വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് പ്രവാസലോകവും
text_fieldsമസ്കത്ത്: കോവിഡിെൻറ രണ്ടാം തരംഗം ലോകം മുഴുവൻ ആഞ്ഞു വീശുമ്പോൾ എല്ലാവരും ആശങ്കയിലാണ്. എന്നാൽ, എല്ലാ പ്രതിസന്ധികളിലും നാടിന് കൈത്താങ്ങായി നിൽക്കുന്ന പ്രവാസികൾ ഇത്തവണയും പതിവുതെറ്റിച്ചില്ല. മുഖ്യന്ത്രിയുടെ വാക്സിൻ ചലഞ്ചിന് ഒമാനിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ വ്യക്തികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ആരോഗ്യപ്രവർത്തകനായ സംഗീത് സുകുമാരനാണ് 50 പേർക്കുള്ള വാക്സിൻ തുക നൽകി ചലഞ്ചിന് ഒമാനിൽ തുടക്കംകുറിച്ചത്.
പ്രതിസന്ധിഘട്ടത്തിൽ ഒന്നിച്ചുനിന്നാൽ എല്ലാറ്റിനെയും മറികടക്കാൻ ആകുമെന്നാണ് സംഗീത് പറയുന്നത്. നാട്ടിൽ ആരോഗ്യവകുപ്പിൽ ജോലിചെയുന്ന ഭാര്യ ആര്യ കൃഷ്ണയും ചലഞ്ചിൽ ഭാഗമായി. പ്രവാസികുടുംബങ്ങളെ എന്നും ചേർത്തുപിടിച്ച കേരളസർക്കാറിനൊപ്പം നിൽക്കുക എന്നത് നമ്മുടെ കടമയാണെന്ന് 50 പേർക്കുള്ള വാക്സിൻ തുക മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അയച്ച റൂവി ഫവാൻ റെസ്റ്റാറൻറിലെ കെ.ടി. സിറാജ് പറഞ്ഞു.
സംസ്ഥാന സർക്കാറിനെ സഹായിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന അഭ്യർഥനയുമായി സാംസ്കാരിക സംഘടനയായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) രംഗത്തുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലായി ആയിരത്തോളം യൂനിറ്റുകളുള്ള െഎ.സി.എഫ് പതിനായിരം ആളുകളുടെ വാക്സിൻ ചെലവെങ്കിലും വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് സംഘടനയുടെ മിഡിലീസ്റ്റ് സെക്രട്ടറി നിസാർ സഖാഫി പറഞ്ഞു. കുത്തക മുതലാളിമാരുടെ അവകാശങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധം എന്നനിലയിലാണ് വാക്സിൻ ചലഞ്ചിൽ പങ്കുചേരുന്നതെന്ന് ബ്രിഷ്നെവ് എന്നയാൾ പറഞ്ഞു. കോവിഡ് വാക്സിനെ കച്ചവടവത്കരിച്ച് സാധാരണക്കാരെൻറ ശവക്കൂന തോണ്ടുന്ന കേന്ദ്രസർക്കാർ നിലപാടിന് എതിരായാണ് തെൻറ ചലഞ്ചെന്ന് സിയാദ് ഉണ്ണിച്ചിറ പറയുന്നു. ഒട്ടനവധി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും ജനങ്ങളെ ചേർത്തുപിടിക്കാൻ നമ്മുടെ മുഖ്യമന്ത്രിയും സർക്കാറും കാണിക്കുന്ന മാതൃകാപരമായ ഇടപെടലുകളോട് ഐക്യപ്പെടേണ്ടതായുണ്ട് എന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് ചലഞ്ചിൽ പങ്കാളിയാകുന്നതെന്ന് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സതീഷ് പറഞ്ഞു. പ്രവാസികൾ ഒരിക്കൽക്കൂടി കേരളത്തിന് വേണ്ടി രംഗത്തിറങ്ങുന്ന കാഴ്ചയാണ് പ്രവാസലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വരും നാളുകളിൽ കൂടുതലാളുകൾ ചലഞ്ചിൽ പങ്കാളികളാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.