മുസന്ദം ഗവർണറേറ്റിൽ നിരവധി വികസന പദ്ധതികൾ വരുന്നു
text_fieldsമസ്കത്ത്: അറേബ്യയുടെ നോർവേ എന്നറിയപ്പെടുന്ന മുസന്ദം ഗവർണറേറ്റിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കാൻ ഒമാൻ ഒരുങ്ങുന്നു. 35 ലക്ഷം റിയാലാണ് ഈ വർഷം ഗവർണറേറ്റിലെ
വികസന പദ്ധതികൾക്കായി ചെലവഴിക്കുക. വിദേശ നിക്ഷേപം ആകർഷിക്കുകയും മേഖലയുടെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾക്ക് ഉണർവ് പകരുകയുമാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി ടൂറിസം, വ്യവസായ മേഖലകളിൽ നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു.
ഖസബിൽ ഒമാനിലെ ഏറ്റവും വലിയ സിപ്ലൈൻ നിർമിക്കുന്നതാണ് പ്രധാന പദ്ധതികളിലൊന്ന്. ഇതിെൻറ ടെൻഡർ വൈകാതെ ക്ഷണിക്കുമെന്ന് ഒംറാൻ സി.ഇ.ഒ മുഹമ്മദ് അൽ ബുസൈദി പറഞ്ഞു. സാഹസിക കേന്ദ്രത്തിെൻറ ആദ്യ ഘട്ടമായാണ് സിപ്ലൈൻ നിർമിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 250 മീറ്റർ ഉയരത്തിലുള്ള മലമുകളിൽ നിന്ന് തുടങ്ങി അറ്റാനാ ഖസബ് ഹോട്ടലിൽ അവസാനിക്കുന്ന രീതിയിലാകും നിർമാണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് അൽ ബുസൈദി പറഞ്ഞു.
ഖസബ് തുറമുഖത്തിെൻറ നവീകരണവും ആലോചനയിലുണ്ട്. ഷിപ്പിങ്, ലോജിസ്റ്റിക്സ്, ക്രൂയിസ് ടൂറിസം എന്നിവയുടെ കേന്ദ്രമാക്കി ഇവിടം മാറ്റാനാണ് പദ്ധതി. ക്വാറി പ്രവർത്തനങ്ങൾ നടക്കുന്ന മഹാസ് എന്ന മേഖല ടൂറിസം, ഇക്കണോമിക് സോൺ മേഖലയാക്കി വികസിപ്പിച്ചെടുക്കും. ഖസബ് വ്യവസായ നഗരവുമായി ബന്ധിപ്പിച്ചായിരിക്കും ഈ സ്ഥലത്തിെൻറ വികസനം. കേബ്ൾകാർ പദ്ധതിയും ആലോചനയിലുണ്ട്. ദിബ്ബയിൽ തുറമുഖം നിർമിക്കാനും പദ്ധതിയുണ്ട്. ബുക്ക വിലായത്തിൽ ക്യാമ്പിങ് സൈറ്റുകളടക്കം നിരവധി ടൂറിസം പദ്ധതികളും നിർമിച്ചുവരുന്നുണ്ട്.
വരുന്ന വർഷങ്ങളിൽ ഗവർണറേറ്റിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ എത്തുമെന്ന് ഖസബ് വാലി ഡോ.സഈദ് ബിൻ ഹുമൈദ് അൽ ഹാർത്തി പറഞ്ഞു. അസാസ് കമ്പനിയുടെ പാർക്ക്, ബസ്സായിലെ ഒരു ഹോട്ടൽ എന്നിവയും നിക്ഷേപങ്ങളിലൊന്നാണ്. നിക്ഷേപകർക്ക് ഗവർണറേറ്റിൽ താൽപര്യം കൂടുതലാണ്. നിശ്ചിത കാലത്തേക്ക് ഫീസുകളും നികുതികളും ഒഴിവാക്കിയിട്ടുള്ളതിനാൽ ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾക്കാണ് താൽപര്യക്കാർ കൂടുതലെന്നും വാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.