീമുകൾ ഉൾപ്പെടുന്ന സൂപ്പർ 12 പോരാട്ടം. ഒക്ടോബർ 24 മുതൽ യു.എ.ഇയിലെ മൂന്ന് ഗ്രൗണ്ടുകളിലാണ് സൂപ്പർ 12. സെമിക്കും ഫൈനലിനും പുറമെ 30 മത്സരങ്ങളുണ്ടാവും. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.