രൂപയുടെ മൂല്യം ഇടിഞ്ഞു; റിയാലിന്‍റെ വിനിമയനിരക്ക് 210ലേക്ക്
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തുന്നു.
ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് വ്യാഴാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. എന്നാൽ അന്താരാഷ്ട്ര കറൻസി പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടറിൽ റിയാലിന്‍റെ വിനിമയനിരക്ക് വ്യാഴാഴ്ച രാവിലെ 210.57 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഡോളറിന് 80.74 രൂപയായിരുന്നു വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക്. വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലുള്ളവർ വിലയിരുത്തുന്നത്. യു.എസ് ഫെഡറൽ റിസർവ് ബാങ്ക് അവരുടെ പലിശനിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയമൂല്യം ഇടിയാൻ കാരണമായതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.
പലിശനിരക്ക് 0.75 ശതമാനം കൂടി ഉയർത്തുന്നുവെന്നാണ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചത്.14 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ചെലവ് കടുത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ നീക്കം. കഴിഞ്ഞ മേയ് അഞ്ചുമുതലാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്. മേയ് അഞ്ചിന് റിയാലിന്‍റെ വിനിമയനിരക്ക് 197.20രൂപയായിരുന്നു.
പിന്നീട് വിനിമയ നിരക്ക് ഉയരാൻ തുടങ്ങുകയും 200 രൂപയിലെത്തുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിനിമയനിരക്ക് 200 കടന്ന് മേൽപോട്ട് കുതിക്കുകയാണ്.
അതേസമയം, വിനിമയനിരക്ക് ഉയർന്നതോടെ ഒമാനിലെ പണമിടപാട് സ്ഥാപനങ്ങളിൽ വ്യാഴാഴ്ച സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്.
ഗവൺമെന്‍റ് മേഖലയിൽനിന്നുള്ള ശമ്പളം കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ സ്വകാര്യസ്ഥാപനങ്ങളും ശമ്പളം നൽകുന്നതോടെ കൂടുതൽ പേർ നാട്ടിലേക്ക് കാശ് അയക്കും. എന്നാൽ, വിനിമയനിരക്ക് ഇനിയും ഉയരുമെന്നുള്ള പ്രവചനമുള്ളതിനാൽ പണം സ്വരൂപിച്ചുവെക്കാനും ചിലർ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.