തിയറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകം ‘സഫലമീ യാത്ര’ ഡിസംബർ 15ന്
text_fieldsമസ്കത്ത്: മസ്കത്തിലെ നാടകാസ്വാദകരുടെ കൂട്ടായ്മ ‘തിയറ്റർ ഗ്രൂപ് മസ്കത്തി’ന്റെ ഏഴാമത് നാടകം ‘സഫലമീ യാത്ര’ഡിസംബർ 15ന് വൈകീട്ട് 6.30ന് റൂവി അൽ ഫലജ് ഹോട്ടലിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. നാടക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ലോക നാടക ദിനമായ തിങ്കളാഴ്ചയാണ് നടന്നത്. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് തിയറ്റർ ഗ്രൂപ് മസ്കത്തിന്റെ നാടകം വേദിയിലെത്തുന്നത്. ജയൻ തിരുമനയുടെ രചനക്ക് അൻസാർ ഇബ്രാഹിമാണ് രംഗഭാഷ ഒരുക്കുന്നത്. ആർട്ടിസ്റ്റ് പി. സുജാതനാണ് രംഗപടം.
വർത്തമാന ഇന്ത്യ നേരിടുന്ന സാമൂഹിക യാഥാർഥ്യങ്ങൾക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ് പുതിയ നാടകമെന്നും പുതിയ ഇന്ത്യ എന്താണ് ആവശ്യപ്പെടുന്നത് എന്നത് ആസ്വാദകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും സംവിധായകൻ അൻസാർ ഇബ്രാഹിം പറഞ്ഞു. ഒമാനിൽ തന്നെയുള്ള 20ലധികം കലാകാരന്മാർ അരങ്ങിലെത്തും. പരിശീലന ക്യാമ്പ് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015ൽ കെ.പി.എ.സിയുടെ ‘അശ്വമേധം’എന്ന നാടകം സ്റ്റേജിൽ അവതരിപ്പിച്ച് ഒമാനിലെ നാടകാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച തിയറ്റർ ഗ്രൂപ്, മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അസ്തമിക്കാത്ത സൂര്യൻ, കടലാസ് തോണി എന്നീ നാടകങ്ങളുമായി വിവിധ വർഷങ്ങളിൽ അരങ്ങിലെത്തി. കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നു വർഷം വാർഷിക നാടകങ്ങൾ അരങ്ങേറിയിരുന്നില്ല. എന്നാൽ, 2022ൽ മസ്കത്തിൽ നടന്ന നാടക മഹോത്സവത്തിൽ ‘മണ്ണടയാളം’എന്ന മത്സര നാടകം അവതരിപ്പിച്ച് അംഗീകാരം നേടി. അഡ്വ. ഗിരീഷ്, തിയറ്റർ ഗ്രൂപ് മാനേജർ മനോഹരൻ ഗുരുവായൂർ, സുധ രഘുനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
നാടകം വർത്തമാന ഇന്ത്യയിലൂടെയുള്ള യാത്ര -ജയൻ തിരുമന
മസ്കത്ത്: വർത്തമാന ഇന്ത്യ ആവശ്യപ്പെടുന്ന സെക്കുലറിസം എന്ന ആശയമാണ് നാടകത്തിലൂടെ പറയുന്നതെന്ന് നാടക രചയിതാവ് ജയൻ തിരുമന പറഞ്ഞു. നാടക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്മറഞ്ഞ മഹാരഥന്മാർ സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കുകയും മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
വർത്തമാന ഇന്ത്യയിലൂടെയുള്ള യാത്രയാണ് നാടകം. മലബാറിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന നാടകം ഉത്തരേന്ത്യയിലാണ് അവസാനിക്കുന്നത്. വർത്തമാന ഇന്ത്യയിലെ എല്ലാ മുഖങ്ങളും ഇതിനിടയിൽ ദർശിക്കാം. തികച്ചും വേറിട്ട ദൃശ്യാനുഭവം ആയിരിക്കും പുതിയ നാടകമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.