തെരഞ്ഞെടുപ്പ് ആവേശത്തിന് തിരികൊളുത്താതെ പ്രവാസലോകം
text_fieldsമസ്കത്ത്: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ പ്രവാസലോകത്ത് കാര്യമായ ആവേശം ദൃശ്യമല്ല. സാധാരണ വാദപ്രതിവാദങ്ങളും പ്രവചനങ്ങളും പന്തയംവെപ്പുമായി സജീവമാകാറുള്ള പ്രവാസി സായാഹ്നങ്ങൾ ഇതുവരെ തെരഞ്ഞെടുപ്പ് ആവേശത്തിൽ എത്തിയിട്ടില്ല. പ്രധാനമായും വൈകുന്നേരങ്ങളിൽ ആളുകൾ കൂടുന്നിടങ്ങളിൽ തെരഞ്ഞെടുപ്പ് ആയിരിക്കും പ്രധാന വിഷയം.
എന്നാൽ, കോവിഡ് സൃഷ്ടിച്ച സാമൂഹിക- സാമ്പത്തിക മാറ്റങ്ങൾ ആളുകളെ ഇത്തരം ആവേശങ്ങളിൽനിന്ന് അകറ്റിനിർത്തിയിരിക്കുകയാണ്. ഈ ആവേശമില്ലായ്മ ആകുലപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകളെയാണ്. സത്യത്തിൽ പ്രവാസികളുടെ അതിരുവിട്ടുള്ള ആവേശം നാട്ടിൽ പോളിങ് വർധിപ്പിക്കുന്നതിൽ പ്രധാന ഘടകമാണ്. നാട്ടിലുള്ള വീട്ടുകാരെയും, ബന്ധുക്കളെയും സുഹൃത്തുക്കളെയും വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാനുള്ള ആവേശമാണ് പ്രധാനപ്പെട്ടത്. ചിലരെങ്കിലും കൈയിൽ കാശില്ലെങ്കിൽ കടം വാങ്ങിയോ പലിശക്ക് എടുത്തോ ടിക്കറ്റും എടുത്ത് നാട്ടിൽ പോയി വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും. ചില സംഘടനകൾ വോട്ടെടുപ്പിന് ചാർട്ടേഡ് വിമാനങ്ങളും പാർട്ടി അനുഭാവികൾക്ക് ടിക്കറ്റും നൽകാറുണ്ട്. എന്നാൽ ഇക്കുറി ഇതെല്ലാം ഒാർമയാകാനാണിട. ഇത്തവണ ടിക്കറ്റ് നൽകിയാൽ പോലും വോട്ട് ചെയ്യാൻ ആരും തയാറല്ല. കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഒമാനിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം.
വോട്ട് ചെയ്യാൻ പോയാൽ തിരികെ വരാനാകുമോയെന്ന ആശങ്കയാണ് പ്രധാന കാരണം. ടിക്കറ്റ് സംഘടനകൾ നൽകിയാലും പി.സി.ആർ, ക്വാറൻറീൻ ചെലവുകൾ സ്വയം കണ്ടെത്തേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ലെന്ന് പാർട്ടിയോട് അനുഭാവം ഉള്ളവർ പോലും പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യാൻ വേണ്ടി മാത്രം പണം കടംവാങ്ങി നാട്ടിൽ പോയി, അന്ന് പണം കടമായി തരാൻ ആളുണ്ടായിരുന്നു, ഇന്ന് നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുകയാണെന്ന് യു.ഡി.എഫ് അനുഭാവിയും നിലമ്പൂർ സ്വദേശിയുമായ അൻസാർ പറയുന്നു.
ഇനിയുള്ള കാലം എങ്ങനെ മുന്നോട്ടുപോകും എന്നാണ് ചിന്തിക്കുന്നത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാൻ ആർക്കു നേരമെന്നാണ് തൃശൂർ സ്വദേശിയായ രതീഷ് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കനുസരിച്ച് തൊണ്ണൂറായിരം പ്രവാസി വോട്ടർമാരാണ് ആകെയുള്ളത്. അതിൽ അഞ്ചു ശതമാനം പോലും ഇക്കുറി വോട്ട് രേഖപ്പെടുത്താനിടയില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
കരുതലോടെ പ്രവാസി സംഘടനകൾ
സമൂഹമാധ്യമ പ്രചാരണം ശക്തമാക്കും –സിദ്ദീഖ് ഹസൻ
നിലവിലെ സാഹചര്യത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാകില്ലെന്നതിനാൽ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചതായി ഒ.ഐ.സി.സി അധ്യക്ഷൻ സിദ്ദീഖ് ഹസൻ പറഞ്ഞു. ഇതിനായി പ്രത്യേകം കമ്മിറ്റികൾ രൂപവത്കരിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സൂം മീറ്റിങ് വഴി ഒ.ഐ.സി.സി സമ്പൂർണ എക്സിക്യൂട്ടിവ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചേർന്ന് പ്രചാരണം വിലയിരുത്തും. കെ.പി.സി.സിയുടെ സമൂഹമാധ്യമ വിഭാഗത്തിെൻറ ഒമാനിലെ ചുമതലയുള്ള നിതീഷ് മാണി സമൂഹമാധ്യമ പ്രചാരണം ഏകോപിപ്പിക്കും.
അതോടൊപ്പം, ഇപ്പോൾ നാട്ടിലുള്ള ഒ.ഐ.സി.സി ഭാരവാഹികൾ അടക്കം ഉള്ളവരോട് തെരഞ്ഞെടുപ്പ് കഴിയും വരെ നാട്ടിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉത്തരവാദിത്തമുള്ള ചുമതലകൾ നൽകണമെന്ന് അതത് ഡി.സി.സികളോട് അഭ്യർഥിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയം പൂർത്തിയായാൽ, സ്ഥാനാർഥികൾക്ക് അതത് മണ്ഡലങ്ങളിലെ ഒ.ഐ.സി.സി ഭാരവാഹികൾ, വോട്ടർമാർ എന്നിവരുമായി ഓൺലൈനിൽ സംവദിക്കാൻ അവസരം ഉണ്ടാക്കും. വോട്ടെടുപ്പിന് ഇനിയും ഒരുമാസം ഉണ്ട് , അതിനുള്ളിൽ രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവുവരുന്ന പക്ഷം പ്രധാന നേതാക്കളെ കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നുണ്ട്. ചാർട്ടേഡ് വിമാന സർവിസുകളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. എന്നാൽ പരമാവധി പ്രവാസികളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കും. തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി മാർച്ച് പകുതിക്കു ശേഷം നാട്ടിലേക്ക് പുറപ്പെടുമെന്നും സിദ്ദീഖ് ഹസൻ അറിയിച്ചു.
ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടും –പി.എം. ജാബിർ
പ്രവാസികൾക്കും കേരള ജനതക്കുമായി ഇത്രയധികം ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ശക്തമാക്കാനാണ് പദ്ധതി. ഇപ്പോൾ നാട്ടിലുള്ള അനുഭാവികളോട് നാട്ടിൽ തന്നെ തുടരാനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഊർജസ്വലമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാന നേതാക്കൾ ഗൾഫിലേക്ക് വരുമെന്ന് തോന്നുന്നില്ല. എന്നാൽ പരമാവധി ആളുകളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കും.
കേന്ദ്ര സർക്കാറിെൻറ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടും
കേന്ദ്ര സർക്കാറിെൻറ വികസന നേട്ടങ്ങളും, അതോടൊപ്പം കേരള സർക്കാറിെൻറ ജനദ്രോഹ നടപടികളും ചൂണ്ടിക്കാണിച്ച് സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം ശക്തമാക്കുമെന്ന് എൻ.ഡി.എ അനുഭാവികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.