ജബൽ അഖ്ദറിലെ ഗ്രാമങ്ങൾ ഒലിവ് വിളവെടുപ്പിന് ഒരുങ്ങി
text_fieldsമസ്കത്ത്: ജബൽഅഖ്ദറിലെ ഗ്രാമങ്ങൾ ഒലിവ് വിളവെടുപ്പിന് ഒരുങ്ങി. ആഗസ്റ്റ് അവസാനമാണ് വിളവെടുപ്പ് ആരംഭിക്കുക. ഏതാണ്ട് 15000ത്തോളം ഒലിവ് മരങ്ങളാണ് ജബൽ അഖ്ദറിലെ ഗ്രാമങ്ങളിലായി ഉള്ളത്.ഒലിവ് ഇനങ്ങളുടെ വൈവിധ്യം അനുസരിച്ച് വിളവെടുപ്പ് ഡിസംബർ അവസാനം വരെ നീളുമെന്ന് ജബൽ അഖ്ദറിലെ അഗ്രികൾചറൽ ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ എൻജിനീയർ സാലിം ബിൻ റാഷിദ് അൽ തൗബി പറഞ്ഞു. ഒലിവ് കൃഷിയിൽ കർഷകർ കൂടുതൽ താൽപര്യമെടുക്കുന്നുണ്ട്. മറ്റു പഴവർഗങ്ങളെ പോലെ ഇവിടത്തെ ഗ്രാമങ്ങളിലെ കർഷകരുടെ പ്രധാന വരുമാനമാർഗമാണ് ഒലീവ് എന്നും സാലിം അൽ തൗബി പറഞ്ഞു.
ഒലിവ് എണ്ണയുടെ ഉൽപാദനമാണ് ഇവിടെ പ്രധാനമായി നടക്കുന്നത്.ഇതിനായി ജബൽ അഖ്ദറിലെ സെയ്ഹ് അൽ ഖതനയിൽ കാർഷിക, ഫിഷറീസ്, വാട്ടർ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിൽ ഒലീവ് മിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്കി, ഇബ്രി, ബഹ്ല, നിസ്വ വിലായത്തുകളിലുള്ള ഒലിവ് മരങ്ങളിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് സംസ്കരണ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. ഒമാനിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒലിവ് മരങ്ങൾ ഇൗ വിലായത്തുകളിലെല്ലാം നല്ല രീതിയിൽ വളരുന്നുണ്ടെന്ന് സാലിം അൽ തൗബി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. രണ്ടു സീസണുകൾക്ക് മുമ്പാണ് ഒലീവ് മിൽ ആരംഭിച്ചത്. ജബൽ അഖ്ദറിലെ ഗ്രാമങ്ങളിലെ തോട്ടങ്ങളിലും വീടുകളിലുമെല്ലാം വളരുന്ന ഒലിവ് പഴങ്ങൾ ആഗസ്റ്റ് 28ഒാടെയാണ് ഇവിടെയെത്തുക. വീടുകളോട് ചേർന്ന് ഒലിവ് മരങ്ങൾ വളർത്തുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കാർഷിക മന്ത്രാലയം ആവിഷ്കരിച്ചുവരുന്നത്.
കഴിഞ്ഞവർഷങ്ങളിലായി വർധിച്ചുവരുന്ന ഉൽപാദനം ഇൗ ലക്ഷ്യം കൈവരിച്ചുവെന്നതിന് തെളിവാണ്. കഴിഞ്ഞവർഷം 60 ടൺ ഒലിവ് പഴങ്ങളാണ് വിളവെടുത്തത്. 8028 ലിറ്റർ ഒലിവ് എണ്ണയാണ് ഇതിൽ നിന്ന് വേർതിരിച്ചെടുത്തതെന്ന് സാലിം അൽ തൗബി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലായാണ് താഴ്ന്ന പ്രദേശങ്ങളായ ഇസ്കി, ഇബ്രി, ബഹ്ല,നിസ്വ എന്നിവിടങ്ങളിൽ ഒലിവ് മരങ്ങൾ നടുന്ന പദ്ധതി ആവിഷ്കരിച്ചത്. ഇതും വിജയകരമായ രീതിയിൽ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.