കര്‍ണാടകയിലെ കോൺഗ്രസ് വിജയം പ്രവാസലോകത്തും ആഹ്ലാദാരവം
text_fieldsമസ്കത്ത്/ മത്ര: കര്‍ണാടകയിലെ കോൺഗ്രസിന്റെ വിജയം പ്രവാസലോകത്തും ആഹ്ലാദാരവം പരത്തി. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന അയല്‍സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടക ഫലം ആകാംക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കിയത്. വോട്ടെണ്ണലിന്റെ ആദ്യം തന്നെ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രകടമായപ്പോള്‍ ആഹ്ലാദം നുരഞ്ഞുപൊന്തി. ഇടക്കിടെയുള്ള ചാഞ്ചാട്ടം ആശങ്കയിലാക്കിയെങ്കിലും പ്രതീക്ഷ കൈവിടാതെതന്നെ മൊബൈൽ സ്ക്രീനുകളിലും മറ്റും നോക്കി വിവരങ്ങൾ അറിഞ്ഞു.
വാരാന്ത്യ അവധി ദിനമായിരുന്നതിനാൽ അധികപേരും ടി.വിക്ക് മുന്നിലായിരുന്നു രാവിലെ മുതൽ. ബി.ജെ.പിയുടെ പതനം കർണാടകയിൽനിന്നാരംഭിച്ചുവെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും ഒ.ഐസി.സി നേതൃത്വം പറഞ്ഞു. വിദ്വേഷ, വർഗീയ, അഴിമതി രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കർണാടകയുടെ ഫലമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിജയം പ്രതീക്ഷിച്ചതായിരുന്നുവെന്നും ജനാധിപത്യരാജ്യമായ ഇന്ത്യക്ക് പുതുശ്വാസം നൽകുന്നതാണ് കോൺഗ്രസിന്റെ വിജയമെന്നും യു.ഡി.എഫ് അനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടി. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ ഹൈപ്പർ മാർക്കറ്റാണ് രാഹുൽ ഗാന്ധി കർണാടകത്തിൽ തുറന്നതെന്ന് കെ.എം.സി.സി നേതാക്കൾ പറഞ്ഞു. കോൺഗ്രസിനെ അഭിനന്ദിക്കുന്നുവെന്ന് ഇടതുപക്ഷ അനുകൂല സംഘടനകളും പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് വിജയിക്കാനുള്ള ഭരണകക്ഷിയുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കി കർണാടകയിൽ ഒരു സ്ഥാനാർഥിയെപോലും മത്സരിപ്പിക്കാതെ കോൺഗ്രസിന്റെ വിജയത്തിന് വോട്ട് ചെയ്യണമെന്നുള്ള മുസ്ലിം ലീഗ് നിലപാടിനുള്ള അംഗീകാരം കൂടിയാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മലയാളികൾ ഏറെയുള്ള മത്ര സൂഖിൽ രാവിലെ കടകള്‍ തുറക്കുന്ന സമയം തൊട്ട് ചര്‍ച്ച വിഷയം കര്‍ണാടക ഇലക്ഷൻ തന്നെയായിരുന്നു.
വർഗീയതയും വെറുപ്പും ഉല്പാദിപ്പിച്ച് വിഭജന രാഷ്ട്രീയം കളിച്ചവര്‍ക്കുള്ള കനത്ത പ്രഹരമാണ് കര്‍ണാടക ജനത നല്‍കിയതെന്ന് മത്ര പോര്ബമ്പയിൽ പെര്‍ഫ്യൂം വ്യാപാരി കൊല്ലം സ്വദേശി ജയന് പിള്ള പറഞ്ഞു. ജനഹിതത്തെ അട്ടിമറിച്ചും ജനാധിപത്യത്തെ കശാപ്പ് ചെയ്തും അധികകാലം ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനാകില്ലെന്ന് തെളിയിക്കുന്നതാണ് കര്‍ണാടക ഫലമെന്ന് സൂഖിലെ ചെരുപ്പ് വ്യാപാരി റഫീഖ് ചവറുവത്തൂര് പറഞ്ഞു. കിട്ടിയ അധികാരം നല്ല രീതിയില്‍ ഭരിച്ച് കോണ്‍ഗ്രസ് ജനവിധിയെ ഉൾക്കൊള്ളാന്‍ ശ്രമിക്കണമെന്ന് ഇടതുപക്ഷ അനുകൂലിയായ പച്ചക്കറി വ്യാപാരി കൊട്ടാരക്കര സ്വദേശി അനസ് വലിയന്തൂര് അഭിപ്രായപ്പെട്ടു. മത്ര സൂഖ്, അൽ ഖൂദ് സൂഖ്, റൂവി എന്നിവിടങ്ങളിൽ വൈകീട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഒ.ഐ.സി.സി മത്രയുടെ ആഭിമുഖ്യത്തില്‍ സൂഖില്‍ മധുര പലഹാരങ്ങളും പായസ വിതരണവും നടത്തി.
ജയന് പിള്ള കൊല്ലം, അനില്‍ കുമാര്‍ കണ്ണൂര്‍, ഫസല്‍ പൂവുള്ളതില്‍ മേക്കുന്ന്, ഷുഹൈബ് എടക്കാട്, സലാം പൊന്നാനി, റഫീഖ് കുരിക്കള്‍, ഷാനവാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.