കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ് യൂസ്ഡ് ഫർണിച്ചർ വിപണി
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധിയും പ്രവാസികളുടെ തിരിച്ചുപോക്കും ഉപയോഗിച്ച ഫർണിച്ചറുകളുടെ വിപണിയെ കാര്യമായി ബാധിച്ചു. മലയാളികൾ അടക്കം വലിയൊരു വിഭാഗം ആളുകൾ ഇൗ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. മസ്കത്തിൽ മത്ര കേന്ദ്രീകരിച്ചാണ് ഇത്തരം കടകൾ കൂടുതലായുള്ളത്. രാജ്യത്തിെൻറ മറ്റിടങ്ങളിലും ഇൗ വിഭാഗത്തിലെ സ്ഥാപനങ്ങളുണ്ട്.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നവർ ഉപയോഗിച്ച ഫർണിച്ചറുകളും ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്യാസ് അടുപ്പ് തുടങ്ങിയവയുമെല്ലാം ഇത്തരക്കാർക്ക് വിൽക്കുകയും കടക്കാർ ഇത് വാങ്ങി അറ്റകുറ്റ പണികൾ നടത്തി ആവശ്യക്കാർക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്. ഒമാനിലേക്ക് പുതുതായി ജോലിക്ക് വരുന്നവരും കുടുംബത്തെ കൊണ്ടുവരുന്നവരും കട്ടിലും, മേശയും അടക്കം സാധനങ്ങൾ ഇത്തരക്കാരിൽ നിന്നുമാണ് വാങ്ങിയിരുന്നത്. ഒന്നോ രണ്ടോ മാസത്തേക്ക് കുടുംബത്തെ കൊണ്ടുവരുന്നവർക്ക് വീട്ടുപകരണങ്ങൾ വാടകക്ക് നൽകുന്നവരും ഉണ്ടായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയവരും കുടുംബത്തെ നാട്ടിലയച്ച് ബാച്ച്ലർ മുറികളിലേക്ക് മാറിയവരുമെല്ലാം വീട്ടുസാധനങ്ങൾ വിറ്റഴിച്ചു. എന്നാൽ പുതുതായി ആരും വരാത്തതിനാൽ സാധനങ്ങൾ തിരിച്ചുവിൽക്കാൻ സാധിച്ചിട്ടില്ല.
പ്രതിസന്ധി തുടങ്ങിയിട്ട് മൂന്ന് വർഷമായെങ്കിലും ഇപ്പോഴാണ് രൂക്ഷമായതെന്ന് മത്രയിൽ വർഷങ്ങളായി യൂസ്ഡ് ഫർണിച്ചർ കച്ചവടം നടത്തുന്ന റെനി അഭിപ്രായപ്പെട്ടു. പലരും നാട്ടിലേക്ക് മടങ്ങിയതിന് ഒപ്പം ഒാൺലൈൻ വിപണിയും സജീവമായി. കോവിഡ് കൂടി വന്നതോടെ തീരെ പിടിച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥയായെന്ന് റെനി പറയുന്നു. മൂന്നു മാസം സ്ഥാപനം അടഞ്ഞുകിടന്നു. നല്ലവനായ സ്പോൺസർ ഫീസ് വാങ്ങിയില്ല. എന്നാൽ, കെട്ടിട ഉടമ വാടക വേണമെന്ന നിലപാടിലാണ്. അതിനായി നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ജോലിക്കാരായിരുന്ന രണ്ടുപേരെ നാട്ടിലേക്ക് അയച്ചു. കയറ്റിറക്കിനും ഒപ്പം വാങ്ങുന്ന ഫർണിച്ചറുകളുടെ അറ്റകുറ്റ പണികൾക്കായി ഒരു ആശാരിയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ആർക്കും ജോലിയില്ല, അധികകാലം മുന്നോട്ടു പോകാൻ കഴിയും എന്ന് തോന്നുന്നില്ലെന്ന് റെനി കൂട്ടി ചേർത്തു.
ഒരു വരുമാനവുമില്ലാത്ത അവസ്ഥയാണെന്ന് മത്രയിൽ ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിജയൻ അഭിപ്രായപ്പെട്ടു. മൂന്നു മാസം സ്ഥാപനം അടച്ചിട്ടു. തൊഴിലുടമ ചെറിയൊരു തുക എല്ലാ മാസവും ചെലവിനു തന്നു. സന്നദ്ധ സംഘടനകൾ തന്ന ഭക്ഷ്യ സാധന കിറ്റുകൾ കൊണ്ടാണ് ചെലവ് നടന്നുപോയതെന്ന് വിജയൻ പറഞ്ഞു.
ഒരു സ്ഥാപനത്തിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദാലി കൈയിലുണ്ടായിരുന്ന സമ്പാദ്യവും പരിചയക്കാരിൽ നിന്നും കടവും വാങ്ങിയാണ് കഴിഞ്ഞ വർഷം ഒരു യൂസ്ഡ് ഫർണിച്ചർ കട വാങ്ങിയത്. അത്യാവശ്യം കച്ചവടം ഉണ്ടായിരുന്നു. ജീവിതം പച്ചപിടിക്കാൻ തുടങ്ങിയെന്ന സമയത്താണ് കോവിഡ് എല്ലാം തകിടം മറിച്ചത്. അടഞ്ഞുകിടന്ന സമയത്തെ വാടക നൽകേണ്ടിവന്നില്ല. തുറന്നപ്പോൾ കുറച്ചും തന്നെങ്കിലും അതുകൊണ്ടൊന്നും ഒന്നുമായില്ല. സ്ഥാപനത്തിലേക്ക് ആരും വരുന്നില്ല. ഉണ്ടായിരുന്ന ജോലിക്കാരെ നാട്ടിൽ വിട്ടു. ഇനി ഈ ബിസിനസ് കൊണ്ട് ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് മുഹമ്മദാലി പറഞ്ഞു.
യൂസ്ഡ് ഫർണിച്ചർകൊണ്ട് കടകൾ നിറഞ്ഞിരിക്കുകയാണെന്ന് മത്രയിൽ തന്നെ കച്ചവടം നടത്തുന്ന സുബൈർ പറഞ്ഞു. ഇപ്പോൾ സാധനങ്ങൾ എടുക്കുന്നില്ല. വിറ്റുകഴിഞ്ഞാൽ പണം ബന്ധുക്കളെയോ സുഹൃത്തുക്കളെയും ഏൽപിക്കുകയോ അല്ലെങ്കിൽ നാട്ടിലേക്ക് അയച്ചുതരുകയോ ചെയ്യാമെന്ന ഉറപ്പിലാണ് നേരത്തേ സാധനങ്ങൾ എടുത്തിരുന്നത്. ഇപ്പോൾ കട നിറഞ്ഞതിനാൽ അങ്ങനെയും സാധനം വാങ്ങുന്നത് നിർത്തിെവച്ചിരിക്കുകയാണ്. സമാന പ്രതിസന്ധിയിലാണ് ഇൗ രംഗത്തെ കടകളെല്ലാം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.